കോഴിക്കോട് ഹേമചന്ദ്രന്‍ കൊലപാതകക്കേസ്; പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
കോഴിക്കോട്: പ്രമാദമായ ഹേമചന്ദ്രന്‍ തിരോധാനക്കേസില്‍ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു. വിദേശത്തേക്ക് കടന്ന യുവതി ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെയാണ് മെഡിക്കല്‍ കോളജ് പൊലിസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഒന്നര വര്‍ഷം മുന്‍പാണ് വയനാട് പൂമല ചെട്ടിമൂല സ്വദേശിയായ ഹേമചന്ദ്രന്റെ (54) മൃതദേഹം നീലഗിരിയിലെ വനത്തില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്.
കേസില്‍ ബത്തേരി സ്വദേശികളായ പഴുപ്പത്തൂര്‍ പുല്ലമ്പി വീട്ടില്‍ നൗഷാദ് (33), നന്മേനി പാലക്കുനി ജ്യോതിഷ് കുമാര്‍ (35), വള്ളുവടി കിടങ്ങനാട് അജേഷ് (27), പൂതാടി നന്മേനി മാടക്കര വേങ്ങശ്ശേരി വൈശാഖ് (35), ബത്തേരി സ്വദേശി മെല്‍ബിന്‍ മാത്യൂ (23), കണ്ണൂര്‍ ഉളിക്കല്‍ സ്വദേശി ലീപ എന്നിവരാണ് പ്രതികള്‍. ഇതില്‍ ലീപയൊഴികെ മറ്റ് പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവ ശേഷം വിദേശത്തേക്ക് കടന്ന ലീപയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുകയാണ്.
കേസിന്റെ നാള്‍വഴി
വയനാട് സ്വദേശിയായ ഹേമചന്ദ്രന്‍ കോഴിക്കോടുള്ള മായനാട് നടപ്പാലം പാറപ്പുറത്തുള്ള വാടക വീട്ടിലാണ് താമസിച്ചിരുന്നത്. 2024 മാര്‍ച്ച് 20ന് കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്ത് നിന്ന് ഇയാളെ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയായിരുന്നു. പത്തുദിവസം കഴിഞ്ഞിട്ടും വീട്ടിലെത്താത്ത ഹേമചന്ദ്രനെ തേടി ഭാര്യ മാര്‍ച്ച് 31ന് മെഡിക്കല്‍ കോളജ് പൊലിസില്‍ പരാതി നല്‍കി. ആദ്യ ഘട്ടത്തില്‍ കേസില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്താനായിരുന്നില്ല. ഈ വര്‍ഷം ഏപ്രില്‍ ഏഴിന് കേസ് വീണ്ടും പുനരന്വേഷിക്കുകയും അന്നത്തെ ഇന്‍സ്‌പെക്ടര്‍ പികെ ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് ഏറ്റെടുക്കുകയും ചെയ്തു.
രണ്ടുമാസത്തെ അന്വേഷണത്തിനൊടുവില്‍ ഹേമചന്ദ്രന്‍ കൊല്ലപ്പെട്ടെന്നും, മൃതദേഹം ചേരമ്പാടി വനത്തില്‍ കുഴിച്ചിട്ടതായും പൊലിസ് കണ്ടെത്തി. പികെ ജിജീഷ് സ്ഥലം മാറിയതിനെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ ചുമതലയിലുള്ള ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുക്കുകയും പ്രധാനപ്രതി നൗഷാദ് അടക്കമുള്ളവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പ്രതികള്‍ക്കെതിരെ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപ്പത്രം നല്‍കിയത്. അറസ്റ്റിലായ പ്രതികള്‍ നിലവില്‍ റിമാന്റിലാണ്. വിദേശത്തേക്ക് കടന്ന പ്രതി ലീപക്കായി പൊലിസ് തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
Hemachandran disappearance case, the Medical College Police have filed a chargesheet against six individuals, including a woman who fled abroad.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."