ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി; കാട്ടുപന്നികളെ വെടിവെച്ചുകൊന്ന് നെടുമങ്ങാട് നഗരസഭ
തിരുവനന്തപുരം: നാട്ടില്‍ ഭീതി പടര്‍ത്തിയ കാട്ടുപന്നികളെ വെടിവെച്ചുകൊന്ന് നെടുമങ്ങാട് നഗരസഭ. കഴിഞ്ഞ ദിവസം രാത്രിയാണ് നഗരസഭ നിയോഗിച്ച ഷൂട്ടര്‍ നാല് കാട്ടുപന്നികളെ വെടിവെച്ചുകൊന്നത്. വാണ്ട വാര്‍ഡില്‍ രണ്ടെണ്ണവും, കല്ലുവരമ്പ്, കുശര്‍കോട് വാര്‍ഡുകളില്‍ നിന്നായി ഓരോ പന്നികളെയുമാണ് വെടിവെച്ച് കൊന്നത്.
ജനവാസമേഖലയില്‍ കൃഷി നശിപ്പിക്കുകയും, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ പന്നികളെയാണ് നഗരസഭ മുന്നിട്ടിറങ്ങി കൊല്ലാന്‍ തീരുമാനിച്ചത്. ഇതിനായി അരുണെന്ന ഷൂട്ടറെ നിയോഗിക്കുകയും ചെയ്തു. കൊല്ലപ്പെട്ട പന്നികളെ മറവ് ചെയ്തു.
അക്രമകാരികളായ മൃഗങ്ങളെ വെടിവെച്ചു കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കുന്ന വന്യജീവി ഭേദഗതി ബില്‍ കേരള നിയമസഭ കഴിഞ്ഞദിവസം അവതരിപ്പിച്ചിരുന്നു. ചർച്ചകൾക്ക് ശേഷം ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബില്ലും കേരള വന (ഭേദഗതി) ബില്ലും വനം മന്ത്രി എ.കെ ശശീന്ദ്രനാണ് സഭയിൽ അവതരിപ്പിച്ചത്.
1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമമാണ് കേരളം ഭേദഗതി ചെയ്യുന്നത്. സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കും മറ്റു ഭേദഗതി നിർദേശങ്ങൾക്കും ശേഷം ബിൽ വീണ്ടും സഭയുടെ പരിഗണനയ്‌ക്കെത്തും. രണ്ട് ബില്ലുകളാണ് സഭയിൽ അവതരിപ്പിച്ച് ചർച്ചയ്ക്ക് വിധേയമായത്. ഇതിൽ ജനവാസ മേഖലയിലിറങ്ങുന്ന അക്രമകാരികളായ വന്യജീവികളെ വകവരുത്തുന്നതിനുള്ള അനുമതിയാണ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. മലയോര മേഖലയിലെ കർഷകരുൾപ്പെടെയുള്ള ജനങ്ങളുടെ പൊതു ആവശ്യമായിക്കണ്ട് പ്രതിപക്ഷവും ബില്ലിനെ പിന്തുണച്ചു. എന്നാൽ, തെരഞ്ഞെടുപ്പ് കാലം വരെ ബിൽ അവതരിപ്പിക്കാൻ കാത്തിരുന്ന ഇടതു സർക്കാരിന്റെ മനസിലിരുപ്പിനെ പ്രതിപക്ഷം വിമർശിക്കുകയും ചെയ്തു.
Nedumangad Municipality deployed a licensed shooter who shot dead four wild boars. The move comes in response to increasing complaints from residents about crop damage and threats posed by wild boars in the area.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."