ഇന്ദിരാഗാന്ധി തന്റെ സഹോദരിയെന്ന് യാസിർ അറഫാത്ത്; സ്വതന്ത്ര ഫലസ്തീനെ ആദ്യം അംഗീകരിച്ച രാജ്യങ്ങളിൽ ഇന്ത്യയും
ന്യൂഡല്‍ഹി: സ്വതന്ത്ര ഫലസ്തീനെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും മുമ്പ് തന്നെ ആദ്യം അംഗീകരിച്ചവരുടെ കൂട്ടത്തില്‍ ഇന്ത്യയും. ബ്രിട്ടണ്‍, ഓസ്‌ട്രേലിയ, കാനഡ, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളാണ് ഈയടുത്തായി ഫലസ്തീന്‍ രാഷ്ട്രത്തെ പിന്തുണച്ചത്. അറബ് മണ്ണില്‍ യഹൂദര്‍ക്കായി പ്രത്യേക രാജ്യം എന്ന ആശയത്തിന് വിത്തുപാകുന്നതിലും ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിലും പങ്ക് വഹിച്ച ബ്രിട്ടണ്‍കൂടി ഇപ്പോള്‍ പഴയതെറ്റ് തിരുത്തിയത്, സ്വതന്ത്ര ഫലസ്തീന്‍ എന്ന ആശയത്തിന് കരുത്ത് പകര്‍ന്നിട്ടുണ്ട്. പതിറ്റാണ്ടുകളായി പാശ്ചാത്യ രാജ്യങ്ങള്‍ തുടരുന്ന വിദേശനയത്തിലെ ചരിത്രപരമായ തിരുത്തിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഫലസ്തീനികളെ സംബന്ധിച്ച് പതിറ്റാണ്ടുകളായി തുടരുന്ന രാഷ്ട്രപദവിക്കായുള്ള പരിശ്രമത്തിലെ നിര്‍ണ്ണായക നിമിഷമാണിത്. എന്നാല്‍, പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും മുമ്പ് തന്നെ സ്വതന്ത്ര ഫലസ്തീനെ അംഗീകരിക്കുകയും ഫലസ്തീന് പിന്തുണനല്‍കുകയും ചെയ്ത രാജ്യമാണ് ഇന്ത്യയെന്നതും പുതിയ സാഹചര്യത്തില്‍ ചര്‍ച്ചയായി.
ലോകത്തെ ശക്തരായ രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7ല്‍പ്പെട്ട ഫ്രാന്‍സ് ജൂലൈയില്‍ ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബ്രിട്ടണുള്‍പ്പെടെയുള്ള വന്‍ശക്തി രാജ്യങ്ങളും ഇതേ വഴി സ്വീകരിച്ചത്. 193 യു.എന്‍ അംഗരാജ്യങ്ങളില്‍ 151 ഉം (78 ശതമാനം) ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചു കഴിഞ്ഞു. ജര്‍മ്മനി, ഇറ്റലി തുടങ്ങിയ ചില പാശ്ചാത്യശക്തികളും ലാറ്റിനമേരിക്കയിലെ ചില യു.എസ് അനുകൂല രാജ്യങ്ങളും ചില ദ്വീപ് രാഷ്ട്രങ്ങളുമാണ് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാത്തത്. ഏഷ്യയില്‍നിന്ന് ജപ്പാനും മ്യാന്‍മറും തെക്കന്‍ കൊറിയയും അംഗീകരിച്ചിട്ടില്ല.
ഇന്ത്യ ചരിത്രപരമായി ഫലസ്തീനെ പിന്തുണച്ചിട്ടുണ്ട്. 1947ല്‍ ഫലസ്തീന്‍ വിഭജനത്തിനെതിരെ വോട്ട് ചെയ്യുകയും 1974ല്‍ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ (പി.എല്‍.ഒ) അംഗീകരിക്കുകയും ചെയ്തു. 1950ല്‍ ഇന്ത്യ ഇസ്‌റാഈലിനെ അംഗീകരിച്ചെങ്കിലും 1992 വരെ നയതന്ത്ര ബന്ധം സ്ഥാപിച്ചിരുന്നില്ല. 1981 ല്‍ 'ഫലസ്തീന്‍ ജനതയുമായുള്ള അന്താരാഷ്ട്ര ഐക്യദാര്‍ഢ്യം ദിന'മായി നവംബര്‍ 29 യു.എന്‍ പ്രഖ്യാപിക്കുമ്പോള്‍, ഫലസ്തീനെ പിന്തുണച്ച് ഇന്ത്യ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി. മഹാത്മാ ഗാന്ധിയുടെ 150ാം ചരമദിനത്തില്‍ ഗാന്ധിയോടുള്ള ആദരസൂചകമായി ഫലസ്തീന്‍ അതോറിറ്റിയും ഗാന്ധിചിത്രമുള്ള സ്റ്റാമ്പുകള്‍ അടിച്ചിറക്കി.
ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ (പി.എല്‍.ഒ) ഫലസ്തീന്റെ നിയമാനുസൃത പ്രതിനിധി ആയി അംഗീകരിച്ച ആദ്യ അറബ് ഇതര രാജ്യം എന്ന പ്രത്യേകതയും ഇന്ത്യക്കുണ്ട്. 1975ല്‍ ന്യൂഡല്‍ഹിയില്‍ പി.എല്‍.ഒ ഓഫിസ് തുറന്നു. 1988 നവംബര്‍ 18 നാണ് ഇന്ത്യ ഫലസ്തീന്റെ രാഷ്ട്ര പദവി ഔദ്യോഗികമായി അംഗീകരിച്ചത്. അന്നൊരിക്കല്‍ ഇന്ത്യയിലെത്തിയ യാസിര്‍ അറഫാത്ത്, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെക്കുറിച്ച്, അവരെന്റെ സഹോദരിയാണെന്നാണ് പറഞ്ഞത്.
1980 മാര്‍ച്ചില്‍ ഫലസ്തീന്‍ പ്രധാനമന്ത്രി യാസിര്‍ അറഫാത്തിന്റെ മൂന്ന് ദിവസത്തെ ചരിത്രപരമായ സന്ദര്‍ശനത്തിനും ഇന്ത്യ ആതിഥ്യമരുളി. 1982 ലെ തന്റെ രണ്ടാമത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ അറഫാത്ത് ഡല്‍ഹി ജാമിഅ മില്ലിയ്യ സര്‍വകലാശാലയിലെത്തുകയും അവിടെ സംസാരിക്കുകയും ചെയ്തു. 1990 ല്‍ ജാമിഅ ബിരുദദാന ചടങ്ങിന് അതിഥിയായെത്തിയ അറഫാത്ത് അന്നത്തെ പ്രധാനമന്ത്രി ഐ.കെ ഗുജ്‌റാളിനൊപ്പം വേദി പങ്കിടുകയുംചെയ്തു. വര്‍ഷങ്ങള്‍ക്കിപ്പുറം നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഇസ്‌റാഈല്‍ ഭരണകൂടവുമായി അടുപ്പം പാലിക്കുമ്പോഴും യു.എന്‍ ഉള്‍പ്പെടെയുള്ള വേദികളില്‍ പൊതുവായി ഫലസ്തീന്‍ അനുകൂല നിലപാടാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."