'പാക്കിസ്ഥാന് കൊല്ലാൻ കഴിഞ്ഞില്ല, പക്ഷേ ഇന്ത്യൻ പൊലിസ് അത് ചെയ്തു'; ലഡാക്കിൽ കൊല്ലപ്പെട്ടവരിൽ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ജവാനും
ശ്രീനഗർ: കേന്ദ്രസർക്കാരിനെതിരേ വിമർശനവുമായി ലഡാക്ക് പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത വിമുക്ത ഭടൻ സെവാങ് താർച്ചിന്റെ (46) പിതാവ്. അതിർത്തി കാത്ത തന്റെ മകനെ പാകിസ്ഥാന് പോലും കൊലപ്പെടുത്താൻ കഴിഞ്ഞില്ലെന്നും എന്നാൽ ഇന്ത്യൻ സൈന്യം അവനെ കൊലപ്പെടുത്തിയെന്നും സെവാങ് താർച്ചിന്റെ പിതാവ് സ്റ്റാൻസിൻ നംഗ്യാൽ പറഞ്ഞു.
പ്രതിഷേധം അക്രമാസക്തമായതോടെ പൊലിസ് നടത്തിയ വെടിവയ്പ്പിൽ ജീവൻ നഷ്ടപ്പെട്ട നാലുപേരിൽ ഒരാളായിരുന്നു ലേയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയുള്ള സാബുവിൽ ഗ്രാമത്തിൽനിന്നുള്ള അദ്ദേഹം. വെടിയുണ്ടകളിലൊന്ന് താർച്ചിന്റെ പിൻഭാഗത്ത് തുളച്ചുകയറി നെഞ്ചിലൂടെ പുറത്തേക്ക് പോയതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മൃതദേഹത്തിൽ മർദനമേറ്റ പാടും ഉണ്ട്. ഇത് വെടിയേൽക്കും മുമ്പ് അദ്ദേഹത്തെ പൊലിസ് ആക്രമിച്ചതിന് തെളിവാണെന്ന് പിതാവ് പറഞ്ഞു.
മകൻ ദേശസ്‌നേഹിയായിരുന്നു. കാർഗിൽ യുദ്ധത്തിൽ പോരാടുകയും മൂന്ന് മാസത്തോളം മുൻനിരയിൽ നിലകൊള്ളുകയുംചെയ്തു. ദാ ടോപ്പിലും തോലോലിംഗിലും അദ്ദേഹം പാക് സൈന്യത്തോട് പോരാടി. എന്നിട്ടും പാകിസ്താനികൾക്ക് അദ്ദേഹത്തെ കൊല്ലാൻ കഴിഞ്ഞില്ല, പക്ഷേ നമ്മുടെ സ്വന്തം സൈന്യം അദ്ദേഹത്തിന്റെ ജീവൻ എടുത്തു- പിതാവ് പറഞ്ഞു. നംഗ്യാലും സൈനികനാണ്. 2002ൽ സുബേദാർ മേജറും ഓണററി ക്യാപ്റ്റനുമായി വിരമിച്ചയാളാണ് നംഗ്യാൽ.
മകൻ താർച്ചിൻ ലഡാക്ക് സ്‌കൗട്ടിൽ ആയിരുന്നപ്പോൾ ഞാൻ 3 ഇൻഫൻട്രി ഡിവിഷനിലായിരുന്നു. സിയാച്ചിനിൽ നാല് തവണ താർച്ചിൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്റെ സേവനങ്ങൾക്ക് കരസേനാ മേധാവിയിൽ നിന്ന് അഭിനന്ദന കാർഡ് ലഭിച്ചിട്ടുണ്ട്. സൈന്യത്തിൽ ചേരുന്നത് ഞങ്ങളുടെ രക്തത്തിലലിഞ്ഞതാണ്. താർച്ചിന്റെ കുട്ടികൾ പോലും ആർമി സ്‌കൂളിലാണ് പഠിക്കുന്നത്. മക്കളും സൈന്യത്തിൽ ചേരണമെന്ന് താർച്ചിൻ ആഗ്രഹിച്ചു. പാകിസ്ഥാനിൽ നിന്ന് ധലുങ്ബ പോസ്റ്റ് തിരിച്ചുപിടിച്ച് ഇന്ത്യൻ ദേശീയ പതാക ഉയർത്തിയ സൈനികരിൽ മകനും ഉണ്ടായിരുന്നു. എന്നിട്ടും ദേശസ്‌നേഹികളോട് സർക്കാർ പെരുമാറുന്നത് ഇങ്ങനെയാണോ?- നംഗ്യാൽ ചോദിച്ചു.
യുദ്ധം ഉണ്ടാകുമ്പോഴെല്ലാം ഞങ്ങൾ ലഡാക്കികളാണ് സൈന്യത്തിന് എല്ലാ പിന്തുണയും നൽകുന്നത്. നമ്മുടെ യുവാക്കളെ പട്ടാളക്കാരായി നൽകുന്നതിനുപുറമെ ഞങ്ങൾ അവരുടെ പോർട്ടർമാരും ഗൈഡുകളും ആയി മാറുന്നു. നമ്മുടെ സ്ത്രീകൾ ഭക്ഷണം പാകം ചെയ്യുകയും സൈനികർക്ക് അത് വിതരണവും ചെയ്യുന്നു. ഇപ്പോൾ അവർ ഞങ്ങളെ ദേശവിരുദ്ധരാക്കുന്നു- നംഗ്യാൽ കൂട്ടിച്ചേർത്തു.
നേരത്തെ സൈന്യത്തിൽ നിന്ന് വിരമിച്ച സെവാങ് താർച്ചിൻ ലഡാക്കിൽ വസ്ത്രക്കട നടത്തിവരികയായിരുന്നു. ഭാര്യയും നാല് മക്കളും അടങ്ങുന്നതാണ് താർച്ചിന്റെ കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."