മോദിക്ക് കാണാമെങ്കിൽ സോനം വാങ്ചുക് മുഹമ്മദ് യൂനുസിനെ കാണുമ്പോൾ പ്രശ്നമാകുന്നതെങ്ങിനെ? - ദേശവിരുദ്ധനാക്കാനുള്ള നീക്കത്തിനെതിരെ വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി
ന്യൂഡൽഹി: ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നും ഭരണഘടന പ്രകാരം ആറാം ഷെഡ്യൂൾ വേണമെന്നും ആവശ്യപ്പെട്ട് നടന്ന സമരത്തെ നയിച്ച മനുഷ്യാവകാശ പ്രവർത്തകൻ സോനം വാങ്ചുകിനെ ദേശ വിരുദ്ധനായി ചിത്രീകരിക്കുന്നതിൽ പ്രതിഷേധവുമായി അദ്ദേഹത്തിന്റെ ഭാര്യയും സാമൂഹിക സംരംഭകയുമായ ഗീതാഞ്ജലി ജെ ആങ്മോ രംഗത്ത്. ബംഗ്ലാദേശ് ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും സോനം വാങ്ചുകും നിൽക്കുന്ന ചിത്രങ്ങൾ എക്‌സിൽ പങ്കുവെച്ചാണ് ഗീതാഞ്ജലി പ്രതിഷേധം അറിയിച്ചത്.
‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി മുഹമ്മദ് യൂനുസിനെ കാണുന്നത് ശരിയാണെങ്കിൽ, ഇന്ത്യയിൽ നിന്നുള്ള നൂതനാശയക്കാരനും വിദ്യാഭ്യാസ വിദഗ്ദ്ധനുമായ സോനം വാങ്ചുക് അദ്ദേഹത്തെ കാണുന്നത് എങ്ങിനെയാണ് പ്രശ്‌നമാകുന്നത്’ എന്ന് ഗീതാഞ്ജലി ജെ ആങ്മോ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ ചോദിച്ചു.
ബംഗ്ലാദേശിലെ അറിയപ്പെട്ട പ്രൊഫസറും ഇക്കണോമിസ്റ്റുമായിരുന്ന മുഹമ്മദ് യൂനുസിനൊപ്പം നിൽക്കുന്ന വാങ്‌ചുകിന്റെ ചിത്രങ്ങൾ പങ്കുവെച്ചാണ് സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിനെ ദേശവിരുദ്ധനായി ചിത്രീകരിച്ച് ഒരു വിഭാഗം പ്രചാരണം നടത്തിയിരുന്നത്. ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനക്കെതിരെ പ്രതിഷേധം ആസൂത്രണം ചെയ്ത ആളുകളുമായി ലഡാക്ക് പ്രക്ഷോഭത്തിന് മുമ്പ് വാങ്ചുക് ഗൂഢാലോചന നടത്തിയെന്നാണ് ഈ വിഭാഗം ഉയർത്തിയ ആരോപണം. ഇതിനെതിരെയാണ് മോദിയുടെ ചിത്രം വെച്ചുള്ള ഗീതാഞ്ജലിയുടെ മറുപടി.
സോനം വാങ്ചുകിനെതിരെ കേന്ദ്രസർക്കാർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ഗീതാഞ്ജലി നേരത്തെ നിഷേധിച്ചിരുന്നു. തന്റെ ഭർത്താവിനെ ലഡാക്കിൽ നിന്ന് കൊണ്ടുപോയ ഒരു പൊലിസുകാരിൽ നിന്നും തനിക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും 48 മണിക്കൂറിലധികം കഴിഞ്ഞെന്നും ഗീതാഞ്ജലി ജെ ആങ്മോ പറഞ്ഞു. ജാമ്യമില്ലാതെ ദീർഘകാലം തടങ്കലിൽ വയ്ക്കാൻ വ്യവസ്ഥ ചെയ്യുന്ന ദേശീയ സുരക്ഷാ നിയമപ്രകാരമാണ് വാങ്ചുകിനെതിരെ ചുമത്തിയിരിക്കുന്നത്.
ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നും ഭരണഘടന പ്രകാരം ആറാം ഷെഡ്യൂൾ വേണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച നിരാഹാര സമരം നടത്തിയതിന് പിന്നാലെ ഉണ്ടായ പ്രക്ഷോഭത്തിൽ നാല് പേർ മരിക്കുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്നാണ് സമരത്തിന്റെ മുഖമായിരുന്ന സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."