ഹമാസിന് റോളുകളില്ലാത്ത, യു.എസിന്റെ മേല്‍നോട്ടത്തിലുള്ള ഭരണകൂടം നയിക്കുന്ന, ഇസ്‌റാഈലിന് ഭീഷണികളില്ലാത്ത ഗസ്സ; ട്രംപിന്റെ 20 ഇന പദ്ധതിയിലെ ഫലസ്തീന്‍ രാഷ്ട്രം ഇങ്ങനെ
വാഷിങ്ടണ്‍: ഹമാസിന് ഒരു റോളുമില്ലാത്ത, അവര്‍ കീഴൊതുങ്ങിയ ഗസ്സ. ഇതാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വപ്നം. മാത്രമല്ലഗസ്സയില്‍ നിന്ന് ഇസ്റാഈലിനെ അകറ്റി അമേരിക്കയുടെ കൈപ്പിടിയിലേക്ക് കൊണ്ടുവരുന്ന പ്ലാനാണ് ട്രംപ് തന്ത്രപരമായി നീക്കുന്നത്. ഇതിനായി 20 ഇന പദ്ധതികള്‍ ട്രംപ് മുന്നോട്ട് വെക്കുന്നു.
ട്രംപ് മുന്നോട്ട് വെച്ച 20 ഇന പദ്ധതി ഇങ്ങനെ
1. ഗസ്സ ആകമാനം നിരായുധീകരിക്കും. അയല്‍പക്കത്തിന് (ഇസ്‌റാഈല്‍) ഭീഷണിയാകാത്ത ടെറര്‍ ഫ്രീ സോണ്‍ ആക്കും.
2. ആവശ്യത്തിലേറെ ദുരിതമനുഭവിച്ച ഗസ്സ നിവാസികള്‍ക്ക് ഉപകരിക്കും വിധത്തില്‍ പ്രദേശം പുനര്‍നിര്‍മിക്കും.
3. ഇരുപക്ഷവും ഈ പദ്ധതി അംഗീകരിക്കാന്‍ ധാരണയിലെത്തിയാല്‍ യുദ്ധം ഉടനടി അവസാനിപ്പിക്കും. ഇസ്‌റാഈലി സൈന്യം നടപടികള്‍ നിര്‍ത്തിവെക്കുകയും ക്രമേണ ഗസ്സയില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്യും. ബന്ദികളെ മോചിപ്പിക്കുന്നതിനായി സൈന്യം സമ്മതിച്ച നിരയിലേക്ക് പിന്‍വാങ്ങും. ഈ സമയത്ത്, വ്യോമാക്രമണവും പീരങ്കി ആക്രമണവും ഉള്‍പ്പെടെയുള്ള എല്ലാ സൈനിക നടപടികളും നിര്‍ത്തിവയ്ക്കും. യുദ്ധനടപടികള്‍ മരവിപ്പിക്കും.
4. കരാര്‍ അംഗീകരിക്കുന്ന കാര്യം ഇസ്‌റാഈല്‍ പ്രഖ്യാപിച്ച് 72 മണിക്കൂറിനുള്ളില്‍ ജീവിച്ചിരിക്കുന്നതും മരിച്ചതുമായ മുഴുവന്‍ ബന്ദികളെയും ഹമാസ് വിട്ടയക്കും.
5. ബന്ദികള്‍ തിരിച്ചെത്തിയാലുടന്‍ ഇസ്‌റാഈല്‍ ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കും. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 250 തടവുകാരെയും 2023 ഒക്‌ടോബര്‍ 7ന് ശേഷം അറസ്റ്റിലായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 1700 പേരെയുമാണ് ഇസ്‌റാഈല്‍ വിട്ടയക്കുക. ഇസ്‌റാഈല്‍ കൈവശം വെച്ച ഫലസ്തീനികളുടെ മൃതദേഹവും വിട്ടുകൊടുക്കും.
6. ബന്ദികള്‍ മോചിപ്പിക്കപ്പെട്ടുകഴിഞ്ഞാല്‍ സമാധാനത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന, സഹവര്‍ത്തിത്വത്തിനും ആയുധങ്ങള്‍ ഉപേക്ഷിക്കാനും തയ്യാറാവുന്ന ഹമാസ് അംഗങ്ങള്‍ക്ക് പൊതുമാപ്പ് നല്‍കും. ഗസ്സ വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരെ സ്വീകരിക്കാന്‍ തയാറുള്ള രാജ്യത്തേക്ക് സുരക്ഷിത പാത അനുവദിക്കും.
