കേരളത്തിനൊപ്പം കേന്ദ്രമില്ല; മോദിക്ക് ബോധ്യപ്പെട്ടിട്ടും ദുരന്തബാധിതരോട് കരുണയില്ല
കൽപ്പറ്റ: 'പുനരധിവാസം നാടിന്റെ ഉത്തരവാദിത്വമാണ്, കേരളത്തിനൊപ്പം കേന്ദ്രമുണ്ട്', ഉരുൾ ദുരന്തത്തിന് പിന്നാലെ വയനാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിങ്ങനെയാണ്. എന്നാൽ ഒപ്പമില്ലെന്ന് പലതവണ പറയാതെ വ്യക്തമാക്കിയ കേന്ദ്രം ഒരു വർഷത്തിനിപ്പുറം പ്രഖ്യാപിച്ച പുനരധിവാസ സഹായത്തിലും തുടർന്നത് ദുരന്തഭൂമിയിൽ പ്രധാനമന്ത്രിയുടേത് 'ഫോട്ടോഷൂട്ട്' മാത്രമായിരുന്നെന്ന ആരോപണം ശരിവയ്ക്കുന്നതായി.
2221.03 കോടി രൂപയുടെ സഹായമാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. അനുവദിച്ചത് എട്ടിലൊന്നുമാത്രം. കേന്ദ്ര നിർദേശമനുസരിച്ച് 2024 ഓഗസ്റ്റിൽ 1202.12 കോടി നഷ്ടം കണക്കാക്കി നിവേദനം നൽകിയിരുന്നെങ്കിലും പി.ഡി.എൻ.എ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് കടുംവെട്ട് നടത്തി സഹായധനം അനുവദിച്ചത്. കേന്ദ്ര സർക്കാർ നൽകിയത് ഈ തുകമാത്രമാണ്. ഇതിന് മുമ്പ് സ്‌പെഷൽ അസിസ്റ്റന്റ് ഫോർ കാപിറ്റൽ ഇൻവെസ്റ്റ്‌മെന്റായി 529.50 കോടി രൂപ അനുവദിച്ചെങ്കിലും ഇത് പലിശ രഹിത ദീർഘകാല വായ്പയാണ്. 50 വർഷത്തിനുള്ളിലാണ് വായ്പ തിരിച്ചടയ്‌ക്കേണ്ടത്.
അതേസമയം, വയനാട് ദുരന്തത്തിന് ശേഷം സംസ്ഥാന ദുരന്തനിവാരണ പ്രതികരണ നിധിയിലേക്ക് നൽകിയ കഴിഞ്ഞവർഷത്തെ 291 കോടിയും ഈ വർഷത്തെ ആദ്യഗഡുവായ 153 കോടി രൂപയും വയനാട് പുനരധിവാസത്തിനുള്ളതാണെന്ന രീതിയിലാണ് കേന്ദ്രാനുകൂല സംഘടനകൾ പ്രചരിപ്പിക്കുന്നത്.
കടം എഴുതിത്തള്ളുന്നതിൽ ഉരുണ്ടുകളി
കൽപ്പറ്റ: പത്തിലധികം ബാങ്കുകളിലായി ആകെ 35 കോടി രൂപയാണ് ദുരന്തബാധിതരുടെ വായ്പ. എന്നാൽ ഇത് എഴുതിത്തള്ളുന്ന കാര്യത്തിൽ കേന്ദ്രം ഉരുണ്ടുകളി തുടരുകയാണ്.അതിതീവ്ര ദുരന്തമായി അംഗീകരിച്ചിട്ടും വയനാടിന് പ്രത്യേക സഹായം അനുവദിക്കാത്തതിന് പുറമേയാണ് കോടതി ഇടപെട്ടിട്ടും അവഗണന തുടരുന്നത്. സാങ്കേതികത്വം ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയിൽ സമയം ഒന്നിലധികം തവണ നീട്ടിച്ചോദിച്ച കേന്ദ്രം, 2005ലെ ദേശീയ ദുരന്തനിവാരണ നിയമം പൊളിച്ചെഴുതിയും പ്രധാനമന്ത്രി സന്ദർശന വേളയിൽ ചേർത്തുപിടിച്ച ദുരന്തബാധിതരുടെ കരണത്തടിച്ചു.
ഗുരുതരമായ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ, വായ്പകളുടെ തിരിച്ചടവിൽ ആശ്വാസം നൽകാനോ, പുതിയ വായ്പകൾ അനുവദിക്കാനോ ദേശീയ അതോറിറ്റിക്ക് ഉചിതമായ ഇളവുകൾ നൽകാൻ ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് അധികാരം നൽകുന്ന 13ാം വകുപ്പ് നിയമത്തിൽ നിന്ന് ഒഴിവാക്കിയായിരുന്നു ഈ അടി. ഈ അധികാരം ഉപയോഗിച്ച് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിൽ നിലപാട് അറിയിക്കണമെന്ന് കഴിഞ്ഞ ഏപ്രിലിൽ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ നിയമത്തിലെ ഈ വകുപ്പ് ഒഴിവാക്കിയെന്ന് കാണിച്ച് ജൂണിൽ ദേശീയ ദുരന്തനിവാരണ അതോറിറ്റി അണ്ടർ സെക്രട്ടറി കോടതിയിൽ സത്യവാങ്മൂലം നൽകി. ഇതോടെ കടം എഴുതിത്തള്ളാനുള്ള ഈ സാധ്യതയും ഇല്ലാതായി. ഒടുവിൽ ഹൈക്കോടതി ഹരജി പരിഗണിച്ച സെപ്റ്റംബർ പത്തിന് മൂന്നാഴ്ച കൂടി സമയം വേണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് ഏത് മന്ത്രാലയമാണെന്ന കാര്യത്തിൽ ആശയക്കുഴപ്പുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം വീണ്ടും സമയം ചോദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."