തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വീണ്ടും അവസരം; അന്തിമ വോട്ടർ പട്ടിക ഒക്ടോബർ 25-ന്
തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പുതിയ അവസരം. തിങ്കളാഴ്ച മുതൽ ഒക്ടോബർ 14 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാനും ഒഴിവാക്കാനും സ്ഥാനമാറ്റത്തിനും അപേക്ഷിക്കാം. 2025 ജനുവരി 1-നോ അതിനു മുമ്പോ 18 വയസ്സ് പൂർത്തിയായവർക്ക് ഓൺലൈൻ വഴി അപേക്ഷ നൽകാം.
അതേസമയം തിരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടർപട്ടിക സെപ്റ്റംബർ 29ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. 2025 സെപ്റ്റംബർ 2ന് പുതുക്കിയ അന്തിമ വോട്ടർപട്ടികയെ അടിസ്ഥാനമാക്കിയാണ് ഇപ്പോഴത്തെ കരട് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
കരട് വോട്ടർപട്ടികയിൽ 2,83,12,458 വോട്ടർമാരാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ 1,33,52,947 പുരുഷന്മാരും 1,49,59,235 സ്ത്രീകളും 276 ട്രാൻസ്ജെൻഡറും 2087 പ്രവാസി വോട്ടർമാരും ഉൾപ്പെടുന്നു. കരട് പട്ടിക തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റായ sec.kerala.gov.in-ലും പരിശോധനയ്ക്കായി ലഭ്യമാകും.
പേര് ചേർക്കാൻ ഒക്ടോബർ 14 വരെ അവസരം
2025 ജനുവരി 1നോ അതിനു മുമ്പോ 18 വയസ്സ് പൂർത്തിയാകുന്നവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഒക്ടോബർ 14 വരെ അവസരമുണ്ട്. പേര് ചേർക്കുന്നതിന് (ഫോം 4), വിവരങ്ങൾ തിരുത്തുന്നതിന് (ഫോം 6), സ്ഥാനമാറ്റത്തിന് (ഫോം 7) എന്നിവയ്ക്ക് sec.kerala.gov.in വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷകൾക്ക് കമ്പ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞ തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം ഹിയറിംഗിന് നേരിട്ട് ഹാജരാകണം.
പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങൾ (ഫോം 5) ഓൺലൈനായി രജിസ്റ്റർ ചെയ്ത ശേഷം, അതിന്റെ പ്രിന്റൗട്ടിൽ അപേക്ഷകനും ആ വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. ഓൺലൈനിന് പുറമെ, നിർദിഷ്ട ഫോറങ്ങളിൽ നേരിട്ടും അപേക്ഷകൾ നൽകാം.
941 ഗ്രാമപഞ്ചായത്തുകളും 87 മുനിസിപ്പാലിറ്റികളും
941 ഗ്രാമപഞ്ചായത്തുകളിലെ 17,337 നിയോജകമണ്ഡലങ്ങൾ, 87 മുനിസിപ്പാലിറ്റികളിലെ 3,240 വാർഡുകൾ, 6 മുനിസിപ്പൽ കോർപ്പറേഷനുകളിലെ 421 വാർഡുകൾ എന്നിവയിലെ വോട്ടർപട്ടികയാണ് പുതുക്കുന്നത്. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സെക്രട്ടറിമാരും, കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിമാരുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ. അപേക്ഷകളിലെ തീരുമാനങ്ങൾക്കെതിരെ 15 ദിവസത്തിനകം തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ ജോയിന്റ് ഡയറക്ടർക്ക് അപ്പീൽ നൽകാം.
എല്ലാ വോട്ടർമാർക്കും സവിശേഷ തിരിച്ചറിയൽ നമ്പർ
സെപ്റ്റംബർ 29ന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടർപട്ടികയിലെ 2,83,12,458 വോട്ടർമാർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സവിശേഷ തിരിച്ചറിയൽ നമ്പർ നൽകും. ‘SEC’ എന്ന അക്ഷരങ്ങളും 9 അക്കങ്ങളും ചേർന്നതാണ് ഈ നമ്പർ.
ഇനി പേര് ചേർക്കുന്ന എല്ലാ വോട്ടർമാർക്കും ഈ തിരിച്ചറിയൽ നമ്പർ ലഭിക്കും. മുമ്പ്, ചില വോട്ടർമാർക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ EPIC നമ്പറും 2015നു ശേഷം വോട്ടർമാരായവർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നമ്പറും മറ്റുള്ളവർക്ക് തിരിച്ചറിയൽ നമ്പർ ഇല്ലാതെയുമാണ് പട്ടിക തയ്യാറാക്കിയിരുന്നത്. ഇനിമുതൽ എല്ലാ വോട്ടർമാർക്കും ഈ പുതിയ തിരിച്ചറിയൽ നമ്പർ നിർബന്ധമായും ലഭിക്കുമെന്ന് കമ്മീഷണർ വ്യക്തമാക്കി. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും തുടർനടപടികൾക്കും ഈ തിരിച്ചറിയൽ നമ്പർ ഉപയോഗിക്കണമെന്നും എ. ഷാജഹാൻ അറിയിച്ചു
The State Election Commission has announced another opportunity to register in the voter list for the upcoming local elections. Applications can be submitted from Monday until October 14. Eligible voters (18 years or older by January 1, 2025) can apply online to add, remove, or transfer names. A draft voter list with over 2.83 crore voters will be published on Monday, and the final list will be released on October 25. All voters will receive a unique identification number starting with 'SEC' followed by nine digits.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."