ലഡാക്കില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് ഭരണകൂടം
ന്യൂഡല്‍ഹി: ലഡാക്കില്‍ പ്രക്ഷോഭക്കാര്‍ക്ക് നേരെയുണ്ടായ പൊലിസ് വെടിവെപ്പില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് ലഡാക് ഭരണകൂടം. നുബ്‌റ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റും ഐഎഎസ് ഓഫീസറുമായ മുകുള്‍ ബെനിവാളിനാണ് അന്വേഷണച്ചുമതല. നാലാഴ്ച്ചക്കുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
ലഡാക്കിലുണ്ടായ പൊലിസ് വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത മുന്‍ സൈനികനടക്കം മരിച്ചു. സംഘര്‍ഷത്തിന്റെ കാരണമെന്താണെന്നും, ഉത്തരവാദികളാരാണെന്നും കണ്ടെത്തണമെന്നാണ് നിര്‍ദേശം. വിഷയം കൈകാര്യം ചെയ്തതില്‍ പൊലിസിന്റെ ഭാഗത്ത് നിന്ന് വീഴ്ച്ചയുണ്ടായോ എന്നും പരിശോധിക്കും.
അതിനിടെ ലഡാക്കില്‍ പൊലിസ് അറസ്റ്റ് ചെയ്ത 26 പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ഇനി 30 പേര്‍കൂടി തടവില്‍ കഴിയുന്നുണ്ട്.
അതേസമയം ലഡാക് പ്രക്ഷോഭവുമായി ബന്ധപ്പെട്ട സമവായ ചര്‍ച്ചകള്‍ക്കുള്ള ശ്രമങ്ങള്‍ പുരോഗമിക്കവെ നിലപാട് കടുപ്പിച്ച് കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ് (കെഡിഎ) രംഗത്തെത്തി. അറസ്റ്റിലായ ലഡാക് സമരനായകന്‍ സോനം വാങ്ചുക്കിനെ മോചിപ്പിക്കാതെ കേന്ദ്ര സര്‍ക്കാരുമായി യാതൊരു തരത്തിലുള്ള ചര്‍ച്ചക്കും തയ്യാറല്ലെന്ന് കെഡിഎ കോ ചെയര്‍മാന്‍ അസര്‍ കര്‍ബലായി പറഞ്ഞു.
സെപ്റ്റംബര്‍ 26ന് ലഡാക്കിലെ വീട്ടില്‍ നിന്ന് ദേശീയ സുരക്ഷ നിയമം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട സോനം വാങ്ചുക്ക് ആറുദിവസമായി രാജസ്ഥാനിലെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് കഴിയുന്നത്. ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് സോനം വാങ്ചുക് നിരാഹര സമരം നയിച്ചത്.
The Ladakh administration has announced a magistrate-level inquiry into the police firing on protesters in Ladakh.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."