ഇന്ത്യയിൽ ജാപ്പനീസ് എൻസെഫലൈറ്റിസ് സ്ഥിരീകരിച്ചു; 61 പോസിറ്റീവ് കേസുകള്‍, രോഗ ബാധ ഏറെയും കുട്ടികള്‍ക്ക്
റായ്പൂർ: ഇന്ത്യയെ ഭീതിയിലാഴ്ത്തി ജാപ്പനീസ് എൻസെഫലൈറ്റിസ് (ജെഇ) എന്ന മാരക വൈറസ്. ഛത്തീസ്ഗഢിലെ സർഗുജ ജില്ലയിൽ 120 പന്നികളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ 61 എണ്ണം പോസിറ്റീവായി സ്ഥിരീകരിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനയിലാണ് ഈ കണ്ടെത്തൽ. കൊതുകുകളിലൂടെ മനുഷ്യരിലേക്ക് പടരുന്ന ഈ വൈറസ് മൃഗങ്ങൾക്ക് ഗുരുതരമായി ബാധിക്കാത്തതാണെങ്കിലും, മനുഷ്യർക്ക് പ്രത്യേകിച്ച് കുട്ടികൾക്ക് ജീവന് ഭീഷണിയാകുന്നു. ആരോഗ്യ മന്ത്രാലയം രാജ്യവ്യാപകമായി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
സർഗുജയിലെ അംബികാപൂരിലും ചുറ്റുമുള്ള പ്രദേശങ്ങളിൽ വൈറസ് പടർച്ച
ഛത്തീസ്ഗഢിലെ അംബികാപൂർ, ലുണ്ട്ര, ബട്ടൗളി, സീതാപൂർ, മെയിൻപത് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ലാബിലെ പരിശോധനയിൽ 61 സാമ്പിളുകൾ വൈറസ് ബാധിതമാണെന്ന് കണ്ടെത്തി. ഛത്തീസ്ഗഢിൽ ആദ്യമായാണ് ജെഇ സ്ഥിരീകരിക്കുന്നത്. മൃഗസംരക്ഷണ വകുപ്പ് ആരോഗ്യ വകുപ്പിന് രഹസ്യമായി മുന്നറിയിപ്പ് നൽകിയതോടെ, സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസിഡ്യർ (എസ്ഒപി) അനുസരിച്ച് ജനങ്ങൾക്ക് മുൻകരുതലുകൾ നിർദേശിച്ചു.
മൃഗങ്ങൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാത്ത ഈ വൈറസ് പന്നികളിൽ 'ആംപ്ലിഫയിങ് ഹോസ്റ്റ്' ആയി പ്രവർത്തിക്കുന്നു. മഴക്കാലത്ത് കൊതുകുകൾ പെരുകുന്ന സാഹചര്യത്തിൽ, ജെഇ ബാധിത പന്നിയെ കടിക്കുന്ന കൊതുക് മനുഷ്യനെ കടിക്കുമ്പോൾ രോഗം പടരുന്നു. മനുഷ്യരിൽ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പടരില്ല.
മൃഗസംരക്ഷണ വകുപ്പിന്റെ പ്രതികരണം: 'ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു'
സർഗുജയിൽ നിന്ന് ശേഖരിച്ച പന്നി സാമ്പിളുകളുടെ പരിശോധനയിൽ 61 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചുവെന്ന് മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ആർ.പി. ശുക്ല അറിയിച്ചു. "ആരോഗ്യ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. ജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. കൊതുക് നാശം, വാക്സിനേഷൻ എന്നിവയിൽ ശ്രദ്ധിക്കണം" എന്ന് അദ്ദേഹം പറഞ്ഞു.
ജാപ്പനീസ് എൻസെഫലൈറ്റിസ്: കൊതുക് വഴി പടരുന്ന രോഗം
കൊതുകുകൾ വഹിക്കുന്ന ഫ്ലാവിവൈറസ് കുടുംബത്തിലെ ജെഇ വൈറസാണ് ജാപ്പനീസ് എൻസെഫലൈറ്റിസിന് കാരണം. ഇത് തലച്ചോറിനെ നേരിട്ട് ബാധിക്കുകയും വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. പനി, തലവേദന, ഛർദ്ദി, ഉറക്കം, കോമ, പക്ഷാഘാതം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. പ്രത്യേക ചികിത്സയില്ല സപ്പോർട്ടീവ് കെയർ മാത്രം. വാക്സിനേഷൻ പ്രത്യേകിച്ച് കുട്ടികൾക്ക് ഏറ്റവും നല്ല പ്രതിരോധമാണ്.
ഈ വർഷം (2025) ഇന്ത്യയിൽ ജെഇ ബാധിച്ച് 468-ലധികം കേസുകളും 56 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുട്ടികളെയാണ്. ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ധാരാളം കുട്ടികൾ ഇരയാകുന്നു. മഴക്കാലത്ത് കൊതുക് നശീകരണം, വാക്സിൻ എന്നിവ നിർബന്ധമാക്കി. ആരോഗ്യ വകുപ്പ് സർഗുജയിൽ പ്രത്യേക ക്യാമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."