ലഹരി മരുന്ന് ശൃംഖല തകർത്ത് ദുബൈ പൊലിസ്; 40 കിലോഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു; രണ്ട് ഏഷ്യൻ പൗരൻമാർ അറസ്റ്റിൽ
ദുബൈ: കെറ്റാമൈൻ, ക്രിസ്റ്റൽ മെത്ത്, മരിജുവാന, ഹാഷിഷ് ഓയിൽ എന്നിവയുൾപ്പെടെ 40 കിലോഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്ത് ദുബൈ പൊലിസ്. സംഭവത്തിൽ രണ്ട് ഏഷ്യൻ പൗരൻമാരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരു വില്ല കേന്ദ്രീകരിച്ച് ക്രിമിനൽ സംഘം മയക്കുമരുന്ന് വിതരണം നടത്തുന്നുണ്ടെന്ന ഇന്റലിജൻസ് വിവരത്തെ തുടർന്നായിരുന്നു ഓപ്പറേഷൻ. സംശയിക്കപ്പെടുന്നവരുടെ നീക്കങ്ങളും പൊലിസിനെ കബളിപ്പിക്കാനുള്ള രീതികളും ട്രാക്ക് ചെയ്യാനായി ഒരു പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് വിപുലമായ അന്വേഷണങ്ങൾ നടത്തി.
അന്വേഷണത്തിൽ സംഘത്തിലെ ഒരാൾ പിടിയിലായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കൂടാതെ, തന്റെ കൂട്ടാളിയെക്കുറിച്ചും മൊഴി നൽകി. പിന്നീട് നടത്തിയ ഓപ്പറേഷനിൽ, ലഹരിമരുന്ന് പാക്ക് ചെയ്യുന്നതിനിടെ ഇയാളുടെ കൂട്ടാളിയെയും പിടികൂടി.
ഓപ്പറേഷനിൽ കെറ്റാമൈൻ, ക്രിസ്റ്റൽ മെത്ത്, മരിജുവാന, ഹാഷിഷ് ഓയിൽ, മറ്റ് രാസവസ്തുക്കളും ദ്രാവകങ്ങളും ഉൾപ്പെടെ 40കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ, പ്രതികൾ വിദേശത്ത് നിന്ന് പ്രവർത്തിക്കുന്ന ഒരു ഗുണ്ടാ സംഘത്തലവന്റെ നിർദേശപ്രകാരമാണ് യുഎഇയിൽ ലഹരിമരുന്ന് വിതരണം ചെയ്തതെന്ന് വ്യക്തമായി.
ലഹരിമരുന്നിനെതിരായ പോരാട്ടത്തിൽ പൊലിസ് പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചു. സംശയാസ്പദമായ ഏതൊരു പ്രവർത്തനവും 901 എന്ന കോൾ സെന്റർ നമ്പറിലൂടെയോ ദുബൈ പൊലിസ് സ്മാർട്ട് ആപ്പിലെ “പൊലിസ് ഐ” സേവനത്തിലൂടെയോ റിപ്പോർട്ട് ചെയ്യാൻ പൊലിസ് ആവശ്യപ്പെട്ടു.
യുവാക്കളെ ലക്ഷ്യമിടുന്ന ലഹരിക്കടത്തുകാരുടെയും വ്യാപാരികളുടെയും പദ്ധതികളെ കണ്ടെത്താനും തടയാനും അവരുടെ ശൃംഖലകൾ തകർക്കാനുമുള്ള പൊലിസിന്റെ “നിരന്തരമായ ശ്രമങ്ങളെ” ഈ ഓപ്പറേഷൻ പ്രതിഫലിപ്പിക്കുന്നു. ആന്റി-നാർക്കോട്ടിക്സ് ജനറൽ ഡിപ്പാർട്ട്മെന്റിന്റെ ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് ബിൻ മുവൈസ വ്യക്തമാക്കി.
Dubai Police have foiled a major drug trafficking operation, seizing 40 kilograms of narcotics, including ketamine, crystal meth, marijuana, and hashish oil. Two Asian nationals were arrested in connection with the smuggling operation, which was being run from a residential villa under the direction of a gang leader based abroad.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."