വൈവിധ്യങ്ങളുമായി ഐ.ആര്‍.ഡി.പി ഓണം-ബക്രീദ് മേള തുടങ്ങി
കോഴിക്കോട്: വീട്ടില്‍ പൊടിച്ചു വറുത്തുണ്ടാക്കിയ നാടന്‍ പുട്ടുപൊടി മുതല്‍ വയനാടന്‍ കാട്ടില്‍ നിന്ന് അരച്ചുണ്ടാക്കിയ പുല്‍ത്തൈലം വരെയുള്ള വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുമായി ഐ.ആര്‍.ഡി.പി, എസ്.ജി.എസ്.വൈ, കുടുംബശ്രീ ഓണം-ബക്രീദ് വിപണനമേളക്ക് കോഴിക്കോട് കണ്ടംകുളം ജൂബിലി മെമ്മോറിയല്‍ ഹാളില്‍ തുടക്കമായി. മേള മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലയിലെ 12 വികസന ബ്ലോക്കുകളില്‍ നിന്നു വയനാട് ജില്ലയിലെ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, പനമരം എന്നീ വികസന ബ്ലോക്കുകളില്‍ നിന്നുമുള്ള ഉല്‍പന്നങ്ങളും സ്‌പെഷല്‍ എസ്.ജി.എസ്.വൈ പദ്ധതിയായ പേരാമ്പ്ര 'സുഭിക്ഷ'യുടെയും കുടുംബശ്രീ ഉല്‍പന്നങ്ങളുമാണ് അഞ്ചു ദിവസത്തെ വിപണനമേളയില്‍ പ്രദര്‍ശനത്തിനും വില്‍പ്പനക്കുമായി എത്തിയിട്ടുള്ളത്.
ശുദ്ധമായ നാടന്‍ വെളിച്ചെണ്ണ, നാടന്‍ കളിമണ്‍ ഉല്‍പന്നങ്ങള്‍, വയനാടന്‍ കരകൗശല ഉല്‍പന്നങ്ങള്‍, ചിരട്ട ഉല്‍പന്നങ്ങള്‍, മുളയുല്‍പന്നങ്ങള്‍, വനഉല്‍പന്നങ്ങള്‍, കാപ്പിത്തടിയില്‍ തീര്‍ന്ന അലങ്കാര ഉല്‍പന്നങ്ങള്‍, ചകിരി ഉല്‍പന്നങ്ങള്‍ തുടങ്ങിയവയെല്ലാമാണ് മേളയിലെ ആകര്‍ഷണങ്ങള്‍. ചക്ക ഉല്‍പന്നങ്ങളാണ് മേളയിലെ താരം. ചക്കപ്പായസം, ചക്കച്ചിപ്‌സ് തുടങ്ങിയവയ്‌ക്കെല്ലാം 30 രൂപ മുതലാണ് വില. കുടുംബശ്രീ അംഗങ്ങള്‍ നിര്‍മ്മിച്ച അച്ചാറുകള്‍, സ്‌ക്വാഷുകള്‍, വെളിച്ചെണ്ണ, ജാമുകള്‍, സോപ്പുകള്‍ തുടങ്ങിയവയെല്ലാം മേളയില്‍ ഒരുക്കിയിട്ടുണ്ട്. നാടന്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി, പത്തിരിപ്പൊടി, പുട്ടുപൊടി, ഗോതമ്പു പൊടി തുടങ്ങിയവയ്ക്കും ആദ്യ ദിനത്തില്‍ തന്നെ ആവശ്യക്കാര്‍ ഏറെയുണ്ട്. അംഗങ്ങള്‍ തയാറാക്കിയ ഗ്ലാസ് പെയ്ന്റിങ്, ഫ്‌ളവര്‍ വേയ്‌സുകള്‍ എന്നിവയ്ക്ക് 200 രൂപ മുതല്‍ 600 രൂപ വരെയാണ് വില.
വിവിധ കാര്‍ഷിക ഉല്‍പന്നങ്ങളും പച്ചക്കറി വിത്തുകളും മേളയിലുണ്ട്. താല്‍ക്കാലിക സ്റ്റാളുകള്‍ക്ക് പുറമെ ഓഫിസ്, കാന്റീന്‍ സംവിധാനവും മേളയില്‍ സജ്ജീകരിച്ചിട്ടുണ്ട്. മേളയോടനുബന്ധിച്ച് ദിവസവും വൈകുന്നേരം നാടന്‍ കലാപരിപാടികളും അരങ്ങേറും. മേള 11 വരെ തുടരും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷനായി. ലീഡ് ബാങ്ക് മാനേജര്‍ കെ. ഭുവനദാസ് ആദ്യവില്‍പന ഏറ്റുവാങ്ങി. കഴിഞ്ഞ വര്‍ഷത്തെ മേളയില്‍ മികച്ച വില്‍പന നടത്തിയ ബ്ലോക്കുകള്‍ക്കുള്ള സമ്മാനങ്ങള്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് വിതരണം ചെയ്തു. മുക്കം മുഹമ്മദ്, ടി.വി ബാലന്‍, പി.വി ശിവദാസന്‍, ടി.വി അരവിന്ദാക്ഷന്‍, പാര്‍ഥസാരഥി, പി.ജി വിജയകുമാര്‍, ട്രീസ ജോസ്, സയ്യിദ് അഹമ്മദ് ബാദുഷ ഖാന്‍, പി. രവീന്ദ്രന്‍, എ.പി.ഒ കെ.പി വേലായുധന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."