ഡെപ്യൂട്ടി ഡയറക്ടര്‍ ഉറപ്പു നല്‍കി ബദല്‍ സ്‌കൂള്‍ അധ്യാപകര്‍ക്കും ഓണമുണ്ണാം
നിലമ്പൂര്‍: ജില്ലയിലെ ബദല്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് കഴിഞ്ഞ അഞ്ചുമാസമായി മുടങ്ങികിടക്കുന്ന ശമ്പളം ഓണത്തിനു മുന്‍പ് നല്‍കാമെന്ന് അധ്യാപകര്‍ക്ക് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി. സറഫുള്ള ഉറപ്പ് നല്‍കി.
അധ്യാപക ദിനത്തില്‍ ബദല്‍ സ്‌കൂള്‍ അധ്യാപകരെ ആദരിക്കുന്ന ചടങ്ങിലാണ് ഡയറക്ടര്‍ ഉറപ്പു നല്‍കിയത്. കഴിഞ്ഞ ജനുവരി മുതല്‍ യു.ഡി.എഫ് സര്‍ക്കാര്‍ ബദല്‍ സ്‌കൂള്‍ അധ്യാപകരുടെ ശമ്പളം 5000ത്തില്‍ നിന്നും പതിനായിരമാക്കി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ 5000രൂപ തന്നെയാണ് ഇവര്‍ക്ക് നല്‍കിയത്. വര്‍ധിപ്പിച്ച ശമ്പള നിരക്കില്‍ ഏപ്രില്‍ മുതലുള്ള തുക നല്‍കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കുടിശ്ശിക കൂടി അനുവദിക്കണമെന്ന് അധ്യാപകരുടെ ആവശ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല.
ആദിവാസികളുടെയും തീരദേശ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനാണ് 1997ല്‍ ബദല്‍ സ്‌കൂള്‍ ആരംഭിച്ചത്. അന്ന് 3000 രൂപയാണ് പ്രതിമാസം വേതനമായി നല്‍കിയിരുന്നത്. 19 വര്‍ഷത്തോളം ഈ മേഖലയില്‍ സേവനമനുഷ്ഠിച്ചിട്ടും മാര്‍ച്ച് വരെ 5000രൂപയാണ് ഇവര്‍ക്ക് ലഭിച്ചത്. കൊടുംവനത്തിലൂടെ ജീവന്‍ പണയം വെച്ച് കിലോമീറ്ററുകള്‍ താണ്ടി ജോലിയെടുക്കുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്. മറ്റെല്ലാ മേഖലകളിലും മല്‍സരിച്ച് സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകള്‍ ശമ്പള വര്‍ധനവ് നടത്തുമ്പോഴാണ് ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസുകളില്‍ ഏകാധ്യാപകരായി ജോലി ചെയ്യുന്ന ബദല്‍ സ്‌കൂള്‍ അധ്യാപകരുടെ ദുരിത കാഴ്ച അധികൃതര്‍ കണ്ടില്ലെന്ന് നടിച്ചത്. ഓണത്തിനു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, പുതുക്കിയതും കുടിശ്ശികയായും കിടക്കുന്ന ശമ്പളം കിട്ടില്ലെന്ന പ്രതീക്ഷയില്‍ തന്നെ കഴിയുമ്പോഴാണ് ഡെ.ഡയറക്ടര്‍ ശമ്പളം നല്‍കുമെന്ന പ്രഖ്യാപനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."