ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ബൗളിംഗ് കുന്തമുന ബുംറയല്ലെന്ന് അശ്വിൻ
ദുബൈ: 2025 ഏഷ്യാ കപ്പിന്റെ സൂപ്പർ 4 ഘട്ടത്തിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിന് ശേഷം, ഇന്ത്യൻ ടി20 ടീമിന്റെ മുൻനിര ബൗളറായി 26-കാരനായ അർഷ്ദീപ് സിംഗിനെ രവിചന്ദ്രൻ അശ്വിൻ തെരഞ്ഞെടുത്തു. ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ച മത്സരത്തിൽ, ഇന്ത്യ ഫൈനലിന് യോഗ്യത നേടിയിരുന്നതിനാൽ, അർഷ്ദീപ് സിംഗാണ് ടീമിന്റെ ബൗളിംഗിനെ നയിച്ചത്.
ഇന്നലെ നടന്ന മത്സരത്തിൽ, 203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 202/5 എന്ന സ്കോറിൽ എത്തിയതോടെ കളി സമനിലയിൽ അവസാനിച്ചു. എന്നാൽ, സൂപ്പർ ഓവറിൽ അർഷ്ദീപ് സിംഗ് അസാധാരണ പ്രകടനമാണ് കാഴ്ചവെച്ചത്. അഞ്ച് പന്തുകളിൽ വെറും രണ്ട് റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ അർഷ്ദീപ്, ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു.
നാല് ഓവറിൽ 1/46 എന്ന ഫിഗർ നേടിയെങ്കിലും, സൂപ്പർ ഓവറിലെ മിന്നുന്ന പ്രകടനത്തിന് അർഷ്ദീപിനെ അശ്വിൻ തന്റെ യൂട്യൂബ് ചാനലായ 'ആഷ് കി ബാത്ത്'-ൽ പ്രശംസിച്ചു. "ഏഷ്യാ കപ്പിന് മുമ്പ് തന്നെ ഞാൻ പറഞ്ഞിരുന്നു, അർഷ്ദീപ് സിംഗ് ഇന്ത്യൻ ടി20 ടീമിൽ നിർബന്ധമായ ഒരു താരമാണ്. സൂപ്പർ ഓവറിലെ അവന്റെ പ്രകടനം അത് വീണ്ടും തെളിയിച്ചു. ജസ്പ്രീത് ബുംറ ഇല്ലാതിരുന്ന ഈ മത്സരത്തിൽ, ഇന്ത്യയുടെ മുൻനിര ബൗളർമാരിൽ ഒരാളാണെന്ന് അർഷ്ദീപ് കാണിച്ചുതന്നു. ടി20 ഫോർമാറ്റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറാണ് അവൻ," അശ്വിൻ പറഞ്ഞു.
ഹർഷിത് റാണയ്ക്ക് വിമർശനം
അർഷ്ദീപിനെ പ്രശംസിച്ച അശ്വിൻ, അതേ മത്സരത്തിൽ ഹർഷിത് റാണയുടെ പ്രകടനത്തെ വിമർശിക്കുകയും ചെയ്തു. ശിവം ദുബെയ്ക്ക് പകരം അവസരം ലഭിച്ച ഹർഷിത്, നാല് ഓവറിൽ 54 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയിരുന്നു. "ഹർഷിത് റാണ ടീമിൽ ഇടയ്ക്കിടെ കളിക്കുകയും പുറത്തിരിക്കുകയും ചെയ്യുന്നു. ഇത് ഒരു ക്രിക്കറ്റ് താരത്തിന് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത് ആത്മവിശ്വാസത്തെ ബാധിക്കും. എന്നാൽ, ഹർഷിതിന്റെ ഇന്നത്തെ ബൗളിംഗ് അമച്വർ നിലവാരത്തിലായിരുന്നു. ഓരോ ഫാസ്റ്റ് ബോളിന് ശേഷവും സ്ലോ ബോൾ എറിഞ്ഞത് ശ്രീലങ്ക മനസ്സിലാക്കി. ഈ തെറ്റ് അവൻ മുൻപും ചെയ്തിട്ടുണ്ട്. അവൻ ഇനിയും ഒരുപാട് പഠിക്കാനുണ്ടെന്ന്," അശ്വിൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."