ഫലസ്തീനെ അംഗീകരിക്കാൻ മടിച്ച് ഇറ്റലി; സർക്കാരിനെ തിരുത്താൻ പ്രതിഷേധവുമായി പതിനായിരങ്ങൾ തെരുവിൽ, സ്‌കൂളുകളും റോഡുകളും അടച്ചു
റോം: ഗസ്സയിലെ ഇസ്‌റാഈലിന്റെ ആക്രമണത്തിനെതിരെ യൂറോപ്പിലെ ഏറ്റവും വലിയ രാജ്യവ്യാപക പ്രതിഷേധത്തിന് വേദിയായി ഇറ്റലി. രാജ്യത്തെ ഡസൻ കണക്കിന് നഗരങ്ങളിൽ പതിനായിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി ഇറ്റാലിയൻ ഭരണകൂടത്തോട് ഫലസ്തീനൊപ്പം നിൽക്കാൻ ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടർന്ന് ഇറ്റലിയിലെ സ്കൂളുകൾ അടച്ചു. ട്രെയിനുകൾ തടസ്സപ്പെട്ടു. രാജ്യത്തുടനീളം തുറമുഖങ്ങളും റോഡുകളും അടഞ്ഞ് കിടക്കുകയാണ്.
യുകെ, ഓസ്‌ട്രേലിയ, പോർച്ചുഗൽ, കാനഡ എന്നീ രാജ്യങ്ങൾ ഞായറാഴ്ച ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ തീരുമാനിച്ചതിന് പിന്നാലെ തിങ്കളാഴ്ച യുഎൻ പൊതുസഭയിൽ ഫ്രാൻസും മറ്റ് നിരവധി രാജ്യങ്ങളും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് മുന്നോട്ട് വരുന്നതിനിടെയാണ് യൂറോപ്പ് ഇതുവരെ കാണാത്ത രീതിയിലുള്ള പ്രതിഷേധത്തിന് ഇറ്റലി വേദിയായായത്.
ഇതുവരെ ഫലസ്തീന് വേണ്ടിയുള്ള ലോക രാജ്യങ്ങളുടെ ഏകോപിത നീക്കത്തിൽ നിന്ന് ഇറ്റലി അകന്നു നിൽക്കുകയാണ്. ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടുന്നതിന് മുമ്പ് അതിനെ അംഗീകരിക്കുന്നത് വിപരീതഫലമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി ജോർജിയ മെലോണി മുമ്പ് പറഞ്ഞിരുന്നു.
എന്നാൽ ഗസ്സയിലെ മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതിൽ ഇറ്റാലിയൻ, യൂറോപ്യൻ യൂണിയൻ സർക്കാരുകളുടെ നിഷ്ക്രിയത്വം ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി, ഗസ്സയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇറ്റലിയിലുടനീളമുള്ള യൂണിയനുകൾ തിങ്കളാഴ്ച 24 മണിക്കൂർ പൊതു പണിമുടക്കിന് ആഹ്വാനം ചെയ്യുകയായിരുന്നു.
മിലാൻ മുതൽ പലേർമോ വരെ, രാജ്യത്തുടനീളമുള്ള കുറഞ്ഞത് 75 മുനിസിപ്പാലിറ്റികളിലെങ്കിലും ഇറ്റാലിയൻ ജനത തെരുവിലിറങ്ങി. ഇസ്‌റാഈലിന് ആയുധങ്ങൾ കൈമാറുന്നതിനുള്ള ഒരു വേദിയായി ഇറ്റലിയെ ഉപയോഗിക്കുന്നുവെന്ന ആശങ്കയെത്തുടർന്ന് ജെനോവയിലും ലിവോർണോയിലും ഡോക്ക് തൊഴിലാളികൾ തുറമുഖങ്ങൾ ഉപരോധിച്ചു. റോമിൽ, ടെർമിനി ട്രെയിൻ സ്റ്റേഷന് പുറത്ത് 20,000-ത്തിലധികം ആളുകൾ ഫലസ്തീൻ പതാകകൾ വീശിയും 'സ്വതന്ത്ര ഫലസ്തീൻ' എന്ന് മുദ്രാവാക്യങ്ങൾ വിളിച്ചും തടിച്ചുകൂടി.
'എല്ലാം തടയാം' എന്ന മുദ്രാവാക്യമുയർത്തി പൊതു പണിമുടക്കിൽ പങ്കെടുത്തവർ ഇസ്‌റാഈലുമായുള്ള വാണിജ്യ, സൈനിക സഹകരണം താൽക്കാലികമായി നിർത്തിവയ്ക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇസ്‌റാഈലിന്റെ നാവിക ഉപരോധം തകർക്കാനും ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കാനും ശ്രമിക്കുന്ന 50 ലധികം ചെറു ബോട്ടുകളുടെ അന്താരാഷ്ട്ര സംരംഭമായ ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയ്ക്ക് പിന്തുണയും പ്രകടിപ്പിച്ചു.
അതേസമയം, ഗസ്സയിലെ വംശഹത്യ ഏകദേശം രണ്ട് വർഷം തികയുമ്പോൾ പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് കൂടുതൽ രാജ്യങ്ങൾ രംഗത്ത് വരികയാണ്. തിങ്കളാഴ്ച ന്യൂയോർക്കിൽ നടന്ന ലോക ഉച്ചകോടിയിൽ ഫ്രാൻസ് ആണ് ഏറ്റവും ഒടുവിലായി ഫലസ്തീനെ അംഗീകരിച്ചത്. ഞായറാഴ്ച ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങളും ഈ ചരിത്രപരമായ നീക്കം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."