വ്യാജ ചുമമരുന്ന് കഴിച്ച് മരിച്ചത് 11 കുട്ടികൾ; വ്യാജമല്ലെന്ന് തെളിയിക്കാൻ മരുന്ന് കഴിച്ച ഡോക്ടറും ചികിത്സയിൽ
ഭോപ്പാൽ: രാജസ്ഥാനിലും മധ്യപ്രദേശിലും വ്യാജ ചുമമരുന്നു കഴിച്ചതിനു പിന്നാലെ അസ്വാസ്ഥ്യമുണ്ടായി മരിച്ച കുട്ടികളുടെ എണ്ണം 11 ആയി. മധ്യപ്രദേശിലെ ഛിംദ്‌വാഡയിൽ ഇന്നലെ ഒൻപത് കുട്ടികൾ കൂടി മരിച്ചതോടെയാണിത്. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ സികാറിലും ഭരത്പുരിലുമായി രണ്ടു കുട്ടികൾ മരിച്ചിരുന്നു. ഛിംദ്‌വാഡയിൽ മരിച്ച കുട്ടികളിൽ ആറുപേർക്ക് വൃക്ക തകരാറുകൾ കണ്ടെത്തിയിരുന്നു. കുട്ടികളുടെ മരണത്തെ തുടർന്ന് മധ്യപ്രദേശ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരുന്നിന്റെ സാംപിളുകൾ പരിശോധനയ്ക്കയച്ചു. കുട്ടികളിലെ വൃക്ക തകരാറിനും മരണത്തിനും കാരണം ചുമമരുന്നാണോ എന്നു പരിശോധനകൾക്കു ശേഷമേ പറയാനാകൂവെന്നാണ് അധികൃതർ പറയുന്നത്.
രാജസ്ഥാനിൽ ചുമ മരുന്ന് കഴിച്ച് പത്തോളം പേർ ചികിത്സയിലുണ്ട്. കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോക്ടറായ താരാചന്ദ് യോഗിയാണ് മരുന്ന് കുറിച്ചത്. കുട്ടികളുടെ മരണത്തിനു പിന്നാലെ ആരോപണമുയർന്നതോടെ മരുന്ന് സുരക്ഷിതമാണെന്ന് ബോധ്യപ്പെടുത്താൻ ഒരു ഡോസ് കഴിച്ച ഡോക്ടറെ അബോധാവസ്ഥയിലായതിനെ തുടർന്ന് ചികിത്സയിലാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒന്നിനും അഞ്ചിനും ഇടയിൽ പ്രായമുള്ള എട്ട് കുട്ടികളെയാണ് രാജസ്ഥാനിൽ സമാന ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചുമ മരുന്നിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ രാജസ്ഥാൻ സർക്കാർ പ്രസ്തുത സിറപ്പിന്റെ 22 ബാച്ചുകൾ വിലക്കുകയും മരുന്നിന്റെ വിതരണം മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."