കൂടെ വന്നാൽ 5000 രൂപ തരാം ഇല്ലെങ്കിൽ മരിക്കാം; തോക്ക് ചൂണ്ടി യുവതിയെ ബലമായി കാറിൽ കയറ്റാൻ ശ്രമം അധ്യാപകൻ അറസ്റ്റിൽ
ആഗ്ര: ഉത്തർ പ്രദേശിലെ ആഗ്രയിൽ യുവതിയെ ബലമായി കാറിൽ കയറ്റാൻ ശ്രമിക്കുകയും കൈതോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ അധ്യാപകനെ പൊലിസ് അറസ്റ്റ് ചെയ്തു. മഥുരയിലെ ബൽദേവിലെ ഒരു സ്കൂളിൽ അധ്യാപകനായ ശ്യാംവീർ സിംഗാണ് പിടിയിലായത്. തന്റെ കൂടെ വരാൻ 5,000 രൂപ വാഗ്ദാനം ചെയ്ത് യുവതിയെ ശല്യപ്പെടുത്തുകയും പിന്നീട് ബലമായി കാറിൽ കയറ്റാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ വൻ പ്രതിഷേധം ഉയർന്നു.
2025 സെപ്റ്റംബർ 20, ശനിയാഴ്ച വൈകുന്നേരം ആഗ്രയിലെ കാർഗിൽ സ്ക്വയറിന് സമീപമാണ് ഞെട്ടിക്കുന്ന സംഭവം. ജഗദീഷ്പൂർ നിവാസിയായ 22-കാരിയായ യുവതി സുഹൃത്തുക്കളോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവെ, മൂൺ ലൈറ്റ് ഹോട്ടലിന് മുന്നിൽ വെള്ളം കുടിക്കാൻ വേണ്ടി നിന്നു. അപ്പോൾ, ശ്യാംവീർ സിംഗ് ഉൾപ്പെടെ രണ്ട് പുരുഷന്മാർ കാറിൽ എത്തി, യുവതിയോട് കൂടെ വരാൻ ആവശ്യപ്പെട്ടു. 5,000 രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും യുവതി അവഗണിച്ചു. ഇതോടെ, ഇവർ ആവർത്തിച്ച് ശല്യപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്തു.
യുവതി ഇവരുടെ പെരുമാറ്റത്തെ ചോദ്യം ചെയ്തപ്പോൾ, ശ്യാംവീർ അക്രമാസക്തനായി. ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ച് യുവതിയെ ഭീഷണിപ്പെടുത്തി, ബലമായി കാറിൽ കയറ്റാൻ ശ്രമിച്ചു. യുവതിയുടെ നിലവിളി കേട്ട് ആളുകൾ ഓടിക്കൂടിയതോടെ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലിസ് 24 മണിക്കൂറിനുള്ളിൽ ഇയാളെ അറസ്റ്റ് ചെയ്തു.
സിക്കന്ദ്ര പൊലിസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയിൽ, ശ്യാംവീർ സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇയാളുടെ പിസ്റ്റളും കാറും പൊലിസ് പിടിച്ചെടുത്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ വലിയ പ്രതിഷേധം ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."