മോശമായ സ്പർശനം, അശ്ലീല സന്ദേശങ്ങൾ; സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ 17 വിദ്യാർത്ഥിനികളുടെ ലൈംഗികാതിക്രമ പരാതി
ഡൽഹി: ഡൽഹിയിലെ ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റിന്റെ ഡയറക്ടറായ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ 17
വിദ്യാർത്ഥിനികളുടെ ലൈംഗികാതിക്രമ പരാതി. ആശ്രമത്തിലെ പിജിഡിഎം (പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ്) വിദ്യാർത്ഥിനികളാണ് മൊഴി നൽകിയത്. പ്രതി ഉപയോഗിച്ചിരുന്ന വ്യാജ ഡിപ്ലോമാറ്റിക് നമ്പർ പ്ലേറ്റ് ഘടിപ്പിച്ച കാർ പൊലിസ് പിടിച്ചെടുത്തു. ഒളിവിലായ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കായി പൊലിസ് അന്വേഷണം ആരംഭിച്ചു. സ്ഥാപനത്തിലെ ജീവനക്കാർക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉയർന്നു.
മോശമായ സ്പർശനം, അശ്ലീല സന്ദേശങ്ങൾ: 17 പേരുടെ മൊഴി
2025 ഓഗസ്റ്റ് 4-നാണ് പരാതി വസന്ത്കുഞ്ജ് പൊലിസ് സ്റ്റേഷനിൽ എത്തിയത്. വിദ്യാർത്ഥിനികൾ ആദ്യം സ്ഥാപനത്തിലെ അഡ്മിനിസ്ട്രേറ്ററോട് പരാതി ഉന്നയിച്ചിരുന്നു. ഭരണസമിതിയിലെ ഒരു അംഗമാണ് പിന്നീട് പൊലിസിൽ പരാതി രജിസ്റ്റർ ചെയ്തത്. പൊലിസ് 32 വിദ്യാർത്ഥിനികളുടെ മൊഴി രേഖപ്പെടുത്തി, ഇതിൽ 17 പേർ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു.
ശരീരത്തിൽ മോശമായി സ്പർശിച്ചു, വാട്ട്സാപ്പിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചു തുടങ്ങിയവയാണ് പ്രധാന ആരോപണങ്ങൾ. സ്ഥാപനത്തിലെ മൂന്ന് വനിതാ ജീവനക്കാരും അഡ്മിനിസ്ട്രേറ്ററും സ്വാമിയുടെ നിർദേശപ്രകാരം വിദ്യാർത്ഥിനികളെ സമ്മർദ്ദിലാക്കിയെന്നും മൊഴിയിൽ പറയുന്നു. പരാതി ലഭിച്ചതിന് പിന്നാലെ പൊലിസ് സ്ഥാപനത്തിൽ എത്തി പരിശോധന നടത്തി. അപ്പോഴാണ് വ്യാജ ഡിപ്ലോമാറ്റിക് നമ്പർ പ്ലേറ്റ് ഉപയോഗിച്ച കാർ കണ്ടെത്തിയത്.
മുൻ പരാതികളും ഒളിവും
ഒഡീഷ സ്വദേശിയായ സ്വാമി ചൈതന്യാനന്ദ സരസ്വതി (മുൻപ് സ്വാമി പാർത്ഥസാരഥി എന്നറിയപ്പെട്ടിരുന്നു) 12 വർഷമായി ഡൽഹിയിലെ ഈ ആശ്രമത്തിലാണ് താമസിക്കുന്നത്. 2009-ലും 2016-ലും ഇയാൾക്കെതിരെ ലൈംഗികാതിക്രമ പരാതികൾ ഉയർന്നിരുന്നു. സംഭവത്തിന് പിന്നാലെ സ്വാമിയെ ഡയറക്ടർ സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്ന് ശൃംഗേരി മഠം അറിയിച്ചു. പൊലിസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."