ഷാഫി പറമ്പിലിനെതിരായ അധിക്ഷേപ പരാമർശം; പരാതിയിൽ ഇ.എൻ സുരേഷ് ബാബുവിനെതിരെ കേസെടുക്കാതെ പൊലിസ്, നിയമോപദേശം തേടും
പാലക്കാട്: വടകര എം.പിയും കോൺഗ്രസ് നേതാവുമായ ഷാഫി പറമ്പിലിനെ അധിക്ഷേപിച്ച് പാലക്കാട് സിപിഎം ജില്ല സെക്രട്ടറി ഇ.എൻ സുരേഷ് ബാബു നടത്തിയ പരാമർശത്തിൽ കേസെടുക്കാൻ മടിച്ച് പൊലിസ്. സിപിഎം നേതാവിനെതിരെ നൽകിയ പരാതിയിലാണ് നടപടി വൈകുന്നത്. പരാതിയിൽ നിയമോപദേശം ലഭിച്ച ശേഷം മാത്രം മതി തുടർനടപടി എന്നാണ് പൊലിസിന്റെ നിലപാട്. മൂന്നാം കക്ഷിയാണ് പരാതി നൽകിയിരിക്കുന്നത് എന്നതിനാലാണ് പൊലിസ് ഇക്കാര്യത്തിൽ നിയമോപദേശം തേടാൻ കാരണം.
അധിക്ഷേപ പരാമർശം നടത്തിയ സിപിഎം ജില്ല സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് ആലത്തൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രമോദ് ജില്ലാ പൊലിസ് മേധാവിക്ക് പരാതി സമർപ്പിച്ചത്. ഈ പരാതി പാലക്കാട് എസ്പി നോർത്ത് പൊലിസിന് കൈമാറും. ശേഷമാകും നിയമോപദേശം തേടൽ. ഇതിൽ കേസെടുക്കാൻ നിർദേശിച്ചാൽ മാത്രമേ പൊലിസ് കേസ് എടുക്കുകയുള്ളൂ.
സുരേഷ് ബാബുവിന്റെ പരാമർശങ്ങൾ സ്ത്രീസമൂഹത്തെ അപമാനിക്കുന്നതാണെന്നും, ഷാഫിയെ മനഃപൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതാണെന്നും പരാതിയിൽ ആരോപിക്കുന്നു. ആരോപണങ്ങൾ വ്യാജമാണെന്ന് ബോധ്യപ്പെട്ടിട്ടും, മനഃപൂർവം അപമാനിക്കാനാണ് സുരേഷ് ബാബു ഇത്തരം പ്രസ്താവനകൾ നടത്തിയതെന്നും പ്രമോദ് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
അതേസമയം, ഇ.എൻ സുരേഷ് ബാബു ഉന്നയിച്ച ലൈംഗിക ആരോപണത്തെച്ചൊല്ലി സിപിഎമ്മിനുള്ളിൽ അഭിപ്രായ ഭിന്നത ശക്തം. ആരോപണം ഏറ്റെടുക്കാൻ മുതിർന്ന നേതാക്കൾ തയ്യാറാകാത്തതും യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതിയും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
ജില്ലാ സെക്രട്ടറിയുടെ ആരോപണം തെളിയിക്കേണ്ടത് അദ്ദേഹം തന്നെയാണെന്ന നിലപാടിലാണ് സിപിഎം നേതൃത്വം. "ആരോപണം ഉന്നയിച്ച ജില്ലാ സെക്രട്ടറിക്ക് തെളിവുകൾ ഉണ്ടെങ്കിൽ അത് പുറത്തുവിടട്ടെ," എന്നാണ് മുതിർന്ന നേതാവ് എ.കെ ബാലന്റെ പ്രതികരണം. "എന്റെ കൈവശം രേഖകളില്ല, അതിനാൽ ഞാൻ ആരോപണം ഉന്നയിക്കുന്നില്ല. സുരേഷ് ബാബുവിന്റെ കൈവശം തെളിവുകൾ ഉള്ളതുകൊണ്ടാകും ആരോപണം ഉന്നയിച്ചത്," എ.കെ ബാലൻ കൂട്ടിച്ചേർത്തു.
സിപിഎം നേതാവ് എൻ.എൻ കൃഷ്ണദാസും ആരോപണത്തിൽ കക്ഷിചേരാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി. "ജില്ലാ സെക്രട്ടറി എന്തിനാണ് ആരോപണം ഉന്നയിച്ചതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം. രാഹുൽ മാങ്കൂട്ടത്തിനെ എംഎൽഎ ചുമതലയിൽനിന്ന് നീക്കണമെന്ന് പറയുന്നതിനു പകരം മറ്റ് വിഷയങ്ങൾ ഉന്നയിച്ച് വഴിതിരിച്ചുവിടേണ്ട," കൃഷ്ണദാസ് പറഞ്ഞു.
കോൺഗ്രസ് നേതാവ് വിഡി സതീശന്റെ പ്രതികരണവും വിവാദത്തിന് ആക്കം കൂട്ടി. "ജില്ലാ സെക്രട്ടറിയെ പാർട്ടിയിൽനിന്ന് പുറത്താക്കണം," എന്ന് സതീശൻ ആവശ്യപ്പെട്ടതിനോട് പ്രതികരിച്ച കൃഷ്ണദാസ്, "ആദ്യം എംഎൽഎയെ ചുമതലയിൽനിന്ന് നീക്കട്ടെ," എന്ന് മറുപടി നൽകി. യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതിയിൽ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷാഫി പറമ്പിലിനെതിരായ ആരോപണവും യൂത്ത് കോൺഗ്രസിന്റെ പരാതിയും സിപിഎമ്മിനെ രാഷ്ട്രീയമായി വെട്ടിലാക്കിയിരിക്കുകയാണ്. തെളിവുകൾ പുറത്തുവിടാൻ ജില്ലാ സെക്രട്ടറിയോട് ആവശ്യപ്പെട്ടെങ്കിലും, ഇതുവരെ കൂടുതൽ വിശദീകരണങ്ങളോ രേഖകളോ പുറത്തുവിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."