'ഐ ലവ് മോദി' എന്ന് പറയാം, 'ഐ ലവ് മുഹമ്മദ്' എന്ന് പറയാൻ പാടില്ല; ബിജെപിയെ രൂക്ഷമായി വിമർശിച്ച് ഉവൈസി
ഹൈദരാബാദ്: ഇന്ത്യയിൽ 'ഞാൻ മോദിയെ സ്നേഹിക്കുന്നു' എന്ന് പറയാൻ അനുവാദമുണ്ട്, പക്ഷേ 'ഞാൻ പ്രവാചകനെ സ്നേഹിക്കുന്നു' എന്ന് പറയാൻ അനുവാദമില്ലെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി. ഉത്തർപ്രദേശിലെ ബറേലിയിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഉയർന്നുവന്ന 'ഐ ലവ് മുഹമ്മദ്' പ്രചാരണത്തിനെതിരായ പ്രതികരണമായാണ് ഉവൈസി തന്റെ നിലപാട് വ്യക്തമാക്കിയത്.
നബിദിന ഘോഷയാത്രയിൽ "ഐ ലവ് മുഹമ്മദ്" എന്നെഴുതിയ ബോർഡുകൾ പ്രദർശിപ്പിച്ചതിന് ചിലയാളുകൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ പരാമർശിച്ച ഹൈദരാബാദിൽ നിന്നുള്ള ലോക്‌സഭാ എംപി കൂടിയായ ഉവൈസി രാജ്യം ഏത് ദിശയിലേക്കാണ് പോകുന്നതെന്ന് തുറന്നടിച്ചു.
ബറേലിയിലെ പൊലിസ് നടപടികളെയും ഉവൈസി രൂക്ഷമായി വിമർശിച്ചു. "ഇന്ത്യയിൽ 'ഐ ലവ് മോദി' എന്ന് പറയാൻ അനുവാദമുണ്ട്, പക്ഷേ 'ഐ ലവ് മുഹമ്മദ്' എന്ന് പറയാൻ അനുവാദമില്ല. ഇത് തികച്ചും ഇരട്ടത്താപ്പാണ്" ഉവൈസി പറഞ്ഞു. ഈ പ്രചാരണത്തിനെതിരായ അക്രമങ്ങൾക്ക് പിന്നിൽ ബിജെപി സർക്കാരിന്റെ പങ്ക് ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, അക്രമങ്ങൾക്കെതിരെയും ഉവൈസി ശക്തമായി പ്രതികരിച്ചു.
"അക്രമങ്ങൾക്ക് ഒരു സ്ഥാനവുമില്ല. എന്നാൽ സമാധാനപരമായ പ്രതിഷേധങ്ങൾക്ക് അനുവാദം നൽകണം" അദ്ദേഹം വ്യക്തമാക്കി.
ഉത്തർപ്രദേശിലെ സംഭൽ, ബറേലി പ്രദേശങ്ങളിൽ 'ഐ ലവ് മുഹമ്മദ്' പോസ്റ്ററുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ സംഘർഷ സാധ്യത ഉടലെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ ബറേലിയിൽ 48 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് സേവനം റദ്ദാക്കുകയും ചെയ്തിരുന്നു.
സെപ്റ്റംബർ 4-ന് നടന്ന നബിദിന ഘോഷയാത്രയിൽ 'ഐ ലവ് മുഹമ്മദ്' എന്ന് എഴുതിയ ബോർഡുകൾ പ്രദർശിപ്പിച്ചതിന് കാൺപൂരിൽ 24 പേർക്കെതിരെ പൊലിസ് കേസെടുത്തിരുന്നു. ഇതാണ് സംസ്ഥാനത്ത് ശക്തമായ പ്രതിഷേധങ്ങൾക്ക് കാരണമായത്.
"ഐ ലവ് മുഹമ്മദ്" പോസ്റ്ററുകളെച്ചൊല്ലി നടത്താനിരുന്ന പ്രതിഷേധം റദ്ദാക്കിയതിനെത്തുടർന്ന്, സെപ്റ്റംബർ 26 ന് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം നഗരഹൃദയത്തിൽ നാട്ടുകാരും പൊലിസും ഏറ്റുമുട്ടിയതിനെത്തുടർന്ന് സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. സംഘർഷത്തിൽ നിരവധി പേർക്ക് പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."