ഏഷ്യ കപ്പിലെ മുഴുവൻ പ്രതിഫലവും ഇന്ത്യൻ സൈനികർക്ക് നൽകും: പ്രഖ്യാപനവുമായി സൂര്യകുമാർ യാദവ്
ഏഷ്യ കപ്പിലെ തന്റെ മുഴുവൻ മാച്ച് ഫീസും ഇന്ത്യൻ സൈന്യത്തിന് നൽകുമെന്ന് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. ഏഷ്യ കപ്പ് ഫൈനൽ മത്സരത്തിന് ശേഷമുള്ള പത്ര സമ്മേളനത്തിലാണ് സ്‌കൈ ഇക്കാര്യം വ്യക്തമാക്കിയത്.
''ഈ ടൂർണമെന്റിൽ നിന്നുള്ള എല്ലാ മാച്ച് ഫീസും ഞാൻ വ്യക്തിപരമായി ഇന്ത്യൻ സൈന്യത്തിന് നൽകാൻ ആഗ്രഹിക്കുന്നു'' സൂര്യകുമാർ യാദവ് പറഞ്ഞു.
ഏഷ്യ കപ്പിലെ ഒരു മത്സരത്തിന് നാല് ലക്ഷം രൂപയാണ് മാച്ച് ഫീസായി ലഭിക്കുന്നത്. ഏഴ് മത്സരങ്ങളിൽ നിന്നും 28 ലക്ഷം രൂപയാണ് സ്കൈക്ക് മാച്ച് ഫീസായി ലഭിക്കുക.
നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താനെതിരെയുള്ള ആദ്യ മത്സരത്തിലെ വിജയത്തിന് ശേഷം പഹൽഗാം ഭീകരാക്രമണത്തിലെ ഇരകൾക്കും ഇന്ത്യൻ സൈനികർക്കും ഈ വിജയം സമർപ്പിക്കുന്നുവെന്ന് സൂര്യകുമാർ യാദവ് പറഞ്ഞിരുന്നു.
"പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടൊപ്പം ഞങ്ങൾ നിൽക്കുകയാണ്. അവർക്കായി ഞങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. വളരെയധികം ധൈര്യം കാണിച്ച ഇന്ത്യൻ സായുധ സേനക്ക് ഞങ്ങൾ ഈ വിജയം സമർപ്പിക്കുന്നു. അവർ തുടർന്നും ഞങ്ങളെ പ്രചോദിപ്പിക്കും എന്ന് ഞാൻ കരുതുന്നു" സൂര്യകുമാർ യാദവ് പറഞ്ഞു.
ഏപ്രിൽ 22നാണ് രാജ്യത്തെ ഞെട്ടിച്ച ജമ്മു കശ്മീരിലെ ഭീകരാക്രമണം നടന്നത്. അക്രമത്തിൽ 27ലധികം നിരപരാധികളായ വിനോദസഞ്ചാരികൾ ആണ് കൊല്ലപ്പെട്ടത്. ട്രക്കിങിനായി പോയവർക്ക് നേരെയാണ് ആക്രമണം നടന്നത്. 2019ന് ശേഷം ജമ്മു കശ്മീരിൽ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹൽഗാമിൽ നടന്നത്.
അതേസമയം ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഏഷ്യ കപ്പിന്റെ കലാശപോരാട്ടത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു സൂര്യകുമാർ യാദവും സംഘവും പാകിസ്താനെ തകർത്തത്. ഇന്ത്യയുടെ ഒമ്പതാം ഏഷ്യ കപ്പ് കിരീട നേട്ടമാണിത്. ടൂർണമെന്റിൽ ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ ഏഷ്യയിലെ ചാമ്പ്യന്മാരായത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്താൻ 19.1 ഓവറിൽ 146 റൺസിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ രണ്ട് പന്തുകളും അഞ്ച് വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
അർദ്ധ സെഞ്ച്വറി നേടിയ തിലക് വർമ്മയുടെ കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 53 പന്തുകളിൽ നിന്നും പുറത്താവാതെ 69 റൺസാണ് തിലക് വർമ്മ സ്വന്തമാക്കിയത്. മൂന്ന് ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ശിവം ദുബെ 22 പന്തിൽ രണ്ടു വീതം സിക്സുകളും ഫോറുകളും ഉൾപ്പെടെ 33 റൺസും സഞ്ജു സാംസൺ 21 പന്തിൽ നിന്നും 24 റൺസും നേടി ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.
ഇന്ത്യൻ ബൗളിങ്ങിൽ കുൽദീപ് യാദവാണ് മിന്നും പ്രകടനം പുറത്തെടുത്തത്. മത്സരത്തിൽ മികച്ച തുടക്കം ലഭിച്ച പാകിസ്താൻ ബാറ്റിംഗ് നിരയെ നാല് വിക്കറ്റുകൾ വീഴ്ത്തി താരം എറിഞ്ഞു വീഴ്ത്തുകയായിരുന്നു. കുൽദീപിന് പുറമെ ജസ്പ്രീത് ബുംറ, ശിവം ദുബെ, വരുൺ ചക്രവർത്തി എന്നിവർ രണ്ടു വീതം വിക്കറ്റുകളും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.
Indian captain Suryakumar Yadav has said that he will donate his entire match fee in the Asia Cup to the Indian Army and the victims of the Pahalgam terror attack.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."