Hindutva activist Pooja Shakun Pandey, aka Swadhi Annapurna, known for controversial acts like defacing a Gandhi statue, is now accused in a murder case in Hathras, Uttar Pradesh.
HOME
DETAILS
MAL
അന്ന് ഗാന്ധി പ്രതിമക്ക് നേരെ വെടിയുതിര്‍ത്ത 'ലേഡി ഗോഡ്‌സെ'; ഇന്ന് കൊലപാതക്കേസിലെ പ്രതി; സ്വാധി അന്നപൂര്‍ണ ഒളിവില്‍
Web Desk
October 03, 2025 | 5:58 PM
ന്യൂഡല്‍ഹി: ഗാന്ധി പ്രതിമയില്‍ നിറയൊഴിച്ച് വൈറലായ 'ലേഡി ഗോഡ്‌സെ' കൊലപാതകക്കേസില്‍ പ്രതി. സ്വാധി അന്നപൂര്‍ണ്ണ എന്നറിയപ്പെടുന്ന ഹിന്ദുത്വ പ്രവര്‍ത്തക പൂജ ശകുന്‍ പാണ്ഡെയാണ് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചത്. യുപിയിലെ ഹാഥറസില്‍ നടന്ന കൊലപാതകത്തില്‍ പൂജയ്ക്കും പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സെപ്റ്റംബര്‍ 26ന് നടന്ന ആക്രമണത്തില്‍ ബൈക്ക് ഷോറൂം ഉടമയായ അഭിഷേക് ഗുപ്തയെന്ന വ്യക്തി കൊല്ലപ്പെട്ടിരുന്നു. തന്റെ ഷോറൂം അടച്ച് വീട്ടിലേക്ക് മടങ്ങാനായി ബസ് കാത്തിരിക്കുന്നതിനിടെ ബൈക്കിലെത്തിയ രണ്ടുപേര്‍ അഭിഷേകിനെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. പിതാവിന്റെ മുന്നില്‍വെച്ചാണ് അഭിഷേക് കൊല്ലപ്പെടുന്നത്. രക്ഷപ്പെട്ട അക്രമികള്‍ക്കായി പൊലിസ് വ്യാപക തിരച്ചില്‍ നടത്തി ഒരാളെ പിടികൂടി. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് പൂജയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചത്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ പൂജയുമായി പ്രതി 39 തവണ ഫോണില്‍ ബന്ധപ്പെട്ടതായി പൊലിസ് കണ്ടെത്തി. പൂജയുടെ നിരഞ്ജനി അഖാരയിലെ തൊഴിലാളിയാണ് അക്രമിയെന്ന് തെളിഞ്ഞു. സംഭവത്തില്‍ പൂജയുടെ ഭര്‍ത്താവും അഖില ഭാരതീയി ഹിന്ദുമഹാസഭയുടെ വക്താവുമായ അശോക് പാണ്ഡെ കഴിഞ്ഞ ദിവസം അറസ്റ്റിലായി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പൂജ നിലവില്‍ ഒളിവിലാണ്.
സ്വാധി അന്നപൂര്‍ണ അഥവാ ലേഡി ഗോഡ്‌സെ
ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണ് പൂജ പാണ്ഡെ വാര്‍ത്തകളില്‍ നിറയുന്നത്. ഗാന്ധി പ്രതിമക്ക് നേരെ വെടിയുതിര്‍ക്കുന്ന പൂജയുടെ ചിത്രങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഹിന്ദുത്വ ഹാന്‍ഡിലുകള്‍ക്കിടയില്‍ ലേഡി ഗോഡ്‌സെ എന്നാണിവര്‍ അറിയപ്പെടുന്നത്.
അഖില ഭാരതീയ ഹിന്ദുമഹാസഭയുടെ ജനറല്‍ സെക്രട്ടറിയായ ഇവര്‍ മുസ്‌ലിങ്ങള്‍ക്കും, മതന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നിരന്തരം വിദ്വേഷ പരാമര്‍ശങ്ങളും നടത്താറുണ്ട്. 2021ല്‍ മുസ്‌ലിങ്ങളെ തെരഞ്ഞുപിടിച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്തതിന് ഇവര്‍ അറസ്റ്റിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."