ആധാർ സമർപ്പിക്കാത്ത കുട്ടികൾക്ക് സൗജന്യ യൂനിഫോമും പാഠപുസ്തകവുമില്ല; തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: ആധാർ (യു.ഐ.ഡി) സമർപ്പിക്കാത്ത കുട്ടികൾക്കു സൗജന്യ സ്‌കൂൾ യൂനിഫോമും പാഠപുസ്തകവും ലഭിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണെന്ന അഭിപ്രായമാണ് ഉയരുന്നത്. കുട്ടികളുടെ ആനുകൂല്യങ്ങളെയും അധ്യാപകരുടെ ജോലിയെയും ബാധിക്കുന്ന തീരുമാനം സർക്കാർ പുനഃപരിശോധിക്കുമെന്ന പ്രതീക്ഷയിൽ ആയിരക്കണക്കിന് കുട്ടികൾക്കൊപ്പം നൂറുകണക്കിന് അധ്യാപകരും കാത്തിരിക്കുകയാണ്.
അതേസമയം, തസ്‌തിക നിർണയത്തിനുള്ള വിദ്യാർഥികളുടെ കണക്കെടുപ്പിന് ജനന സർട്ടിഫിക്കറ്റും പരിഗണിക്കാനാവുമോയെന്നത് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചനയിലുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്നിവർ ഉൾപ്പെട്ട സമിതിയോട് ഇതു സംബന്ധമായി റിപ്പോർട്ട് നൽകാൻ വിദ്യാഭാസ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനം. സമിതിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്നാണ് വിവരം.
അധ്യയന വർഷത്തിലെ ആറാം പ്രവൃത്തിദിനത്തിനകം ആധാർ സമർപ്പിച്ച കുട്ടികൾക്കു മാത്രം സൗജന്യ സ്‌കൂൾ യൂനിഫോം നൽകിയാൽ മതിയെന്നാണ് നിർദേശമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരിക്കുകയാണ്. ഈ വർഷം കണക്കെടുപ്പ് പൂർത്തിയായപ്പോൾ 57,130 കുട്ടികളാണ് ആധാർ ഇല്ലാതെ വിവിധ സ്കൂളുകളിൽ പഠിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."