'ആ ക്ലബ്ബിൽ ഞാൻ കാണുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിനെയല്ല'; റൂബൻ അമോറിമിനെ പുറത്താക്കണമെന്ന ആവിശ്യവുമായി യുണൈറ്റഡിന്റെ ഇതിഹാസ താരം
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരം വെയ്ൻ റൂണി, ക്ലബ്ബിന്റെ നിലവിലെ മാനേജർ റൂബൻ അമോറിമിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തി. ഓൾഡ് ട്രാഫോർഡിൽ വലിയ മാറ്റങ്ങൾ ആവശ്യമാണെന്നും ക്ലബ്ബിന്റെ ഭാവി ദിശയെക്കുറിച്ച് ഉടമകൾ വ്യക്തമായ ഉത്തരം നൽകണമെന്നും റൂണി ആവശ്യപ്പെട്ടു.

റൂണി ബിബിസി ഷോയിൽ സംസാരിക്കവെ, മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉടമകൾ മുതൽ കളിക്കാർ വരെ എല്ലാം താറുമാറാണെന്ന് റൂണി പറഞ്ഞു. "ഈ സാഹചര്യത്തെക്കുറിച്ച് പോസിറ്റീവായി ഒന്നും പറയാനില്ല. എനിക്ക് ആത്മവിശ്വാസം നൽകുന്ന ഒന്നും ഞാൻ കാണുന്നില്ല. മാനേജർ, കളിക്കാർ, എന്തുതന്നെയായാലും വലിയ മാറ്റങ്ങൾ വേണം. മാഞ്ചസ്റ്റർ യുണൈറ്റഡിനെ തിരികെ കൊണ്ടുവരാൻ എന്ത് വേണമെങ്കിലും ചെയ്യണം. ഗ്ലേസർമാരോ (ന്യൂനപക്ഷ ഉടമ), സർ ജിം റാറ്റ്ക്ലിഫോ ആകട്ടെ, ഈ ക്ലബ്ബ് എവിടേക്കാണ് പോകുന്നതെന്ന് വ്യക്തമായ ഒരു ഉത്തരം നൽകണം. എല്ലാവരും ആ നിമിഷത്തിനായി കാത്തിരിക്കുകയാണ്," റൂണി പറഞ്ഞു.
ക്ലബ്ബിൽ ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുന്നുണ്ടെന്നും, തന്റെ കുട്ടികൾ പരിശീലനം നടത്തുന്ന അക്കാദമിയെ ഇത് ബാധിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും റൂണി പറഞ്ഞു. "ആ ഫുട്ബോൾ ക്ലബ്ബിന്റെ സംസ്കാരം ഇല്ലാതായി. ഞാൻ അത് ദിവസവും കാണുന്നു. ജീവനക്കാർ ജോലി ഉപേക്ഷിച്ച് പോകുന്നു. എന്റെ രണ്ട് കുട്ടികൾ അക്കാദമിയിലാണ്, ഇത് അവരെ ബാധിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ കാണുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പഴയ രൂപമല്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
റൂബൻ അമോറിമിനെക്കുറിച്ച് സംസാരിക്കവെ, പോർച്ചുഗീസ് മാനേജർ ഭാവിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് റൂണി പറഞ്ഞു. എന്നാൽ, മാഞ്ചസ്റ്റർ യുണൈറ്റഡിൽ കാര്യങ്ങൾ മാറ്റിമറിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് തനിക്ക് വിശ്വാസമില്ലെന്നും വ്യക്തമാക്കി. "ഞാൻ മാനേജ്മെന്റിൽ പരീക്ഷണം നടത്തി, പക്ഷേ അത് വിജയിച്ചില്ല. റൂബൻ അമോറിം എന്റെ പ്രായക്കാരനാണ്, ഒരു യുവ മാനേജർ. അദ്ദേഹത്തിന് വലിയ ഭാവിയുണ്ട്. പക്ഷേ, മാഞ്ചസ്റ്റർ യുണൈറ്റഡിൽ നടക്കുന്നത് യഥാർത്ഥ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നടക്കുന്നല്ല. അദ്ദേഹത്തിന് കാര്യങ്ങൾ ശരിയാക്കാൻ കഴിയുമെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. പക്ഷേ, 'അദ്ദേഹം അത് ചെയ്യുമെന്ന് നിനക്ക് വിശ്വാസമുണ്ടോ?' എന്ന് ചോദിച്ചാൽ, ഞാൻ കണ്ടതെല്ലാം വെച്ച്, സത്യം പറഞ്ഞാൽ, എനിക്ക് അതിൽ വിശ്വാസമില്ല," റൂണി പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ 13 വർഷത്തെ കരിയറിൽ റൂണി അഞ്ച് പ്രീമിയർ ലീഗ് കിരീടങ്ങൾ നേടി.ഫുട്ബോളിൽ നിന്ന് വിരമിച്ച ശേഷം ഡിസി യുണൈറ്റഡ്, ഡെർബി കൗണ്ടി, ബർമിംഗ്ഹാം എന്നിവിടങ്ങളിൽ പരിശീലകനായെങ്കിലും വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ റൂണിക്ക് കഴിഞ്ഞില്ല.
2024 നവംബറിൽ റൂബൻ അമോറിമിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജരായി നിയമിച്ചത്. എന്നാൽ, തുടർച്ചയായി പ്രീമിയർ ലീഗ് മത്സരങ്ങൾ ജയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സീസണിൽ ടീം ലീഗിൽ 15-ാം സ്ഥാനത്തെത്തി, യൂറോപ്പ ലീഗ് ഫൈനലിൽ ടോട്ടനം ഹോട്‌സ്പറിനോട് പരാജയപ്പെട്ടു. നിലവിൽ ആറ് മത്സരങ്ങൾക്ക് ശേഷം ടീം ലീഗ് ടേബിളിൽ 14-ാം സ്ഥാനത്താണ്, പകുതി മത്സരങ്ങളിലും ദയനീയമായി തോൽവി ഏറ്റുവാങ്ങി.
talkSPORT-ന്റെ റിപ്പോർട്ട് പ്രകാരം, മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ മാനേജർമാരെ തേടുന്നു. ഗാരത് സൗത്ത്‌ഗേറ്റ്, ക്രിസ്റ്റൽ പാലസിന്റെ ഒലിവർ ഗ്ലാസ്നർ, ബോൺമൗത്തിന്റെ ആൻഡോണി ഇറോള എന്നിവർ പരിഗണനയിലുള്ള പേരുകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."