കേരളത്തിൽ വേരുകളുള്ള സഊദി വ്യവസായ പ്രമുഖൻ ശൈഖ് മുഹമ്മദ് സഈദ് മലൈബാരി ജിദ്ദയിൽ നിര്യാതനായി
ജിദ്ദ: കേരളത്തിൽ വേരുകളുള്ള പ്രമുഖ സഊദി വ്യവസായി അബൂ റയ്യാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ശൈഖ് മുഹമ്മദ് സഈദ് മലൈബാരി (70) അന്തരിച്ചു. ഞായറാഴ്ച രാവിലെ സുബഹി നമസ്കാരത്തിന് ശേഷം ഹൃദയാഘാതത്തെ തുടർന്നാണ് മരണം. 1949 ല്‍ ആലപ്പുഴ ആറാട്ടുപുഴയില്‍ നിന്ന് ജിദ്ദയിലെത്തി ബിസിനസ് പ്രമുഖനായും പിന്നീട് സഊദി പൗരത്വവും ലഭിച്ച സഈദ് മുഹമ്മദ് അലി അബ്ദുല്‍ ഖാദര്‍ മലൈബാരിയുടെ മകനാണ് അന്തരിച്ച ശൈഖ് മുഹമ്മദ് സഈദ് മലൈബാരി.
1955 ല്‍ ജിദ്ദ ബലദില്‍ ജനിച്ചുവളര്‍ന്ന അബൂറയ്യാന്‍ ശൈഖ് മുഹമ്മദ് സഈദ് മലൈബാരി കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം പൂർത്തിയാക്കി 1980 ല്‍ ബിസിനസില്‍ ശ്രദ്ധ തിരിച്ചു. പിന്നീട് ബിസിനസിൽ ഉയര്‍ച്ചയുടെ പടവുകള്‍ കയറി മുഹമ്മദ് സഈദ് കമേഴ്‌സ്യല്‍ കോര്‍പറേഷന്റെ (മൊസാകോ) ഉടമയും മാനേജിംഗ് ഡയറക്ടറുമായി. പ്രമുഖ നട്ട്‌സ് ആന്റ് ബോള്‍ട്ട്‌സ് ഡീലേഴ്‌സ് ആയ ഖുതുബി കുടുംബത്തോടൊപ്പം ടൂള്‍സ് ആൻഡ് മെഷിനറി മൊത്തക്കച്ചവടത്തിലാണ് ശൈഖ് മുഹമ്മദ് സഈദ് മലൈബാരിയുടെ മൊസാകോ കമ്പനി പ്രധാനമായും ഏര്‍പ്പെട്ടിരിക്കുന്നത്. ഇതിന്ടെ ജിദ്ദയിലെ ബലദിൽ കശ്മീരി ടെക്‌സ്റ്റയില്‍സ് സ്ഥാപിച്ചുകൊണ്ട് ടെക്സ്റ്റയില്‍സ് മേഖലയിലേക്ക് കടന്നുവന്നു. ഇന്ത്യൻ വസ്ത്ര വിപണിയിലെ പ്രധാന ബ്രാൻഡായ റെയ്‌മണ്ട്‌സിന്റെ ജിദ്ദയിലെ ഉടമയും ഇദ്ദേഹമായിരുന്നു. 1990 കളിലെ ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തെതുടര്‍ന്നാണ് റെയ്മോണ്ട്സ് ഏറ്റെടുത്തത്.
നന്നായി മലയാളം സംസാരിക്കുന്ന ഇദ്ദേഹം തന്റെ കുടുംബ വേരുകളുള്ള കേരളത്തിലേക്ക് ഇടയ്ക്കിടെ യാത്ര ചെയ്യുന്ന പതിവുമുണ്ടായിരുന്നു. ജിദ്ദയിലെ ഗുഡ് വില്‍ ഗ്ലോബല്‍ ഇനീഷ്യേറ്റീവ് (ജി.ജി.ഐ) ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിച്ച് 'മുസ് രിസ് ടു മക്ക' എന്നപേരിൽ സംഘടിപ്പിച്ച ഇന്ത്യന്‍ വംശജരായ സഊദി പ്രമുഖരുടെ പ്രഥമ സംഗമത്തിൽ പങ്കെടുക്കുകയും ഇക്കഴിഞ്ഞ മെയിൽ സംഘടിപ്പിച്ച സംഗമത്തിൽ മലയാളത്തിൽ പ്രസംഗിച്ച് കാണികളുടെ കയ്യടി നേടുകയും ചെയ്തിരുന്നു. 'വീരോചിത മലൈബാരി ബര്‍ത്താനം' എന്ന പരിപാടിയില്‍ ജിദ്ദയിലെ പ്രബുദ്ധ മലയാളി സദസ്സിനു മുമ്പാകെ നര്‍മം കലര്‍ന്ന മലയാളത്തിലുള്ള ഇദ്ദേഹത്തിന്റെ പ്രഭാഷണം ഏവരുടെയും ശ്രദ്ധ നേടിയിരുന്നു.
മക്കയിലെ ഖുതുബി കുടുംബത്തില്‍ നിന്നാണ് വിവാഹം ചെയ്തത്. ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി ആശുപത്രിയിൽ ജോലിചെയ്യുന്ന ഡോ. ഗസ്സാന്‍ അടക്കം ഇദ്ദേഹത്തിന് മൂന്ന് ആണ്‍മക്കളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."