അപകടാവസ്ഥയിലുള്ള 1157 സ്‌കൂൾ കെട്ടിടങ്ങൾ അടിയന്തരമായി പൊളിക്കണം; പൊതുവിദ്യാഭ്യാസ വകുപ്പ്
കൊല്ലം: സംസ്ഥാനത്ത് അപകടാവസ്ഥയിലുള്ള 1157 സ്‌കൂൾ കെട്ടിടങ്ങൾ അടിയന്തരമായി പൊളിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. സർക്കാർ ഉടമസ്ഥതയിലുള്ള 887 സ്‌കൂൾ കെട്ടിടങ്ങളാണ് പൊളിക്കേണ്ടത്. എയ്ഡഡ് മേഖലയിലെ 254, അൺ എയ്ഡഡ് മേഖലയിലെ 16 സ്‌കൂൾ കെട്ടിടങ്ങളും പൊളിക്കണം.
പൊളിച്ചുമാറ്റേണ്ടവയിൽ ഭൂരിഭാഗവും 100 കൊല്ലത്തിലധികം പഴക്കമുള്ളവയാണ്. നിലവിൽ ഈ കെട്ടിടങ്ങളിൽ ക്ലാസുകൾ നടക്കുന്നില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് വിശദീകരണമെങ്കിലും പലതും ഏതുനിമിഷവും ഇടിഞ്ഞുവീഴാറായ അവസ്ഥയിലാണ്. പല സ്‌കൂളുകളിലും അപകട മുന്നറിയിപ്പ് പോലും ഈ കെട്ടിടങ്ങളുടെ പരിസരത്തില്ല. കഴിഞ്ഞ കാലവർഷത്ത് പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങളിൽ പലതും അടർന്നുവീണിട്ടുണ്ട്.
കുട്ടികൾ വിശ്രമസമയത്ത് ഈ കെട്ടിടങ്ങൾക്ക് പരിസരത്താണ് കളിക്കുന്നത്. അതിനാൽ ഏതുനിമിഷവും അപകടമുണ്ടാകാം. മാത്രമല്ല, ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും വിഹാരകേന്ദ്രവുമാണ് ഇവിടം.
സർക്കാർ മേഖലയിലെ ഏറ്റവും കൂടുതൽ പൊളിച്ചുനീക്കേണ്ട സ്കൂൾ കെട്ടിടങ്ങളുള്ളത് ആലപ്പുഴ ജില്ലയിലാണ് (108). തിരുവനന്തപുരം- 96, കാസർകോട് 70 എന്നിങ്ങനെയാണ് പൊളിച്ചുനീക്കേണ്ട കെട്ടിടങ്ങളുടെ എണ്ണം. എയ്ഡഡ് മേഖലയിൽ ഏറ്റവും കൂടുതലുള്ളത് കൊല്ലത്താണ്. 46 സ്‌കൂളുകളിലെ കെട്ടിടങ്ങളാണ് പൊളിക്കേണ്ടത്. അൺഎയ്ഡഡ് മേഖലയിലും കൊല്ലത്ത് തന്നെയാണ് കൂടുതൽ. 11 സ്‌കൂളുകളിലെ കെട്ടിടങ്ങൾ പൊളിക്കണം. കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ മിഥുന്റെ മരണത്തെ തുടർന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പ് അപകടകരമായ കെട്ടിടങ്ങളുടെ കണക്കെടുത്തത്. തദ്ദേശവകുപ്പ് നൽകിയ പട്ടിക തള്ളിക്കൊണ്ടാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകളുടെ പട്ടിക തയാറാക്കിയത്.
നൂലാമാലകളേറെ
ആദ്യം സ്‌കൂൾ സ്ഥിതിചെയ്യുന്ന തദ്ദേശസ്ഥാപനങ്ങളിൽ അപേക്ഷ നൽകണം. തുടർന്ന് തദ്ദേശസ്ഥാപനങ്ങളിലെ എൻജിനീയർമാർ സ്ഥലം സന്ദർശിച്ച് കെട്ടിടം പൊളിക്കേണ്ടതുണ്ടോയെന്നും കാലപ്പഴക്കവും ഉൾപ്പെടുത്തി റിപ്പോർട്ട് തയാറാക്കണം. പൊളിക്കേണ്ടതാണെങ്കിൽ മൂല്യം കണക്കാക്കണം. ഈ റിപ്പോർട്ട് തദ്ദേശസ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിക്ക് സമർപ്പിക്കും. അതുകഴിഞ്ഞ് സ്റ്റാൻഡിങ് കമ്മിറ്റി കൗൺസിലിലേക്ക് ശുപാർശ ചെയ്യും. ഇതോടെ കെട്ടിടം പൊളിക്കാൻ ഭരണാനുമതിയായി. ഇനി അടുത്ത കടമ്പ ടെക്‌നിക്കൽ അനുമതിയാണ്. അത് ലഭിച്ചാൽ ടെൻഡർ നടപടികളിലേക്ക് കടക്കണം. ഉന്നത ഉദ്യാഗസ്ഥരുടെ അനുമതിയോടെ ക്വട്ടേഷൻ ക്ഷണിക്കും. ക്വട്ടേഷൻ ആരും എടുത്തില്ലെങ്കിൽ വീണ്ടും ക്വട്ടേഷൻ വിളിക്കും. എസ്റ്റിമേറ്റിനേക്കാൾ കൂടിയ തുകയാണ് ടെൻഡർ എങ്കിൽ റീടെൻഡർ ചെയ്യും. കരാറുകാരൻ ടെൻഡർ പിടിച്ചാൽ കെട്ടിടം പൊളിക്കാം. ഈ നടപടിക്രമങ്ങൾ പാലിക്കാതെ കെട്ടിടം പൊളിച്ചാൽ അനുമതി നൽകിയ ഉദ്യോഗസ്ഥൻ ഓഡിറ്റിങ് സമയത്ത് ഉത്തരം പറയേണ്ടിവരും. അതിനാൽ വർഷങ്ങളെടുക്കും നടപടിക്രമങ്ങൾ പൂർത്തിയാകാൻ.
പൊളിക്കേണ്ട സ്‌കൂൾ കെട്ടിടങ്ങൾ ജില്ലതിരിച്ച്
(സർക്കാർ, എയ്ഡഡ് എന്ന ക്രമത്തിൽ )
തിരുവനന്തപുരം-96,24
കൊല്ലം-86,46 (അൺ എയ്ഡഡ്-11)
പത്തനംതിട്ട-62,27
കോട്ടയം-43,20
ഇടുക്കി-65,8
ആലപ്പുഴ-108,26
എറണാകുളം-95,11
തൃശൂർ-69,32 (അൺഎയ്ഡഡ്-1)
പാലക്കാട്-30,4
മലപ്പുറം-60,18
കോഴിക്കോട്-32,14 (അൺഎയ്ഡഡ്-1)
വയനാട്-24,0
കണ്ണൂർ-47,20
കാസർകോട്-70,4 (അൺ എയ്ഡഡ്-3)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."