പ്രതിസന്ധി അതീവ രൂക്ഷം; അമേരിക്കയിൽ സർക്കാർ ഷട്ട്‌ഡൗൺ 6-ാം ദിനത്തിലേക്ക്; ധന അനുമതി ബില്ലിൽ ഇന്ന് വോട്ടെടുപ്പ്, പരാജയപ്പെടാൻ സാധ്യത
വാഷിങ്ടൺ: അമേരിക്കയിലെ കേന്ദ്ര സർക്കാർ ഷട്ട്‌ഡൗൺ ആറാം ദിനത്തിലേക്ക് കടന്നു. ഒക്ടോബർ 1-ന് ആരംഭിച്ച ഈ അടച്ചുപൂട്ടൽ സെനറ്റിലെ ധന അനുമതി ബില്ലിലെ വോട്ടെടുപ്പ് പരാജയപ്പെടാനാണെന്നാണ് സൂചന. ട്രംപ് ഭരണകൂടത്തിന്റെ കർശന നിലപാടുകളും റിപ്പബ്ലിക്കൻ നേതാക്കളുടെ ആവശ്യങ്ങളും കാരണം ഡെമോക്രാറ്റുകളുടെ പിന്തുണ ലഭിക്കാതിരിക്കുമെന്നാണ് പ്രതീക്ഷ. ഇന്നത്തെ വോട്ടെടുപ്പ് പരാജയപ്പെട്ടാൽ ഷട്ട്‌ഡൗൺ നീണ്ടുനിൽക്കുമെന്ന് വൈറ്റ് ഹൗസ് സൂചിപ്പിച്ചു. ഈ സാഹചര്യത്തിൽ ഫെഡറൽ ജീവനക്കാരുടെ വൻതോതിലുള്ള പിരിച്ചുവിടൽ തുടങ്ങുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.
അമേരിക്കൻ സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം നിർത്തിക്കൊണ്ടുള്ള ഈ ഷട്ട്‌ഡൗൺ ജനജീവിതത്തെ സമ്പൂർണമായി സ്തംഭിപ്പിച്ചിരിക്കുകയാണ്. ഒരു വാചകത്തിൽ പറഞ്ഞാൽ, ജനങ്ങൾക്ക് പണിയില്ല, പണമില്ല, സർക്കാർ സേവനങ്ങളോ സഹായങ്ങളോയില്ല. കോൺഗ്രസ് ബജറ്റ് അല്ലെങ്കിൽ താൽക്കാലിക ധന ബില്ല് പാസാക്കാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണം. സർക്കാർ തൊഴിലാളികളിൽ 40 ശതമാനത്തോളം പേർക്ക് അതായത് 7.5 ലക്ഷം ജീവനക്കാർക്ക് ശമ്പളമില്ലാത്ത ഫർലോയിൽ (അവധി) പ്രവേശിപ്പിക്കേണ്ടിവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 20,000-ത്തിലധികം നിയമപാലകർക്ക് കൂലി ഇല്ലാതെ വീട്ടിൽ ഇരിക്കേണ്ടി വരും. അത്യാവശ്യ സേവനങ്ങളല്ലാത്ത മേഖലകളിലെ ജീവനക്കാർ നിർബന്ധിതരായി വീട്ടിൽ തുടരും.
ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്മെന്റ് (ICE), ആശുപത്രികളിലെ മെഡിക്കൽ കെയർ സ്റ്റാഫ്, അതിർത്തി സംരക്ഷണ ജീവനക്കാർ തുടങ്ങിയ മേഖലകളിലെല്ലാം കൂട്ടപ്പിരിച്ചുവിടലാണ് നടക്കുന്നത്. എയർ ട്രാഫിക് കൺട്രോളർമാർ ഇല്ലാത്ത വിമാനത്താവളങ്ങൾ അടച്ചിട്ടേക്കാം, പാസ്‌പോർട്ട് ഏജൻസികൾ യാത്രാരേഖകൾ വിതരണത്തിൽ കാലതാമസം സംഭവിക്കും. യാത്രക്കാർ വലയുമെന്ന് തീർച്ചയായും പറയാം. സർക്കാരിന്റെ ഭക്ഷ്യ സഹായ പദ്ധതികൾ, പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പോഷകാഹാര പദ്ധതി (WIC) എന്നിവയുടെ ഫണ്ട് കുറയുമെന്ന ആശങ്കയുണ്ട്. വൃദ്ധർക്കും ദരിദ്രർക്കുമായുള്ള സാമൂഹിക ആരോഗ്യ പദ്ധതികളായ മെഡിക്കെയർ, മെഡിക്കെയ്ഡ് എന്നിവയിലും ജീവനക്കാരുടെ കുറവ് തടസമാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) തുടങ്ങിയ ഏജൻസികൾ നിരവധി തൊഴിലാളികളെ പിരിച്ചുവിട്ടേക്കാം. ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുരന്ത നിവാരണ ഏജൻസികളെയും ബാധിക്കപ്പെടും. ദേശീയ വെള്ളപ്പൊക്ക ഇൻഷുറൻസ് പദ്ധതി നിർത്തിവയ്ക്കപ്പെടുകയും, ദുരന്ത നിവാരണ ഫണ്ട് തീരുന്നതിന് സാധ്യതയുണ്ട്. മ്യൂസിയങ്ങളിലെ ക്യൂറേറ്റർമാരില്ലാതെ പ്രവർത്തനം നടത്താനാവില്ല, നാഷണൽ പാർക്കുകളും ദേശീയ മൃഗശാലകളും അടച്ചിട്ടേക്കാം. മൃഗങ്ങൾക്ക് തീറ്റയും പരിചരണവും ലഭിക്കുമോ എന്ന ആശങ്കയും ഉയർന്നുവരുന്നു. ചുരുക്കം, ജനങ്ങളെ മാത്രമല്ല, വന്യജീവികളെയും ട്രംപിന്റെ ഷട്ട്‌ഡൗൺ പൊറുതിമുട്ടിക്കുന്നു.
ഷട്ട്‌ഡൗൺ നീണ്ടാൽ സാമ്പത്തിക നഷ്ടം വർധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. റിപ്പബ്ലിക്കൻ നേതാക്കൾ ഡെമോക്രാറ്റുകളോട് സർക്കാർ വോട്ട് ചെയ്യാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും, ആരോഗ്യ പദ്ധതികളിലെ ധനസഹായത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് മുൻഗണന നൽകണമെന്ന നിലപാടാണ് പ്രധാന തടസ്സം. ഹൗസ് ഡെമോക്രാറ്റുകൾ ബൈപാർട്ടിസൻ പരിഹാരം നിർദ്ദേശിച്ചിരുന്നെങ്കിലും, ട്രംപ് ഭരണകൂടം അത് നിരസിച്ചു. ജുഡീഷ്യറി പോലുള്ള ചില മേഖലകൾ താൽക്കാലികമായി പ്രവർത്തിക്കുമെങ്കിലും, പൊതു സേവനങ്ങൾ സ്തംഭനത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."