7. കരാറില്‍ തീരുമാനമായാല്‍ ഗസ്സയിലേക്ക് ഭക്ഷ്യ, ആരോഗ്യ സഹായ വിതരണം ആരംഭിക്കും. പ്രതിദിനം 600 ട്രക്കുകളാണ് അനുവദിക്കും. 2025 ജനുവരി 19 ലെ കരാര്‍ പ്രകാരമുള്ള മാനുഷിക സഹായമാണ് അനുവദിക്കുക. വൈദ്യുതി, കുടിവെള്ള, മാലിന്യനിര്‍മാര്‍ജന സംവിധാനങ്ങള്‍ പുന:സ്ഥാപിക്കും. ആശുപത്രികളുടെയും ബേക്കറികളുടെയും പുനരധിവാസം, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും തുറന്ന റോഡുകള്‍ തുറക്കുന്നതിനും ആവശ്യമായ ഉപകരണങ്ങളുടെ പ്രവേശനം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
8. ഇരുവിഭാഗത്തിന്റെയും ഇടപെടലില്ലാതെ സഹായങ്ങള്‍ കൃത്യമായി വിതരണം ചെയ്യും. യുഎന്നും റെഡ് ക്രസന്റും ഇരു കക്ഷികളുമായും ഒരു തരത്തിലും ബന്ധമില്ലാത്ത മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങളും അതിന് നേതൃത്വം വഹിക്കും. റഫ അതിര്‍ത്തി ഇരു ഭാഗത്തേക്കും തുറക്കും. 2025 ജനുവരി 19 ലെ കരാറിന് കീഴില്‍ നടപ്പിലാക്കിയ അതേ സംവിധാനത്തിന് വിധേയമായിരിക്കും റഫ ക്രോസിംഗ് തുറക്കുന്നത്.
9. ഗസ്സ ഭരണത്തിന് ഫലസ്തീനി ടെക്‌നോക്രാറ്റുകള്‍ അടങ്ങുന്ന താല്‍കാലിക ഇടക്കാല ഭരണ സംവിധാനം. അറബ്, യൂറോപ്യന്‍ സഖ്യകക്ഷികളുടെ അഭിപ്രായം തേടി യു.എസ് സ്ഥാപിക്കുന്ന പുതിയ അന്താരാഷ്ട്ര ഭരണസംവിധാനം ഇത് നിരീക്ഷിക്കും. ഈ കമ്മിറ്റിയില്‍ 'യോഗ്യതയുള്ള' ഫലസ്തീനികളും അന്താരാഷ്ട്ര വിദഗ്ധരും ഉണ്ടാകും. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആയിരിക്കും ഇതിന് നേതൃത്വം വഹിക്കുക. മുന്‍ ബ്രിട്ടീഷ്പ്രധാനമന്ത്രി ടോണി ബ്ലെയറും സമിതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഫലസ്തീന്‍ അതോറിറ്റി തങ്ങളുടെ പരിഷ്‌കരണം പൂര്‍ത്തീകരിക്കും വരെ അന്താരഷ്ട്ര ഭരണ സംവിധാനം തുടരും.
10. ആധുനിക മിഡിലീസ്റ്റ് നഗരങ്ങള്‍ നിര്‍മിച്ചു പരിചയമുള്ള വിദഗ്ധരുടെ നേതൃത്വത്തില്‍ ഗസ്സ പുനര്‍നിര്‍മിക്കാന്‍ ഒരു സാമ്പത്തിക പ്ലാന്‍ തയാറാക്കും. നിക്ഷേപവും തൊഴിലും ഉറപ്പാക്കുന്ന തരത്തിലായിരിക്കും പ്ലാന്‍ തയ്യാറാക്കുക.
11. കുറഞ്ഞ താരിഫും നിരക്കുമുള്ള പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കും.
12. ആരെയും ഗസ്സയില്‍ നിന്ന് നിര്‍ബന്ധിച്ചു പുറത്താക്കില്ല. പുറത്തുപോകാന്‍ താല്‍പര്യമുള്ളവര്‍ക്ക് പോവുകയോ മടങ്ങിവരികയോ ചെയ്യാം. അതേസമയം, ഗസ്സയില്‍ തന്നെ തുടരാന്‍ ഗസ്സക്കാരെ പ്രോത്സാഹിപ്പിക്കും.
