'ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ ഈ വര്‍ഷം നിലവില്‍ വരും'; യുഎഇ ടൂറിസം വകുപ്പ് മന്ത്രി
ദുബൈ: ഈ വർഷം അവസാനത്തോടെ ഗൾഫ് രാജ്യങ്ങൾ ഏകീകൃത ടൂറിസ്റ്റ് വിസയുടെ പരീക്ഷണ ഘട്ടം ആരംഭിക്കുമെന്ന് യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രിയും എമിറേറ്റ്സ് ടൂറിസം കൗൺസിൽ ചെയർമാനുമായ അബ്ദുല്ല ബിൻ തൗഖ് അൽ മാരി. ഷെങ്കൻ വിസ ശൈലിയിലുള്ള ഈ വിസ ഉപയോഗിച്ച് വിനോദസഞ്ചാരികൾക്ക്, യുഎഇ, സഊദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നീ ആറ് ജിസിസി രാജ്യങ്ങൾ സന്ദർശിക്കാൻ സാധിക്കും.
യുഎഇ വാർത്താ ഏജൻസിയായ വാമിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. പ്രാദേശിക സംയോജനത്തിന്റെ തന്ത്രപരമായ ചുവടുവയ്പ്പാണ് ഇതെന്നും ഇത് ഗൾഫിന്റെ ടൂറിസം ആകർഷണം വർധിപ്പിക്കുമെന്നും അൽ മാരി വ്യക്തമാക്കി. പരീക്ഷണ ഘട്ടത്തിന് ശേഷം, പദ്ധതി വൈകാതെ പൂർണമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കൃത്യമായ തീയതി വെളിപ്പെടുത്തിയിട്ടില്ല.
2025 ജൂൺ 16-ന് ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ, വിസയ്ക്ക് അംഗീകാരം ലഭിച്ചതായും ഉടൻ നടപ്പാക്കുമെന്നും അൽ മാരി സൂചിപ്പിച്ചിരുന്നു. “ജിസിസി സിംഗിൾ ടൂറിസ്റ്റ് വിസ അംഗീകരിച്ചു. ഇനി ആഭ്യന്തര മന്ത്രാലയവും ബന്ധപ്പെട്ടവരും അതിന്റെ നടപടികൾ പൂർത്തിയാക്കണം,” യുഎഇ ഹോസ്പിറ്റാലിറ്റി സമ്മർ ക്യാമ്പിൽ വെച്ച് അദ്ദേഹം പറഞ്ഞു.
ഈ വിസ ഉപയോഗിച്ച് വിനോദസഞ്ചാരികൾക്ക് ആറ് രാജ്യങ്ങളിലേക്കും യാത്ര ചെയ്യാം സാധിക്കും. വിസയുടെ ചാർജിനെക്കുറിച്ചോ കാലാവധിയെക്കുറിച്ചോ യാതൊരു വിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ജിസി വിസ പ്രാദേശിക ടൂറിസം മേഖലയ്ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും വൻ മുന്നേറ്റമാകുമെന്നാണ് ടൂറിസം രംഗത്തെ വിദഗ്ധർ പറയുന്നത്. ജിസിസി ഏകീകൃത വിസ നിലവിൽ വന്നാൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ജിഡിപിയിൽ കാര്യമായ വർധനവുണ്ടാകുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു.
എല്ലാ ജിസിസി രാജ്യങ്ങൾക്കും ഈ വിസ മൂലം പ്രയോജനം ഉണ്ടാകുമെങ്കിലും യുഎഇക്കും സഊദിക്കുമാകും വൻ നേട്ടം ഉണ്ടാവുക. 2024-ൽ യുഎഇയിലേക്ക് 3.3 ദശലക്ഷം ജിസിസി സന്ദർശകർ എത്തിയെന്നും, ഇത് മൊത്തം അതിഥികളുടെ 11% ആണെന്നും അൽ മാരി വെളിപ്പെടുത്തി.
2025 സെപ്റ്റംബർ മധ്യത്തോടെ, യുഎഇയിലെ ടൂറിസം, ഹോസ്പിറ്റാലിറ്റി, വ്യോമയാനം, ഡിജിറ്റൽ ടൂറിസം മേഖലകളിലെ വാണിജ്യ ലൈസൻസുകൾ 39,546-ലെത്തി. 2020-നെ അപേക്ഷിച്ച് 275% വർധനവാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ജിസിസി ഏകീകൃത വിസ പ്രാദേശിക ടൂറിസത്തിന്റെ കുതിപ്പിന് കരുത്തേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
the uae tourism minister announced that the gcc unified tourist visa will come into effect this year, allowing seamless travel across gulf countries and boosting regional tourism.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."