ഓണസദ്യ കേമമാക്കി; ഗുഡ് സർവിസ് എൻട്രി വാരിക്കോരി നൽകി കേരള പൊലിസ്; ഉദ്യോഗസ്ഥർക്ക് വേണ്ടപ്പെട്ടവർക്ക് നൽകാൻ ഓരോ കാരണങ്ങളെന്ന് വിമർശനം
കണ്ണൂർ: ഓണസദ്യ കഴിച്ച് കൈയും കഴുകി ഏമ്പക്കവും വിട്ടപ്പോഴാണ് ഉന്നത ഏമാൻമാർക്ക് ഇങ്ങനെയൊരു ചിന്ത വന്നതതെന്നാണ് പറയുന്നത്. പിന്നെ താമസിച്ചില്ല, ഗുഡ് സർവിസ് എൻട്രി 'വാരിക്കോരി' നൽകി. അതും ഒന്നും രണ്ടും പേർക്കൊന്നുമല്ല, 11 പൊലിസുകാർക്ക്. ഓണസദ്യ ഒരുക്കിയ സേനാംഗങ്ങൾക്ക് ഗുഡ് സർവിസ് എൻട്രി നൽകി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കേരള പൊലിസ്.
കണ്ണൂർ കെ.എ.പി ബറ്റാലിയനിൽ ഈ വർഷത്തെ ഓണാഘോഷവുമായി ബന്ധപ്പെട്ട്, റിക്രൂട്ട് കമ്പനി സേനാംഗങ്ങൾക്കായി ഓണസദ്യ ഒരുക്കിയതിനാണ് സത് സേവന രേഖ നൽകി ഉത്തരവ് വന്നിരിക്കുന്നത്. ഓണസദ്യ വളരെ മികവുറ്റും പ്രശംസനീയവുമായും ഒരുക്കിയതിനാണ് സത് സേവന രേഖ അനുവദിക്കുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്. എ.പി.ഐ റാങ്കിലുള്ള രണ്ടുപേരും എ.പി.എസ്.ഐ റാങ്കിലുള്ള ഒരാളും എച്ച്.ഡി.ആർ റാങ്കിലുള്ള രണ്ടുപേരും പി.സി റാങ്കിലുള്ള അഞ്ചുപേരും ഉൾപ്പെടെ 11 പൊലിസ് സേനാംഗങ്ങൾക്കാണ് ഗുഡ്‌സ് സർവിസ് എൻട്രി നൽകിയുള്ള ഉത്തരവ് ലഭിച്ചിരിക്കുന്നത്.
ഏകദേശം അമ്പതോളം ഗുഡ് സർവിസ് എൻട്രി കിട്ടിയ ആളുകളെയാണ് രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടെയും മെഡലിനുള്ള പട്ടികയിലേക്ക് ശുപാർശ ചെയ്യുന്നത്. സാധാരണയായി കേസന്വേഷണം, ക്രമസമാധാനപാലനം ഉൾപ്പെടെയുള്ളവയ്ക്കാണ് പൊലിസ് ഗുഡ് സർവിസ് എൻട്രി നൽകാറുള്ളത്. കേരള പൊലിസിൽ ചരിത്രത്തിൽ ആദ്യമായാണ് ഓണസദ്യ ഒരുക്കിയതിന് ഗുഡ് സർവിസ് എൻട്രി നൽകിയിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥർക്ക് വേണ്ടപ്പെട്ട പൊലിസുകാർക്കാണ് ഇത്തരത്തിലുള്ള അംഗീകാരങ്ങൾ നൽകുന്നതെന്നും അതിനായി ഓരോ കാരണങ്ങൾ കണ്ടെത്തുകയാണെന്നും സേനയിൽ തന്നെ ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."