ഈ ഓണത്തിനും ആദിവാസി ഈറ്റവെട്ട് തൊഴിലാളികള്‍ കടുത്തപട്ടിണിയില്‍
കോതമംഗലം: ഈ ഓണത്തിനും കിഴക്കന്‍ മേഖലയിലെ ഈറ്റവെട്ട് തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ വകസമ്മാനം നിരാശ മാത്രം.കൂട്ടമ്പുഴയിലെ നൂറോളം ആദിവാസി കുടുംബങ്ങളാണ് സര്‍ക്കാര്‍ അവഗണനയെ തുടര്‍ന്ന് കടുത്ത ദാരിദ്ര്യത്തിലായിരിക്കുന്നത്. വന്യ ജീവികളുടെ ആക്രമണ ഭീഷണിയെയും കടുത്ത മഴ യേയും അവഗണിച്ച് ജീവന്‍ പണയം വച്ചാണ് ഉപജീവനത്തിനായി ആദിവാസികള്‍ ഈറ്റവെട്ട് തൊഴിലിലേര്‍പ്പെടുന്നത്. വളരെ തുച്ഛമായ വേതനം മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്നത്.
കൊടുംകാട്ടില്‍ കയറി ഈറ്റ ചെത്തിയൊരുക്കി ഒരു പനമ്പ് നെയ്ത് പൂര്‍ത്തിയാക്കിയാല്‍ കിട്ടുന്നത് വെറും 44 രൂപാ മാത്രമാണ്. ഇതിന് പുറമെ സര്‍ക്കാര്‍ അലവന്‍സായി പ്രദിദിനം 129 രൂപാ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി അലവന്‍സായി ഒരു രൂപാ പോലും ആദിവാസികള്‍ക്ക് ലഭിച്ചിട്ടില്ലന്നതാണ് സത്യം. പിണവൂര്‍ കുടിയില്‍ ഈ വര്‍ഷം ഈറ്റവെട്ട് നിര്‍ത്തിവച്ചതിനാല്‍ ഈ മേഖലയിലെ തൊഴിലാളി കുടുംബങ്ങള്‍ മൊത്തത്തില്‍ പട്ടിണിയിലായിരിക്കയാണ്.
തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഉടന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പിണവൂര്‍ കുടിയിലെ ഈറ്റവെട്ട് തൊഴിലാളികള്‍ പിണവൂര്‍ കുടി ബാംമ്പു കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണാ സമരം നടത്തി. ഓണത്തിന് മുമ്പായി കിട്ടാനുള്ള അലവന്‍സുകള്‍ ലഭ്യമായില്ലങ്കില്‍ നിരാഹാര സമരം പോലുള്ള ശക്തമായ സമരമുറ കളിലേക്ക് തിരിയാനിരിക്കുകയാണ് ആദിവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."