'ഈ ചുമമരുന്നിൻ്റെ വിൽപന വേണ്ട'; കോൾഡ്രിഫ് ബ്രാൻഡ് കഫ്സിറപ്പ് വിൽക്കരുത്: ഡ്രഗ് കൺട്രോളറുടെ നിർദേശം, കേരളത്തിൽ വ്യാപക പരിശോധന ആരംഭിച്ചു
തിരുവനനന്തപുരം: മധ്യപ്രദേശിൽ കുട്ടികളുടെ മരണത്തിന് കാരണമായെന്ന പരാതികൾക്ക് പിന്നാലെ കോൾഡ്രിഫ് ബ്രാൻഡ് കഫ്സിറപ്പിനെതിരെ കടുത്ത നടപടി. തമിഴ്നാട്ടിൽ ഉൽപ്പാദിപ്പിച്ച ഈ ചുമമരുന്നിൽ അനുവദനീയമായതിലും അധികം ഡൈഎത്തിലീൻ ഗ്ലൈക്കോൾ (DEG) എന്ന വിഷാംശം കണ്ടെത്തിയതിനെത്തുടർന്ന് കേരളത്തിൽ ഇതിന്റെ വിൽപ്പന പൂർണമായി നിരോധിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശപ്രകാരം നടന്ന പരിശോധനയിൽ ബാച്ച് നമ്പർ SR 13-ൽ ഗുരുതരമായ വിഷാംശം ഉറപ്പിച്ചതോടെയാണ് നടപടി.
കേരള ഡ്രഗ് കൺട്രോളർ എം.എ. സുബ്രഹ്മണ്യൻ അറിയിച്ചതനുസരിച്ച്, പ്രശ്നബാച്ച് (SR 13) കേരളത്തിലെത്തിയിട്ടില്ല. എന്നിരുന്നാലും, പൊതുസുരക്ഷ ഉറപ്പാക്കാൻ ബ്രാൻഡിന്റെ മുഴുവൻ വിൽപ്പനയും നിർത്തിവയ്ക്കണമെന്ന് മെഡിക്കൽ സ്റ്റോറുകളെയും ആശുപത്രി ഫാർമസികളെയും നിർദേശിച്ചു. സംസ്ഥാനവ്യാപകമായി വ്യാപക പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കോൾഡ്രിഫ് സിറപ്പിന്റെ സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധനയ്ക്ക് വിധേയമാക്കും. മറ്റ് ബ്രാൻഡുകളുടെയും, പ്രത്യേകിച്ച് കേരളത്തിൽ നിർമിക്കുന്നവയുടെയും സാമ്പിളുകൾ ശേഖരിച്ച് സമഗ്ര പരിശോധന നടത്തും. "കുട്ടികളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ നടപടികൾ. ഏതെങ്കിലും അസാധാരണത്വം കണ്ടെത്തിയാൽ കർശന നിയമനടപടികൾ സ്വീകരിക്കും," ഡ്രഗ് കൺട്രോളർ വ്യക്തമാക്കി.
തമിഴ്നാട്ടിലെ ഉൽപ്പാദന കേന്ദ്രത്തിൽ വിഷാംശം: 12 കുട്ടികളുടെ മരണം
തമിഴ്നാട്ടിലെ കാഞ്ചീപുരത്തെ ശ്രേഷൻ ലൈഫ് സയൻസസ് പ്രൈവറ്റ് ലിമിറ്റഡ് (ശ്രേഷൻ ഫാർമ) ഫാക്ടറിയിൽ നിന്ന് ശേഖരിച്ച കോൾഡ്രിഫ് കഫ് സിറപ്പിന്റെ സാമ്പിളിൽ അനുവദനീയ പരിധിയിലും കൂടുതൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തി. ഈ രാസവസ്തു വിഷമയമാണെന്നും, കുട്ടികളിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും കേന്ദ്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) സ്ഥിരീകരിച്ചു.
മധ്യപ്രദേശിലെ ഭോപ്പാലിലും ഇൻഡോറിലും ഈ മരുന്ന് കഴിച്ച് 9 കുട്ടികൾക്ക് വൃക്ക രോഗം പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി, അവരിൽ പലരും മരിച്ചു. രാജസ്ഥാനിലും 3 കുട്ടികളുടെ മരണത്തിന് ഈ സിറപ്പാണ് കാരണമെന്ന് സംശയിക്കുന്നു. മധ്യപ്രദേശ് സർക്കാരിന്റെ അഭ്യർത്ഥനയ്ക്ക് വിശദമായി തമിഴ്നാട് എഫ്ഡിഎ സാമ്പിളുകൾ ശേഖരിച്ചു. തമിഴ്നാട്ടിൽ ഉൽപ്പാദിപ്പിച്ച് 6 സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്യുന്ന 19 മരുന്നുകളുടെ സാമ്പിളുകളും പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നു. ഇതുവരെ മധ്യപ്രദേശിലും രാജസ്ഥാനിലും നടത്തിയ പരിശോധനകളിൽ മറ്റ് പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ പുറത്തിറക്കിയ മാർഗനിർദേശത്തിൽ, രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമമരുന്നുകൾ നൽകരുതെന്നും, മറ്റ് കുട്ടികൾക്ക് നൽകുമ്പോൾ കർശന ജാഗ്രത പാലിക്കണമെന്നും വ്യക്തമാക്കി. "മാതാപിതാക്കളും ഡോക്ടർമാരും ഈ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം," മന്ത്രാലയം അധികൃതർ പറഞ്ഞു.
കേരളത്തിലെ ഡ്രഗ് ഇൻസ്പെക്ടർമാർ ഇപ്പോഴും പരിശോധനകൾ തുടരുകയാണ്. ഏതെങ്കിലും സംശയാസ്പദമായ മരുന്നുകൾ കണ്ടെത്തിയാൽ ഉടൻ റിപ്പോർട്ട് ചെയ്യാനും വിൽപ്പന നിർത്താനും മെഡിക്കൽ സ്റ്റോറുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാൻ സർക്കാർ ജാഗ്രത പുലർത്താൻ ആവിശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."