പ്രവാസികൾക്ക് തപാൽ വോട്ടിന് ശുപാർശ; തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ
കൊല്ലം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് തപാൽ വോട്ട് സൗകര്യം ഏർപ്പെടുത്തണമെന്ന ശുപാർശയുമായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു ഖേൽകർ. ഇതു സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് അദ്ദേഹം കത്തുനൽകി.
സർവിസ് വോട്ടർമാർക്കും പോളിങ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും നൽകുന്ന സൗകര്യത്തിനു സമാനമായി തപാൽ വോട്ടിങ് സൗകര്യം പ്രവാസി വോട്ടർമാർക്കും ഏർപ്പെടുത്താമെന്നാണ് ശുപാർശ. ഇതു വഴി ഗൾഫ് മേഖലയിലെ പ്രവാസി വോട്ടർമാരിൽ വലിയൊരു വിഭാഗത്തിന് വോട്ടുചെയ്യാൻ കഴിയും.
ഇന്ത്യൻ എംബസികളുടെയും കോൺസുലേറ്റുകളുടെയും സേവനം ഉപയോഗിക്കാമെന്ന് കത്തിൽ പറയുന്നു.
തപാൽ ബാലറ്റുകൾ ഇന്ത്യൻ എംബസികളിലേക്ക് സുരക്ഷിതമായി ഇലക്ട്രോണിക് രീതിയിൽ കൈമാറാം. വോട്ടറുടെ യോഗ്യതാപത്രങ്ങൾ പരിശോധിച്ചതിനു ശേഷം വോട്ട് രേഖപ്പെടുത്താം. സർവിസ് വോട്ടർമാരുടെ കാര്യത്തിലെന്നപോലെ അടയാളപ്പെടുത്തിയ ബാലറ്റുകൾ തിരികെ എത്തിക്കൻ കഴിയുമെന്നും ശുപാർശയിൽ പറയുന്നു. തപാൽ വോട്ടിങ് സൗകര്യം ഏർപ്പെടുത്തുന്നതിന് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾ- 1961 ൽ ഭേദഗതികൾ ആവശ്യമാണ്. ഇതു സംബന്ധിച്ച് കേന്ദ്രം ആലോചിക്കുന്നുണ്ട്.
അടുത്തിടെ മുഖ്യ തെരഞ്ഞടുപ്പ് ഓഫിസർ പ്രവാസി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വോട്ടു ചെയ്യാൻ നാട്ടിലെത്താൻ കനത്ത സാമ്പത്തിക ബാധ്യതയാണെന്നും ഗൾഫ് നാടുകളിൽനിന്ന് സാധാരണക്കാരായ തൊഴിലാളികൾക്ക് ഇതു താങ്ങാൻ കഴിയില്ലെന്നും വോട്ട് അവകാശം വിനിയോഗിക്കാൻ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.
തിരിച്ചറിയാൻ വീഡിയോ കാൾ
2002ലെ പട്ടികയിൽ ഉൾപ്പെടാത്ത പ്രവാസികൾക്ക് പുതിയ പട്ടികയിൽ ഇടംപിടിക്കാൻ തിരിച്ചറിയലിനായി ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ നിയമാഭിപ്രായം തേടി.
വിദേശ വോട്ടർമാരുടെ പരിശോധനയ്ക്കായി ബൂത്ത് ലെവൽ ഓഫിസർമാർക്ക് വാട്സ്ആപ്പ് കോൾ അല്ലെങ്കിൽ വിഡിയോ കോൾ പോലുള്ള സൗകര്യങ്ങൾ ഉപയോഗിക്കാം. മുഴുവൻ കുടുംബവും വിദേശത്ത് സ്ഥിരതാമസമാക്കിയ സാഹചര്യങ്ങളിലോ , നാട്ടിൽ ഇല്ലാത്ത വിദേശ വോട്ടറുടെ അപേക്ഷകൾ പരിശോധിക്കുമ്പോൾ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ബി.എൽ.ഒകൾക്കു മുന്നിൽ എതിർപ്പുകൾ ഉന്നയിക്കുമ്പോഴോ അത്തരം സൗകര്യം ഉപയോഗിക്കുന്നത് സഹായകരമാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."