പാക് അധിനിവേശ കശ്മീരിൽ ജനകീയ പ്രക്ഷോഭം; പൊലിസ് വെടിവയ്പ്പിൽ രണ്ട് മരണം, 22 പേർക്ക് പരിക്ക്
മുസഫറാബാദ്: പാകിസ്ഥാൻ അധിനിവേശ ജമ്മു കശ്മീരിൽ (PoJK) ജനങ്ങൾ സർക്കാരിനെതിരെ നടത്തുന്ന വൻ പ്രക്ഷോഭത്തിനിടെ പൊലിസ് വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും 22-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (JKAAC) മുന്നോട്ടുവെച്ച ആവശ്യങ്ങൾ സർക്കാർ നടപ്പാക്കാത്തതിനെതിരെ മുസഫറാബാദ്, കോട്‌ലി, മിർപൂർ തുടങ്ങിയ പ്രദേശങ്ങളിൽ പ്രക്ഷോഭം ശക്തമായതാണ് കലാപത്തിന് കാരണമായത്.
മുസഫറാബാദിൽ സ്ഥിതി അതീവ ഗുരുതരമായി. പൊലിസിന്റെ കനത്ത നടപടികൾ ജനരോഷത്തിന് ആക്കം കൂട്ടി, വെടിവയ്പ്പിൽ രണ്ട് പേർ മരിച്ചതോടെ പ്രതിഷേധം കൂടുതൽ ശക്തമായി. മിർപൂർ, കോട്‌ലി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഹർത്താലും റാലികളും തുടരുകയാണ്. കോട്‌ലിയിൽ രാഷ്ട്രീയ നീക്കങ്ങളിലൂടെ പ്രക്ഷോഭത്തെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരെ ജനങ്ങൾ ശക്തമായി പ്രതികരിച്ചു. "ഭീഷണികൾക്കിടയിലും ജനങ്ങൾ അവകാശങ്ങൾക്കായി ഉറച്ചുനിൽക്കുന്നു.ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെടുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന്" പ്രതിഷേധക്കാർ വ്യക്തമാക്കി. മിർപൂരിൽ പ്രാദേശിക ജനങ്ങളും ആക്ടിവിസ്റ്റുകളും ബൈക്ക് റാലികളിലൂടെ പ്രതിഷേധത്തിൽ പങ്കുചേർന്നു.
ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ സാമ്പത്തിക ആശ്വാസം, രാഷ്ട്രീയ സ്വയംഭരണം, മെച്ചപ്പെട്ട ഭരണം എന്നിവ ലക്ഷ്യമിടുന്നവയാണ്. അധികാര വർഗത്തിന്റെ ആനുകൂല്യങ്ങൾ ഇല്ലാതാക്കുക, പാകിസ്ഥാനിൽ താമസിക്കുന്ന കശ്മീരി അഭയാർഥികൾക്കായി സംവരണം ചെയ്ത 12 നിയമസഭാ സീറ്റുകൾ ഒഴിവാക്കുക, ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള റോയൽറ്റിപാകിസ്ഥാൻ അധിനിവേശ ജമ്മു കശ്മീരിന്റെ വികസനത്തിന് ഉപയോഗിക്കുക, ഗോതമ്പ് മാവിന് ഗിൽഗിത്-ബാൽതിസ്ഥാനിലേതിന് സമാനമായ സബ്‌സിഡി, മാംഗ്‌ള ജലവൈദ്യുത പദ്ധതിയുടെ ഉൽപാദനച്ചെലവിനെ അടിസ്ഥാനമാക്കി വൈദ്യുതി താരിഫ് നിശ്ചയിക്കുക, വിദ്യാർഥി യൂണിയനുകൾ പുനഃസ്ഥാപിക്കുക, ജനാധിപത്യവൽക്കരണം ഉറപ്പാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
പ്രക്ഷോഭം രൂക്ഷമായതോടെ, പാകിസ്ഥാൻ സർക്കാർ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വൻ സൈനിക വിന്യാസം നടത്തി. ആയുധധാരികളായ സൈനികർപാകിസ്ഥാൻ അധിനിവേശ ജമ്മു കശ്മീരിലെ നഗരങ്ങളിൽ ഫ്ലാഗ് മാർച്ചുകൾ നടത്തി. പഞ്ചാബ് പ്രവിശ്യയിൽ നിന്ന് ആയിരക്കണക്കിന് സൈനികരെയും ഇസ്ലാമാബാദിൽ നിന്ന് 1,000-ലധികം അധിക സൈനികരെയും മേഖലയിലേക്ക് അയച്ചതായി പാക് മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു. പ്രതിഷേധങ്ങൾ അടിച്ചമർത്താൻ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നിലവിലെ രാഷ്ട്രീയ, സാമ്പത്തിക അതൃപ്തികളാണ് പാകിസ്ഥാൻ അധിനിവേശ ജമ്മു കശ്മീരിലെ ജനകീയ പ്രക്ഷോഭത്തിന് കാരണമെന്ന് പ്രാദേശിക മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. സർക്കാരിന്റെ ഉറപ്പുകൾ പാലിക്കപ്പെടാത്തതിനെതിരെ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയും പ്രാദേശിക ജനങ്ങളും ശക്തമായ പ്രതിഷേധം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."