'ഞങ്ങളുടെ മണ്ണുവിട്ട് ഞങ്ങള്‍ പോകില്ല, സ്വാതന്ത്രത്തിന്റെ പുലരി ഉദയംകൊള്ളുക തന്നെ ചെയ്യും' : മഹ്‌മൂദ് അബ്ബാസ്
ന്യൂയോര്‍ക്ക്: ഈ മണ്ണുവിട്ട് എങ്ങോട്ടും പോകില്ലെന്നും ഗസ്സ ഭാവിയിലെ ഫലസ്തീന്‍ രാജ്യത്തിന്റെ അവിഭാജ്യ ഭാഗമാണെന്നും ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്. യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂയോര്‍ക്കിലെത്താന്‍ യു.എസ് വിസ നിഷേധിച്ചതിനാല്‍ റെക്കോഡ് ചെയ്ത വിഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്തത്.
യു.എന്‍ പൊതുസഭ അംഗീകരിച്ച ഗസ്സ സമാധാന പദ്ധതി നടപ്പാക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, സഊദി, ഫ്രാന്‍സ്, യു.എന്നുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാണെന്ന് അദ്ദേഹം അറിയിച്ചു. സമാധാനത്തിനായി യു.എന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ തയാറാണെന്നും മഹ്‌മൂദ് അബ്ബാസ് പറഞ്ഞു.
ഫലസ്തീന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ വേണം. യുദ്ധം അവസാനിപ്പിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഫലസ്തീനില്‍ പാര്‍ലമെന്ററി, പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ നടത്തും. ഗസ്സയില്‍ തുടരുന്ന യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ഉപാധിയില്ലാതെ ഗസ്സയില്‍ പ്രവേശനം അനുവദിക്കണം. രണ്ടു പക്ഷവും ബന്ദികളെ വിട്ടയക്കണം. ഗസ്സ മുനമ്പില്‍നിന്ന് ഇസ്‌റാഈല്‍ അധിനിവേശസേന പൂര്‍ണമായും പിന്‍വാങ്ങണമെന്നും അബ്ബാസ് ആവശ്യപ്പെട്ടു.
തന്റെ സര്‍ക്കാര്‍ ഗസ്സയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാന്‍ തയാറാണ്. ഫലസ്തീന്റെ ഭരണത്തില്‍ ഹമാസിന് റോളുണ്ടാവില്ല. രാജ്യനിര്‍മിതിയുടെ ഭാഗമായി ഹമാസ് അവര്‍ക്ക് ലഭിച്ച ആയുധങ്ങള്‍ തിരികെ നല്‍കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'സ്വാതന്ത്ര്യത്തിന്റെ പ്രഭാതം ഉദയം ചെയ്യുക തന്നെ ചെയ്യും. അന്ന് ഭരണത്തില്‍ ഹമാസിന് ഒരു പങ്കും വഹിക്കാനില്ല. അവര്‍ തങ്ങളുടെ ആയുധങ്ങള്‍ പലസ്തീന്‍ അധികാരികള്‍ക്ക് കൈമാറേണ്ടിവരും.'
ഇസ്‌റാഈല്‍ ഗസ്സയിലും വെസ്റ്റ്ബാങ്കിലും നടത്തുന്ന ആക്രമണങ്ങളെ വിമര്‍ശിച്ച അബ്ബാസ്, ഹമാസ് നടത്തിയ ഒക്ടോബര്‍ 7ലെ ആക്രമണത്തെയും അപലപിച്ചു. അതു സ്വാതന്ത്ര്യത്തിനായി പോരാടുന്ന ഫലസ്തീന്‍ ജനതയുടെ താല്‍പര്യത്തെയല്ല പ്രതിനിധീകരിക്കുന്നതെന്നും അബ്ബാസ് പറഞ്ഞു.
ഗസ്സയിലെ സ്ഥിതി ഏറെ ഭയാനകമാണ്. വംശഹത്യ, നാശം, പട്ടിണി, കുടിയിറക്കം...ഇസ്‌റാഈല്‍ നടത്തുന്ന യുദ്ധത്തില്‍ ഫലസ്തീനികള്‍ ഇതെല്ലാം അനുഭവിക്കുകയാണ്. ഇസ്‌റാഈല്‍ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങലാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര സമൂഹം നടപടിയെടുക്കണം. അന്താരാഷ്ട്ര സമൂഹം ഫലസ്തീന്‍ ജനതയ്ക്ക് നീതി നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, ഈ ഇടപെടല്‍ വഴിഫലസ്തീനികള്‍ക്ക് അവരുടെ ന്യായമായ അവകാശങ്ങള്‍ നേടാനും ഇസ്‌റാഈലിന്റെ ബന്ദികളായി കഴിയുന്നതില്‍ നിന്ന് രക്ഷ നേടാനും സാധിക്കും- അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫ്രാന്‍സ്, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ അടുത്തിടെ ഫലസ്തീന്‍ രാഷ്ട്ര പദവി അംഗീകരിച്ചതിനെ അദ്ദേഹം സ്വാഗതം ചെയ്തു, എന്നാല്‍ പ്രതീകാത്മകമായ മദ്രകള്‍ പര്യാപ്തമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശേഷിക്കുന്ന രാഷ്ട്രങ്ങള്‍ അവരുടെ മാതൃക പിന്തുടരാനും ഫലസ്തീന്‍ പരമാധികാരത്തെ പിന്തുണയ്ക്കാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 'സ്വാതന്ത്ര്യത്തിന്റെ ഉദയം വരും. അന്തസ്സിന്റെയും സ്ഥിരതയുടെയും അധിനിവേശത്തില്‍ നിന്നുള്ള മോചനത്തിന്റെയും പ്രതീകമായി പലസ്തീനിന്റെ പതാക നമ്മുടെ ആകാശത്ത് പാറിപ്പറക്കും' അദ്ദേഹം പറഞ്ഞു.
Mahmood ABBAs is a wet dream come true for Netanyahu and the 🕍 of child rapist and killerspic.twitter.com/2ezJ3ApKP4
— StateDeptCrimes (@DeptOfWarCrimes) September 25, 2025
ആയിരത്തിലേറെ യു.എന്‍ പ്രമേയങ്ങള്‍ നടപ്പാക്കുന്നതില്‍ ഇസ്‌റാഈല്‍ പരാജയപ്പെട്ടു. ഓസ്ലോ ഉടമ്പടിയും അവര്‍ നടപ്പാക്കിയില്ല. ഇസ്‌റാഈലിന്റെ നിലനില്‍പിനുള്ള അവകാശം ഫലസ്തീനികള്‍ അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഗസ്സയില്‍ ഇസ്‌റാഈലിന്റെ കര-വ്യോമ ആക്രമണം രൂക്ഷമായി തുടരുകയാണ്. ആക്രമണത്തില്‍ ഇന്നലെ 43 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 11 പേരും കുട്ടികളാണ്. ഇതുവരെ ഇസ്‌റാഈലിന്റെ സൈനിക നടപടിയില്‍ 65,000-ത്തിലധികം പേര്‍ കൊല്ലപ്പെടുകയും 167,000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നു, ഇതില്‍ പകുതിയോളം പേര്‍ സ്ത്രീകളും കുട്ടികളുമാണ്. ഭൂരിഭാഗം വീടുകളും നശിപ്പിക്കപ്പെട്ടു. ഗസ്സയെ ക്ഷാമപ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്.
in a powerful statement, mahmoud abbas declares, "we will not leave our land, the dawn of freedom will surely rise," reaffirming the palestinian people's steadfastness and hope for liberation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."