ബിഹാര്‍ വോട്ടര്‍ പട്ടിക: ഒറ്റ മണ്ഡലത്തില്‍ 80,000 മുസ്ലിംകളെ പുറത്താക്കാന്‍ ആവശ്യപ്പെട്ടത് ബി.ജെ.പിയുടെ ഔദ്യോഗിക ലെറ്റര്‍ ഹെഡില്‍!
പട്‌ന: കോണ്‍ഗ്രസ് ഉയര്‍ത്തിയ വോട്ട് മോഷണ, ക്രമക്കേട് ആരോപണങ്ങള്‍ ശരിവച്ച് ബിഹാറില്‍നിന്ന് ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്ത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ബിഹാറില്‍ ദാക്ക നിയമസഭാ മണ്ഡലത്തിലെ 80,000 മുസ്ലിം വോട്ടര്‍മാരെ കൂട്ടത്തോടെ പുറത്താക്കാനുള്ള നീക്കം നടന്നതായി അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ബി.ജെ.പിയുടെ ഔദ്യോഗിക ലെറ്റര്‍പാഡിലൂടെ ഉള്‍പ്പെടെയാണ്, വോട്ടര്‍പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കംചെയ്യാനുള്ള ഒന്നിലധികം ശ്രമങ്ങള്‍ നടന്നത്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ (ഇ.സി.ഐ) ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍ക്കും (ഇ.ആര്‍.ഒ) ബിഹാറിലെ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്കും (സി.ഇ.ഒ) പ്രത്യേകവിഭാഗത്തില്‍നിന്നുള്ളവരെ നീക്കം ചെയ്യുന്നതിനുള്ള രേഖാമൂലമുള്ള നിരവധി അപേക്ഷകള്‍ സമര്‍പ്പിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. ദാക്കയിലെ ബി.ജെ.പി എം.എല്‍.എ പവന്‍ കുമാര്‍ ജയ്‌സ്വാളിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റിന്റെ പേരിലും മറ്റൊന്ന് പട്‌നയിലെ ബി.ജെ.പി സംസ്ഥാന ഓഫിസിന്റെ ലെറ്റര്‍ഹെഡിലും ആണ് സമര്‍പ്പിച്ചത്.
78,000 മുസ്ലിം വോട്ടര്‍മാര്‍ ഇന്ത്യന്‍ പൗരന്മാരല്ലെന്നും അവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്നുമാണ് ഒരു അപേക്ഷയിലുള്ളത്. അപേക്ഷ ലഭിച്ചെന്നും എന്നാല്‍ കൂട്ടമായി വോട്ടര്‍മാരെ ഒഴിവാക്കാറില്ലെന്നുമാണ് ഇ.ആര്‍.ഒ മറുപടി നല്‍കിയത്. അതേസമയം, ബിഹാറില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിവാദ വോട്ടര്‍പട്ടിക പരിഷ്‌കരണനടപടികളിലേക്ക് ഈ പേരുകള്‍ പരിശോധനയ്ക്കായി റഫര്‍ ചെയ്യുകയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫുല്‍വാരിയ പഞ്ചായത്ത് സര്‍പഞ്ച് ഫിറോസ് ആലമും കുടുംബവും ഉള്‍പ്പെടെയുള്ളവരുടെ പേരുകളും ഇത്തരത്തില്‍ 'ഒഴിവാക്കപ്പെടേണ്ട'വരുടെ കൂട്ടത്തിലുണ്ട്. അധ്യാപകര്‍, ബൂത്ത് തല ഉദ്യോഗസ്ഥര്‍ (ബി.എല്‍.ഒ), പുതുതായി രജിസ്റ്റര്‍ ചെയ്ത യുവ വോട്ടര്‍മാര്‍ എന്നിവരുടെ പേരുകളും ഇതിലുള്‍പ്പെടും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിയുടെ ഫസലുര്‍റഹ്മാനോട് ജയ്‌സ്വാള്‍ പതിനായിരത്തോളം വോട്ടുകള്‍ക്ക് മാത്രം വിജയിച്ച മണ്ഡലമാണിത്. ആ നിലയ്ക്ക് ന്യൂനപക്ഷ വോട്ടര്‍മാരെ കൂട്ടത്തോടെ നീക്കുന്നത് ഫലത്തെ ഗണ്യമായി സ്വാധീനിക്കും. മണ്ഡലത്തിലെ അന്തിമ വോട്ടര്‍ പട്ടിക അടുത്തമാസം ഒന്നിന് പുറത്തിറങ്ങും. ഇത് പൗരത്വം ചോദ്യം ചെയ്യപ്പെട്ട 80,000 മുസ്ലിം വോട്ടര്‍മാരുടെ വിധി നിര്‍ണ്ണയിക്കും.
An investigation by The Reporters’ Collective has uncovered repeated attempts to remove nearly 80,000 Muslim voters from the electoral roll in Bihar’s Dhaka constituency by falsely claiming they were not Indian citizens, including one submission filed on the BJP’s state headquarters letterhead and another submitted in the name of the personal assistant of the BJP’s Dhaka MLA.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."