13. പ്രത്യക്ഷമായോ പരോക്ഷമായോ അല്ലാതെയോ ഗസ്സ ഭരണത്തില്‍ ഹമാസിന് ഒരു റോളുമുണ്ടാകില്ല. ടണലുകള്‍ ഉള്‍പ്പെടെ മുഴുവന്‍ സായുധ സംവിധാനങ്ങളും തകര്‍ക്കും. മാത്രമല്ല പുതിയ സായുധ സംവിധാനങ്ങള്‍ സൃഷ്ടിക്കാനും അനുവദിക്കില്ല. നിരായുധീകരണ പ്രക്രിയ ഉറപ്പാക്കാന്‍ സ്വതന്ത്ര നിരീക്ഷകരെ നിയോഗിക്കും. നിരായുധീകരണം ഉറപ്പുവരുത്തുന്നത് ഉള്‍പെടെയുള്ള കാര്യങ്ങള്‍ അവര്‍ക്ക് കീഴില്‍ വരും. സമ്പന്നമായ ഒരു സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും അയല്‍ക്കാരുമായി സമാധാനപരമായ സഹവര്‍ത്തിത്വത്തിനും പുതിയ ഗസ്സ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമായിരിക്കും.
14. ഹമാസും മറ്റ് ഗസ്സ ഗ്രൂപ്പുകളും ഉറപ്പുകള്‍ പാലിക്കുന്നുവെന്നും ഇസ്‌റാഈലിന് ഭീഷണിയാകില്ലെന്നും ഉറപ്പു വരുത്താന്‍ മേഖലയിലെ സഖ്യരാഷ്ട്രങ്ങളുടെ സുരക്ഷ ഗ്യാരന്റി.
15. അറബ്, മറ്റ് രാജ്യാന്തര സംവിധാനങ്ങള്‍ എന്നിവയുമായി സഹകരിച്ച് യുഎസ് ഒരു ഇന്റര്‍നാഷനല്‍ സ്റ്റബിലൈസേഷന്‍ ഫോഴ്‌സ് വികസിപ്പിക്കുകയും ഉടനടി തന്നെ ഈ സേനയെ ഗസ്സയില്‍ വിന്യസിക്കുകയും ചെയ്യും. സേന ദീര്‍ഘകാല ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്തും. ഇതോടൊപ്പം ഫലസ്തീന്‍ പൊലിസ് സേനയെ പരിശീലിപ്പിക്കും.
16. ഇസ്‌റാഈല്‍ ഗസ്സ കൈയേറുകയോ പിടിച്ചടക്കുകയോ ഇല്ല. ക്രമേണ ഐ.എസ്.എഫിന് (ഇന്റര്‍നാഷനല്‍ സ്റ്റബിലൈസേഷന്‍ ഫോഴ്‌സ്) പ്രദേശം കൈമാറി ഐ.ഡി.എഫ് (ഇസ്‌റാഈല്‍ സൈന്യം) പിന്‍വാങ്ങും. പരിശീലനം നേടിയ ഫലസ്തീന്‍ പൊലിസുമായി ചേര്‍ന്നാണ് ഐ.എസ്.എഫ് പ്രവര്‍ത്തിക്കുക. ഈജിപ്തും ജോര്‍ദനും ഇക്കാര്യം ഉറപ്പ് വരുത്തും. അയല്‍ രാജ്യങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും ഗസ്സ ഒരു വെല്ലുവിളിയും ഉയര്‍ത്തില്ല.
17. ഈ നിര്‍ദേശങ്ങള്‍ ഹമാസ് നിരസിക്കുകയോ താമസിപ്പിക്കുകയോ ചെയ്താല്‍ മേല്‍പറഞ്ഞ പോയിന്റുകള്‍ ടെറര്‍ ഫ്രീ മേഖലകളില്‍ നടപ്പാക്കും. അവിടം ഇന്റര്‍നാഷണല്‍ സ്റ്റബിലൈസേഷന്‍ ഫോഴ്‌സിന് ക്രമേണ ഐ.ഡി.എഫ് കൈമാറും. (ഹമാസ് അംഗീകരിച്ചില്ലെങ്കിലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന സൂചന കൂടിയാണിത്)
18.ഗസ്സ ജനതയെ 'തീവ്രവാദ മനോഭാവ മുക്തമാക്കാനുള്ള' പദ്ധതി തുടങ്ങും. ഇതിനായി വിവിധ മത സംവാദവും മറ്റും സംഘടിപ്പിക്കും.
