ജെൻ സികളെ ഭയന്ന് മോദി സർക്കാർ; പ്രക്ഷോഭപ്പേടിയിൽ ആക്ഷൻ പ്ലാൻ തയാറാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിന് പിന്നാലെ രാജ്യ തലസ്ഥാനത്ത് സമാനമായ പ്രക്ഷോഭപ്പേടിയിൽ കേന്ദ്രം. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശത്തിന് പിന്നാലെ ഇത്തരം സാഹചര്യങ്ങളെ നേരിടാൻ ആക്ഷൻ പ്ലാൻ തയാറാക്കാൻ ഡൽഹി പൊലിസ് കമ്മിഷണർ സതീഷ് ഗോൾച്ച വിവിധ പൊലിസ് യൂനിറ്റുകൾക്ക് നിർദേശം നൽകി. ഡൽഹി പൊലിസിന്റെ കൈവശമുള്ള മാരകമല്ലാത്ത ആയുധങ്ങളുടെ കണക്കെടുക്കാനും കൂടുതൽ ആയുധങ്ങളോ സാങ്കേതികവിദ്യയോ ആവശ്യമുണ്ടോ എന്ന് പരിശോധിക്കാനും കമ്മിഷണർ ആവശ്യപ്പെട്ടു.
ഇന്റലിജൻസ് ബ്രാഞ്ച്, ഓപറേഷൻസ് യൂനിറ്റ്, ആംഡ് പൊലിസ് മേധാവികളുടെ യോഗത്തിലാണ് കമ്മിഷണർ ഈ നിർദേശം നൽകിയത്. നേപ്പാളിലെ കാഠ്മണ്ഡുവിലും മറ്റ് ഭാഗങ്ങളിലും കണ്ടതിന് സമാനമായി യുവാക്കളാൽ നയിക്കപ്പെടുന്ന പ്രക്ഷോഭങ്ങൾ ഇന്ത്യയിലേക്കും വ്യാപിക്കാനോ ഡൽഹിയിൽ സമാന്തരമായ പ്രക്ഷോഭങ്ങൾ രൂപപ്പെടാനോ സാധ്യതയുണ്ടെന്നാണ് കേന്ദ്ര സർക്കാർ ഭയക്കുന്നത്. ഈ സാഹചര്യത്തിൽ നേപ്പാളിലെ പ്രതിഷേധങ്ങളുടെ രീതികളെക്കുറിച്ച് പൊലിസ് സൂക്ഷ്മമായി പഠിച്ചുകൊണ്ടിരിക്കുകയാണ്.
ജെൻ സി പ്രക്ഷോഭത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രധാന പങ്കുവഹിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ നിരീക്ഷണം, രഹസ്യാന്വേഷണം, ജനക്കൂട്ട നിയന്ത്രണ പദ്ധതികൾ, ഓൺലൈനിലെ തെറ്റായ വാർത്തകളുടെ പ്രചാരണം തടയൽ തുടങ്ങി നിരവധി നടപടികൾ ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്താൻ കമ്മിഷണർ നിർദേശം നൽകിയതായി ഡൽഹി പൊലിസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."