രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി; ബിജെപി നേതാവ് പ്രിന്റു മഹാദേവന് ജാമ്യം
തൃശൂര്‍: രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ കേസില്‍ ബിജെപി നേതാവ് പ്രിന്റു മഹാദേവന് ജാമ്യം. കുന്നംകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിന് പിന്നാലെ ഒളിവിലായിരുന്ന പ്രതി ഇന്നുവൈകുന്നേരം 7 മണിയോട് കൂടിയാണ് പേരാമംഗലം പൊലിസ് സ്റ്റേഷനില്‍ ഹാജരായത്.
സ്വകാര്യ ടിവി ചാനലിലെ ചർച്ചയ്ക്കിടെയാണ് പ്രതി എം.പിയും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്കെതിരെ 'വധഭീഷണി' പരാമർശം നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച (സെപ്റ്റംബർ 26) രാത്രി നടന്ന ചാനൽ ചർച്ചയിൽ 'രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ടകൾ വീഴും' എന്ന് പറഞ്ഞതിനെതിരെ കേരള പൊലിസ് കേസ് രജിസ്റ്റ് ചെയ്തിരുന്നു.
നെപ്പാളിലെ ജെൻ സി നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങൾ, ബംഗ്ലാദേശിലെ രാഷ്ട്രീയ സംഘർഷങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് രാഹുൽ ഗാന്ധിക്കെതിരെ പ്രിന്റു മഹാദേവ് വധഭീഷണി പരാമർശം നടത്തിയത്. ഇന്ത്യയിൽ അത്തരം പ്രക്ഷോഭങ്ങൾക്ക് സാധ്യതയില്ലെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ജനങ്ങൾക്കുള്ള പിന്തുണയെത്തുടർന്ന് രാഹുൽ ഗാന്ധി അത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് ശ്രമിച്ചാൽ 'നെഞ്ചത്ത് വെടിയുണ്ടകൾ പതിക്കും' എന്നുമാണ് ബിജെപി വക്താവിന്റെ ഭാഗത്ത് നിന്നും വന്ന ഗുരുതരമായ പ്രസ്താവന. എന്നാൽ പ്രസ്താവനയെ കോൺഗ്രസ് 'ഭീകരവും ഗുരുതരവുമായ വധഭീഷണി'യായി വിശേഷിപ്പിച്ചു.
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) സെക്രട്ടറി സി.സി. ശ്രീകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പേരാമംഗലം പൊലിസ് സ്റ്റേഷനിൽ കേസ് രജിസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) 192 (കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ പ്രകോപനം നൽകൽ), 353 (സമാധാനഭംഗത്തിന് പ്രകോപനമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ അപമാനിക്കൽ), 351(2) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
പ്രിന്റുവിന്റെ പ്രസ്താവന ഗൗരവമുള്ളതാണെന്നും, ഇത് വധഗൂഢാലോചനയുടെ ഭാഗമാണോ എന്ന് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് ദേശീയ സംഘടനാ സെക്രട്ടറി കെ.സി. വേണുഗോപാൽ യൂണിയൻ ഹോംമന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി നടപടി ആവശ്യപ്പെട്ടിരുന്നു.
bjp leader printu mahadev got bail on death threatening case against rahul gandhi
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."