ഏഴ് റൺസകലെ നഷ്ടമായത് ഐതിഹാസിക നേട്ടം; സഞ്ജുവിന്റെ കാത്തിരിപ്പ് തുടരും
ഏഷ്യ കപ്പിൽ പാകിസ്താനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം ചൂടിയിരിക്കുകയാണ്. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു സൂര്യകുമാർ യാദവും സംഘവും വിജയിച്ചു കയറിയത്. ഇന്ത്യയുടെ ഒമ്പതാം ഏഷ്യ കപ്പ് കിരീട നേട്ടമാണിത്. ടൂർണമെന്റിൽ ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ ഏഷ്യയിലെ രാജാക്കന്മാരായി മാറിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്താൻ 19.1 ഓവറിൽ 146 റൺസിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ രണ്ട് പന്തുകളും അഞ്ച് വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയ തിലക് വർമ്മയുടെ കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 53 പന്തുകളിൽ നിന്നും പുറത്താവാതെ 69 റൺസാണ് തിലക് വർമ്മ സ്വന്തമാക്കിയത്. 3 ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ശിവം ദുബെ 22 പന്തിൽ രണ്ടു വീതം സിക്സുകളും ഫോറുകളും ഉൾപ്പെടെ 33 റൺസും നേടി ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അഭിഷേക് ശർമ, ശുഭ്മൻ ഗിൽ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എന്നിവരെ നഷ്ടമായ ഇന്ത്യയെ സമ്മർദ്ദത്തിൽ നിന്നും കരകയറ്റിയത് തിലക വർമ്മക്കൊപ്പം മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ച മലയാളി താരം സഞ്ജു സാംസൺ കൂടിയാണ്. 21 പന്തിൽ നിന്നും 24 റൺസാണ് മലയാളി താരം നേടിയത്. രണ്ടു ഫോറുകളും ഒരു സിക്സുമാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്.
ഈ മത്സരത്തിൽ സഞ്ജുവിന് തന്റെ കരിയറിൽ ഒരു പുതിയ നാഴികക്കല്ല് സ്വന്തമാക്കാനുള്ള സുവർണ്ണാവസരം ഉണ്ടായിരുന്നു. മത്സരത്തിൽ ഏഴ് റൺസ് കൂടി മത്സരത്തിൽ സഞ്ജു നേടിയിരുന്നുവെങ്കിൽ ഇന്റർനാഷണൽ ഇന്ത്യയ്ക്ക് വേണ്ടി ആയിരം റൺസ് എന്ന നേട്ടത്തിലേക്ക് സഞ്ജുവിന് കാലെടുത്തുവെക്കാൻ സാധിക്കുമായിരുന്നു. 24 റൺസിനാണ് സഞ്ജു മത്സരത്തിൽ പുറത്തായത്. ഇതിനോടകം തന്നെ ഇന്റർനാഷണൽ ടി-20യിൽ 993 റൺസാണ് സഞ്ജു നേടിയിട്ടുള്ളത്. ടി-20യിലെ ഈ ഐതിഹാസിക നേട്ടം സ്വന്തമാക്കാൻ സഞ്ജു ഇനിയും കാത്തിരിക്കേണ്ടിവരും. ടൂർണമെന്റിൽ നാല് ഇന്നിംഗ്സുകളിൽ നിന്നും ഒരു അർദ്ധ സെഞ്ച്വറി അടക്കം 131 റൺസാണ് സഞ്ജു നേടിയത്.
ഗ്രൂപ്പ് ഘട്ടത്തിൽ ഒമാനെതിരെയുള്ള അവസാന മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടി സഞ്ജു തിളങ്ങിയിരുന്നു. മത്സരത്തിൽ 45 പന്തിൽ 56 റൺസ് നേടിയാണ് സഞ്ജു ഇന്ത്യൻ ടീമിന്റെ ടോപ് സ്കോററായത്. മൂന്ന് വീതം ഫോറുകളും സിക്സുകളും ആണ് സഞ്ജു നേടിയത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡും സഞ്ജുവിനെ തേടിയെത്തി.
അതേസമയം മത്സരത്തിൽ ഇന്ത്യൻ ബൗളിങ്ങിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയ യാദവാണ് പാക്കിസ്താനെ തകർത്തത്. നാല് ഓവറിൽ മുപ്പതി റൺസ് വഴങ്ങിയാണ് താരം നാല് വിക്കറ്റുകൾ സ്വന്തമാക്കിയത്. ജസ്പ്രീത് ബുംറ, ശിവം ദുബെ, വരുൺ ചക്രവർത്തി എന്നിവർ രണ്ടു വീതം വിക്കറ്റുകളും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്താന് വേണ്ടി സാഹിബ്‌സാദ ഫിഫ്റ്റി നേടി. 38 പന്തിൽ 57 റൺസ് ആണ് താരം നേടിയത്. അഞ്ച് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ഫഖർ സമാൻ 35 പന്തിൽ രണ്ടു വീതം ഫോറുകളും സിക്സുകളും ഉൾപ്പെടെ 46 റൺസും സ്വന്തമാക്കി.
പാക് ബൗളിങ്ങിൽ ഫഹീം അഷ്‌റഫ് നാല് ഓവറിൽ 29 റൺസ് വഴങ്ങി 3 വിക്കെറ്റെടുത്തു. അബ്‌റാർ അഹമ്മദും, ഷഹീൻ അഫ്രീദിയും ഓരോ വിക്കറ്റ് പോക്കറ്റിലാക്കി. മുഹമ്മദ് നവാസ്, ഹാരിസ് റൗഫ്, സയീം അയൂബ് എന്നിവർക്ക് വിക്കറ്റൊന്നും നേടാനായില്ല.
India has won the Asia Cup by defeating Pakistan. Sanju Samson was the one who brought India out of the pressure in the match. The Malayali player scored 24 runs from 21 balls. Two fours and a six came off Sanju's bat.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."