19 ഗസ്സ പുനര്‍നിര്‍മാണം പുരോഗമിക്കുമ്പോള്‍ ഫലസ്തീന്‍ അതോറിറ്റിയുടെ നവീകരണ പ്രവര്‍ത്തനങ്ങളും നടക്കും. ഇതിനൊപ്പം ഫലസ്തീന്‍ രാഷ്ട്ര സ്ഥാപനത്തിനുള്ള വിശ്വാസ യോഗ്യമായ മാര്‍ഗരേഖ നിലവില്‍ വരും.
20. സമാധാനപരമായ സഹവര്‍ത്തിത്വത്തിന് ഇസ്‌റാഈലിനെയും ഫലസ്തീനികളെയും പ്രാപ്തരാക്കുന്നതിന് യു.എസിന്റെ നേതൃത്വത്തില്‍ ഫല്‌സതീനും ഇസ്‌റാഈലിനുമിടയില്‍ ചര്‍ച്ച നടത്തും.
എന്നാല്‍ ഒരു ഫലസ്തീന്‍ രാഷ്ട്രം എന്നത് ഒരു അവ്യക്തമായ സാധ്യതയായി മാത്രമേ ഉയര്‍ത്തിക്കാട്ടപ്പെടുന്നുള്ളൂ എന്നാണ് ദി ഗാര്‍ഡിയന്‍ നിരീക്ഷിക്കുന്നത്. ഗസ്സയിലെ ചര്‍ച്ചകളില്‍ ഖത്തര്‍ ഒരു നിര്‍ണായക പങ്കാളിയായി തുടരും. ഏറ്റവും പുതിയ സമാധാന പദ്ധതി അംഗീകരിക്കാന്‍ ഹമാസിനെ പ്രേരിപ്പിക്കാന്‍ ഇത് സഹായിക്കുമെന്ന് വാഷിംഗ്ടണ്‍ പ്രതീക്ഷിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളുമായി ട്രംപ് തന്റെ ഗസ്സ പദ്ധതി വിശദീകരിച്ചിട്ടുണ്ട്. മുന്‍ ബ്രിട്ടീഷ് പ്രധാമന്ത്രി ടോണി ബ്ലെയര്‍ ഉള്‍പ്പെടെയുള്ളവര്‍ ഭാവി ഗസ്സയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുമെന്നാണ് സൂചന. ഇക്കാര്യം ബ്രിട്ടീഷ് സര്‍ക്കാരും സൂചിപ്പിച്ചിട്ടുണ്ട്.
സമാധാന, പുനരുദ്ധാരണ പദ്ധതികളില്‍ യൂറോപ്യന്‍ രാജ്യങ്ങളെയും കൂടെക്കൂട്ടുമെന്നാണ് സൂചന. ഗസ്സയെ ഇസ്റാഈലിനെ കൊണ്ട് നശിപ്പിച്ച ശേഷം ഏറ്റെടുത്തു സ്വന്തം താല്‍പര്യങ്ങള്‍ നടപ്പാക്കാനാണോ യു.എസ് നീക്കമെന്ന് കാത്തിരുന്നു കാണേണ്ടിവരും. ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നതിനെ യു.എസ് എതിര്‍ക്കുന്നതും ട്രംപിന്റെ പദ്ധതി മുന്നില്‍ക്കണ്ടാണ്. ഇസ്റാഈലിനെ കൊണ്ട് വെടിനിര്‍ത്തല്‍ അംഗീകരിപ്പിക്കുകയാണ് ട്രംപിന് മുന്നില്‍ ഇനിയുള്ള വഴിയെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
പശ്ചിമേഷ്യയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ അപൂര്‍വ യോഗം ചേര്‍ന്നിരുന്നു. കഴിഞ്ഞദിവസം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യു.എസ് സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് വെര്‍ജിനിയയില്‍ എത്താന്‍ പെന്റഗണ്‍ നിര്‍ദേശിക്കുകയായിരുന്നു.
under trump's proposed 20-point plan, gaza would be governed by a hamas-free administration supervised by the us, aiming for a threat-free zone for israel and a controlled palestinian state.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."