അങ്കമാലി മിനി സിവില്‍ സ്റ്റേഷനില്‍ വൈദ്യുതി കണക്ഷന് നടപടിയായി
അങ്കമാലി: മിനി സിവില്‍ സ്റ്റേഷനില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ നടപടിയായതായി റോജി എം ജോണ്‍ എം.എല്‍.എ അറിയിച്ചു. മിനി സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി നാളുകളായെങ്കിലും കെ.എസ്.ഇ.ബിയുടെ സാങ്കേതിക തടസങ്ങളെ തുടര്‍ന്ന് വൈദ്യുതി കണക്ഷന്‍ ലഭിച്ചിരുന്നില്ല.
ഉയര്‍ന്ന വൈദ്യുതി ഉപഭോഗം വരുന്ന ബഹുനില കെട്ടിടങ്ങള്‍ക്ക് പ്രത്യേകം ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ചട്ടം. മിനി സിവില്‍ സ്റ്റേഷന്‍ അഞ്ചു നിലകളിലായാണ് പണികഴിപ്പിക്കുന്നത്. അതിനാല്‍ ഇവിടെ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരുന്നു. നിലവില്‍ മൂന്നു നിലകളുടെ നിര്‍മാണം മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തത് ഇവിടുത്തെ ഓഫീസുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുകയാണ്. ഇതേതുടര്‍ന്നാണ് റോജി എം ജോണ്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. ജില്ലാ കലക്ടറുടെ ചേംബറില്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി യോഗം ചേര്‍ന്നു. തുടര്‍ന്ന് പ്രശ്‌നം വകുപ്പുമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി.
കെ.എസ്.ഇ.ബിയുടെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചശേഷം പ്രവര്‍ത്തനം തുടങ്ങിയ മൂന്നു നിലകളിലേക്ക് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ മന്ത്രി ഉത്തരവിടുകയായിരുന്നു. മന്ത്രിയുടെ ഉത്തരവ് അങ്കമാലി ഇലക്ട്രിക്കല്‍് സെക്ഷനിലും ലഭിച്ച സാഹചര്യത്തില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ വൈദ്യുതി കണക്ഷന്‍ ലഭ്യമാകുമെന്ന് എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."