ബാലൺ ഡി ഓർ തിളക്കത്തിൽ ഡെമ്പലെ; ഫുട്ബോളിന്റെ നെറുകയിലെത്തി ഫ്രഞ്ച് താരം
പാരീസ്: ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കി പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർതാരം ഉസ്മാൻ ഡെമ്പലെ. ബാഴ്സലോണയുടെ സ്പാനിഷ് യുവതാരം ലാമിൻ യമാലിനെ മറികടന്നുകൊണ്ടാണ് ഡെമ്പലെയുടെ നേട്ടം. ഡെമ്പലെ കഴിഞ്ഞ സീസണിൽ പിഎസ്ജിക്ക് വേണ്ടി മിന്നും പ്രകടനമാണ് നടത്തിയത്. ഫ്രഞ്ച് ക്ലബ്ബിനായി 60 മത്സരങ്ങളിൽ നിന്നും 37 ഗോളുകളും 15 അസിസ്റ്റുകളുമാണ് ഡെമ്പലെ സ്വന്തമാക്കിയത്.
പാരീസിന്റെ ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീട നേട്ടത്തിൽ നിർണായകമായ പങ്കാണ് ഡെമ്പലെ വഹിച്ചത്. ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തുകൊണ്ട് പിഎസ്ജി ചരിത്രത്തിലെ ആദ്യ യുസിഎൽ കിരീടം സ്വന്തമാക്കിയത്. ഫൈനൽ മത്സരത്തിൽ രണ്ട് അസിസ്റ്റുകൾ നേടിയാണ് ഡെമ്പലെ തിളങ്ങിയത്. ഇതോടെ 2018ന് ശേഷം ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ രണ്ട് അസിസ്റ്റുകൾ സ്വന്തമാക്കുന്ന ആദ്യ താരമായും ഡെമ്പലെ മാറി.
ചാമ്പ്യൻസ് ലീഗിൽ എട്ട് ഗോളുകളും ആറ് അസിസ്റ്റുകളും ആണ് താരം നേടിയത്. ഇതോടെ ചാമ്പ്യൻസ് ലീഗിന്റെ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബ്യൂഷൻസ് സ്വന്തമാക്കുന്ന രണ്ടാമത്തെ ഫ്രഞ്ച് താരമായി മാറാനും ഡെമ്പലെക്ക് സാധിച്ചു. 14 ഗോൾ കോൺട്രിബ്യൂഷൻസ് ആണ് ഈ സീസണിൽ താരം പാരീസിനു വേണ്ടി സ്വന്തമാക്കിയത്.
അതേസമയം വനിത താരത്തിനുള്ള ബാലൺ ഡി ഓർ ബാഴ്സലോണയുടെ ഐറ്റാന ബോൺമാറ്റിയാണ് സ്വന്തമാക്കിയത്. തുടർച്ചയായ മൂന്നാം തവണയാണ് താരം ഈ നേട്ടത്തിൽ എത്തുന്നത്. ബാലൺ ഡി ഓർ നഷ്ടമാണെങ്കിലും ലാമിൻ യമാൽ മികച്ച യുവതാരത്തിനുള്ള കോപ ട്രോഫി തന്റെ പേരിലാക്കി മാറ്റി. മികച്ച ഗോൾ കീപ്പറായി ഡൊണരൂമയും മികച്ച ഗോൾ സ്കോററായി ഗ്യോകരസ് പജോറും തെരഞ്ഞെടുക്കപ്പെട്ടു. ഈ വർഷത്തെ ഏറ്റവും മികച്ച പുരുഷ ടീമായി പിഎസ്ജിയും വനിതാ ടീമായി ആഴ്സണലും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പരിശീലകനായി പിഎസ്ജിയുടെ ലൂയിസ് എൻറിക്വയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
എൻറിക്വയുടെ കീഴിൽ കഴിഞ്ഞ സീസണിൽ ട്രബിൾ കിരീടമാണ് പിഎസ്ജി സ്വന്തമാക്കിയത്. യുവേഫ ചാമ്പ്യൻസ് ലീഗിന് പുറമേ ലീഗ് വൺ കിരീടം, ഫ്രഞ്ച് സൂപ്പർ കപ്പ് എന്നീ കിരീടങ്ങളും എൻറിക്വയുടെ കീഴിൽ പാരീസ് സ്വന്തമാക്കി. ഇതോടെ രണ്ട് വ്യത്യസ്ത ക്ലബ്ബുകൾക്കൊപ്പം ട്രബിൾ കിരീടം നേടുന്ന രണ്ടാമത്തെ പരിശീലകനായി മാറാനും എൻറിക്വക്ക് സാധിച്ചു.
2014-15 സീസണിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണക്കൊപ്പമാണ് ഇതിനുമുമ്പ് എൻറിക്വ ട്രബിൾ കിരീടം സ്വന്തമാക്കിയത്. ഈ നേട്ടത്തിൽ എത്തിയ ആദ്യ പരിശീലകൻ പെപ് ഗ്വാർഡിയോളയാണ്. ബാഴ്സലോണ, മാഞ്ചസ്റ്റർ സിറ്റി എന്നീ ടീമുകൾക്കൊപ്പം ആയിരുന്നു ഗ്വാർഡിയോള ട്രെബിൾ കിരീട നേട്ടം കൈവരിച്ചത്. കറ്റാലൻമാർക്കൊപ്പം 2008-09 സീസണിലും മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം 2022-23 സീസണിലും ആയിരുന്നു ഗ്വാർഡിയോള ട്രബിൾ കിരീടം സ്വന്തമാക്കിയത്.
PSG's French superstar Ousmane Dembele has won this year's Ballon d'Or award. Dembele's achievement came after he beat Barcelona's Spanish youngster Lamine Yamal. Dembele performed brilliantly for PSG last season.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."