രണ്ട് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്; നിർദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
നിലമ്പൂർ: രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ, ജലദോഷം എന്നിവയ്ക്കുള്ള മരുന്ന് നൽകരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഇത്തരം മരുന്നുകൾ ഉപയോഗിക്കാവൂ എന്നും ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ചുമ മരുന്ന് കഴിച്ച് വിവിധ സംസ്ഥാനങ്ങളിൽ കുട്ടികൾ മരിച്ചെന്ന പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയം മാർഗനിർദേശം പുറത്തിറക്കിയത്.
ഇത്തരം മരുന്നുകളുടെ ഉപയോഗം കൃത്യമായ ക്ലിനിക്കൽ പരിശോധനയ്ക്കും ഡോക്ടർമാരുടെ നിർദേശത്തിനും ശേഷം മാത്രമേ പാടുള്ളൂ. മരുന്ന് ഒഴിവാക്കിയുള്ള രീതികൾ ആയിരിക്കണം രോഗികൾക്ക് നൽകേണ്ട പ്രാഥമിക പരിചരണം. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ഇത്തരം മരുന്നുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തി മാത്രം ഉപയോഗിക്കണം. മരുന്ന് നിർദേശിക്കുന്നതിൽ സ്വകാര്യ സ്ഥാപനങ്ങളടക്കം ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. ഈ മാർഗനിർദേശം സംസ്ഥാനങ്ങളിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പിൽ പറയുന്നു.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."