'ഈ പരിപാടി നടക്കില്ല, മുറ്റത്ത് വണ്ടി കേറ്റിയാൽ ടൈൽസ് പൊട്ടുമെന്ന പറഞ്ഞ ഉദ്യോഗസ്ഥനെ കാണണം'; പരിപാടിക്ക് ആളില്ലാത്തതിനാൽ ഉദ്ഘടനം റദ്ദാക്കി ഗതാഗത മന്ത്രി
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലേക്ക് സംസ്ഥാന സർക്കാർ വാങ്ങിയ വാഹനങ്ങളുടെ ഉദ്‌ഘാടനം റദ്ദാക്കി ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാർ. മോട്ടാർ വാഹനവകുപ്പിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥർ പോലും പരിപാടിക്ക് എത്താത്തതും വാഹനങ്ങൾ കൃത്യമായി ഇടാത്തതുമാണ് മന്ത്രിയെ ചൊടിപ്പിച്ചത്. 52 എംവിഡി വാഹനങ്ങളാണ് ഇന്ന് ഉദ്‌ഘാടനം ചെയ്ത് കൈമാറേണ്ടിയിരുന്നത്. കനകക്കുന്നിൽ സംഘടിപ്പിച്ച പരിപാടി എന്നാൽ ആളില്ലാത്ത അവസ്ഥയിലായതോടെ മന്ത്രി പരിപാടി റദ്ദാക്കുകയാണെന്ന് മൈക്കിലൂടെ അറിയിക്കുകയായിരുന്നു.
വലിയ പരിപാടി ആയിട്ടും ചടങ്ങിലേക്ക് എത്തിയത് കേരള കോൺഗ്രസ് ബിയിലെ ഏതാനും പാർട്ടി പ്രവർത്തകരും മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും കെഎസ്ആർടിസിയിലെ കുറച്ച് ഉദ്യോഗസ്ഥരും മാത്രമായിരുന്നു. പരിപാടി സംഘടിപ്പിക്കുന്ന മോട്ടോർ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ ആരും തന്നെ പരിപാടിയ്ക്ക് എത്തിയില്ല. പരിപാടിയുടെ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ പരിപാടിക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് പറഞ്ഞ മന്ത്രി ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്നും അറിയിച്ചു.
ആകെ 52 വാഹനങ്ങളാണ് ഉദ്‌ഘാടനത്തിനായി കനകക്കുന്നിൽ എത്തിച്ചിരുന്നത്. എന്നാൽ ഉദ്ഘാടനത്തിനായി വാഹനങ്ങൾ ക്രമീകരിച്ചതിലും മന്ത്രി ഗണേഷ് കുമാർ അതൃപ്തി അറിയിച്ചു. പരിപാടി നടക്കുന്ന കനകക്കുന്നിലെ മുറ്റത്ത് വാഹനം കയറ്റിയിട്ടാൽ മുറ്റത്ത് പാകിയ ടൈൽസ് പൊട്ടുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. വാഹനം കയറ്റിയിട്ടാൽ പൊട്ടുന്ന ടൈൽസ് ആണ് ഇവിടെ ഇട്ടിട്ടുള്ളത് എങ്കിൽ ആ ഉദ്യോഗസ്ഥൻ ആരാണെന്ന് അറിയാൻ ബന്ധപ്പെട്ട വകുപ്പിന് കത്ത് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
ക്ഷമിക്കണം എന്ന മുഖവുരയോടെ ഈ പരിപാടി ഇവിടെ റദ്ദാക്കുകയാണെന്നും മന്ത്രി അറിയിച്ചു. പിന്നാലെ ഉദ്‌ഘാടനം മറ്റൊരു ദിവസത്തേക്ക് മാറ്റാൻ മന്ത്രി നിർദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."