കരൂര്‍ ദുരന്തം: ടി.വി.കെയുടെ ഹരജി മാറ്റി, കറന്റ് കട്ട് ചെയ്തിട്ടില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍, മരണം 41 ആയി; വിജയ്‌യുടെ വീടിന് നേരെ ബോംബ് ഭീഷണി
ചെന്നൈ: തമിഴ്നാട്ടിലെ കരൂരില്‍ നടനും ടി.വി.കെ അധ്യക്ഷനുമായ വിജയ്യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. ചികിത്സയിലിരുന്ന 65കാരി സുഗുണ ആണ് മരിച്ചത്.അതിനിടെ, വിജയ്യുടെ റാലിക്കിടെ വൈദ്യുതി മുടങ്ങിയെന്ന വാദം തമിഴ്നാട് സര്‍ക്കാര്‍ നിഷേധിച്ചു. വൈദ്യുതി മുടങ്ങിയത് ജനങ്ങളെ പരിഭ്രാന്തരാക്കിയെന്നും ഇത് തിക്കിലും തിരക്കിലും കലാശിച്ചെന്നുമാണ് ആരോപണം.
''പരിപാടിയില്‍ വൈദ്യുതി മുടങ്ങിയില്ല. ടിവികെ പാര്‍ട്ടി വൈദ്യുതി വിതരണം തടസ്സപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാലും, അത്തരമൊരു വൈദ്യുതി മുടക്കം ഉണ്ടാവുമായിരുന്നില്ല. പാര്‍ട്ടിയുടെ ക്രമീകരണങ്ങളിലെ ജനറേറ്റര്‍ പ്രശ്നം മൂലമാണ് കുറച്ച് ലൈറ്റുകള്‍ മങ്ങിയത്,'' കരൂര്‍ കളക്ടറെയും എഡിജിപിയെയും ഉദ്ധരിച്ച് സംസ്ഥാന ഫാക്റ്റ് ചെക്ക് ടീം എക്സില്‍ പോസ്റ്റ് ചെയ്തു. വിജയ് എത്തിയ സമയത്ത് ഏകദേശം 30 മിനിറ്റ് വൈദ്യുതി മുടങ്ങിയതായി ഇരകളും ടി.വി.കെയും ആരോപിച്ചിരുന്നു.
അതേസമയം, കരൂര്‍ ദുരന്തത്തില്‍ ഗൂഢാലോചന അന്വേഷണിക്കണമെന്ന് ആവശ്യപ്പെട്ട് ടി.വി.കെ നല്‍കിയ ഹരജി പരിഗണിക്കുന്നത് മദ്രാസ് ഹൈക്കോടതി മാറ്റിവെച്ചു.. ദുരന്തം സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നാണ് ടി.വി.കെയുടെ ആവശ്യം. സിസിടിവി ദൃശ്യങ്ങള്‍ നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. കല്ലേറും ലാത്തിചാര്‍ജും ഉണ്ടായെന്ന ടിവികെയുടെ വാദം എ.ഡി.ജി.പി തള്ളി.
വിജയ്‌യുടെ ചെന്നൈ നീലാങ്കരയിലെ വസതിയില്‍ പൊലിസ് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. വിജയുടെ വീടിന് നേരെ ബോംബ് ഭീഷണി ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരേ കേസ് എടുത്തിട്ടുണ്ട്. മുന്‍ എം.എല്‍.എയും ടി.വി.കെ ജനറല്‍ സെക്രട്ടറിയും പാര്‍ട്ടിയിലെ രണ്ടാമനുമായ എന്‍. ആനന്ദ്, ജോയിന്റ് ജനറല്‍ സെക്രട്ടറി സി.ടി നിര്‍മല്‍ കുമാര്‍, കരൂര്‍ ജില്ലാ സെക്രട്ടറി മതിയഴകംഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് കേസ്. മനപ്പൂര്‍വമല്ലാത്ത നരഹത്യ, പൊതുസേവകരുടെ ഉത്തരവ് അനുസരിക്കാതിരിക്കല്‍, പൊതുസ്വത്ത് നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. അപകടം റിട്ട. ജഡ്ജി അരുണ ജഗദീശനാണ് അന്വേഷിക്കുന്നത്. ഇവര്‍ ഇന്നലെ രാത്രിയോടെ സംഭവസ്ഥലം സന്ദര്‍ശിച്ചു. അതേസമയം, വിജയക്കെതിരെ തിടുക്കപ്പെട്ട് നടപടി വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.
ദുരന്തത്തില്‍ ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ടി.വി.കെ നല്‍കിയ ഹരജിക്ക് പുറമേ പാര്‍ട്ടിയുടെ തുടര്‍ന്നുള്ള റാലികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന മറ്റൊരു ഹരജിയും മദ്രാസ് ഹൈക്കോടതി ഇന്നു പരിഗണിക്കും.
വിജയ്യെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാണ്. റാലിക്ക് പൊലിസ് മതിയായ സുരക്ഷ ഒരുക്കിയില്ലെന്നും അനാവശ്യമായി ലാത്തിവീശിയതാണ് ദുരന്തത്തിന് കാരണമായതെന്നുമാണ് ടി.വി.കെ പറയുന്നത്.
മരിച്ചവരുടെ കുടുംബത്തിന് ആകെ 32 ലക്ഷം രൂപ ധനസഹായം ലഭിക്കും. ടി.വി.കെ 20 ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷവും കേന്ദ്രസര്‍ക്കാര്‍ രണ്ടുലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു. കരൂരിലെ വേലുസ്വാമിപുരത്ത് നടന്ന കൂറ്റന്‍ റാലിക്കിടെ ശനിയാഴ്ച രാത്രി 7.30ഓടെയാണ് തമിഴകത്തെ നടുക്കിയ ദുരന്തമുണ്ടായത്. ചൂടും തിക്കുംതിരക്കും കാരണം ആളുകള്‍ കുഴഞ്ഞുവീഴുകയായിരുന്നു. 18 സ്ത്രീകളും 13 പുരുഷന്‍മാരും ഒമ്പത് കുട്ടികളുമാണ് മരിച്ചത്. ഇതില്‍ രണ്ടുവയസുള്ള കുഞ്ഞും ഉള്‍പ്പെടും. 30 ഓളം പേര്‍ ഇപ്പോഴും ചികിത്സയിലാണ്.
tamil nadu's karur district tragedy claims 41 lives as government denies reports of a power cut during the incident. meanwhile, actor vijay receives a bomb threat at his residence, adding tension to the situation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."