31 വർഷങ്ങൾക്ക് ശേഷം പൂർവവിദ്യാർഥി സംഗമത്തിനെത്തി; അധ്യാപികയുടെ 27.5 ലക്ഷം രൂപയും 21 പവൻ സ്വർണവും തട്ടിയ ദമ്പതികൾ പിടിയിൽ
പരപ്പനങ്ങാടി: 31 വർഷങ്ങൾക്ക് മുമ്പ് പഠിപ്പിച്ച അധ്യാപികയുമായി പൂർവവിദ്യാർഥി സംഗമത്തിൽ വീണ്ടും കണ്ടുമുട്ടി, പരിചയം പുതുക്കിയ ശേഷം അവരുടെ വിശ്വാസം നേടിയെടുത്ത് 27.5 ലക്ഷം രൂപയും 21 പവൻ സ്വർണാഭരണങ്ങളും തട്ടിയെടുത്ത് മുങ്ങിയ കേസിൽ പ്രതികൾ പിടിയിലായി. കർണാടകയിലെ ഹാസനിൽ ഒളിവിൽ കഴിഞ്ഞിരുന്ന ചെറിയമുണ്ടം തലക്കടത്തൂർ സ്വദേശി നീലിയത്ത് വേർക്കൽ ഫിറോസ് (51) ഉം ഭാര്യ റംലത്ത് (45) ഉം പരപ്പനങ്ങാടി പൊലിസിന്റെ പിടിയിലായി. പൊലിസ് ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
1988-90 കാലഘട്ടത്തിൽ പരപ്പനങ്ങാടിയിലെ ഒരു സ്കൂളിൽ പഠിപ്പിച്ചിരുന്ന അധ്യാപികയാണ് തട്ടിപ്പിന് ഇരയായത്. 31 വർഷങ്ങൾക്ക് ശേഷം നടന്ന പൂർവവിദ്യാർഥി സംഗമത്തിൽ ഫിറോസ് അധ്യാപികയുമായി വീണ്ടും ബന്ധം സ്ഥാപിച്ചു. അവരുടെ വിശ്വാസവും സ്നേഹവും നേടിയെടുത്ത ശേഷം, ഫിറോസും ഭാര്യ റംലത്തും ചേർന്ന് അധ്യാപികയുടെ വീട്ടിലെത്തി. സ്വർണവുമായി ബന്ധപ്പെട്ട ഒരു ബിസിനസ് ആരംഭിക്കുന്നതിനായി പണം ആവശ്യപ്പെട്ടു.
ആദ്യഘട്ടത്തിൽ, അധ്യാപിക ഒരു ലക്ഷം രൂപ നൽകി. തുടർന്ന്, ലാഭവിഹിതമെന്ന പേര് പറഞ്ഞ് ഏതാനും മാസങ്ങളിൽ 4000 രൂപ വീതം അധ്യാപികയ്ക്ക് തിരികെ നൽകി, വിശ്വാസം ഊട്ടിയുറപ്പിച്ചു. പിന്നീട്, മൂന്ന് ലക്ഷം രൂപ കൂടി കൈവശപ്പെടുത്തി, അതിന് 12,000 രൂപ മാസം തോറും ലാഭവിഹിതമായി നൽകി. തുടർന്നുള്ള ഘട്ടങ്ങളിൽ, വിവിധ തവണകളിലായി 27.5 ലക്ഷം രൂപ കൈവശപ്പെടുത്തി. എന്നാൽ, ഇതിന് ശേഷം ലാഭവിഹിതം നൽകുന്നത് നിലച്ചു.
അധ്യാപിക വിവരം അന്വേഷിച്ചപ്പോൾ, ബിസിനസിന്റെ വിപുലീകരണത്തിനായി കൂടുതൽ പണം ആവശ്യമാണെന്ന് ഫിറോസ് അറിയിച്ചു. ഇതോടെ, അധ്യാപിക തന്റെ കൈവശമുണ്ടായിരുന്ന 21 പവൻ സ്വർണാഭരണങ്ങളും ഇവർക്ക് കൈമാറി. ഈ സ്വർണം തിരൂരിലെ ഒരു ബാങ്കിൽ പണയം വച്ച ശേഷം, ഫിറോസ് അവ വിറ്റു. തുടർന്ന്, ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഇവർ കർണാടകയിലെ ഹാസനിലേക്ക് മുങ്ങി, അവിടെ ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു.
പരാതിയെ തുടർന്ന്, പരപ്പനങ്ങാടി പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഫിറോസിനെയും ഭാര്യ റംലത്തിനെയും ഹാസനിൽ നിന്ന് അറസ്റ്റ് ചെയ്തത്. കേസിൽ തുടർ അന്വേഷണം നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."