സർക്കാറിന്റെ ആ ഉറപ്പ് പാഴ്‌വാക്ക്; പൗരത്വനിയമത്തിനെതിരായ പ്രതിഷേധം കേരളത്തിൽ ഇനിയും 118 കേസുകൾ
മലപ്പുറം: സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമവുമായി (സി.എ.എ) ബന്ധപ്പെട്ട് ഇനിയും 118 കേസുകൾ കോടതിയുടെ പരിഗണനയിൽ.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കെതിരേ എടുത്ത കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നെങ്കിലും അഞ്ച് വർഷത്തിനിടെ 7913 പേർക്കെതിരേ രജിസ്റ്റർ ചെയ്ത 843 കേസുകളിൽ 112 എണ്ണം മാത്രമാണ് പിൻവലിച്ചത്.
118 എണ്ണം ഗുരുതര സ്വഭാവമുള്ള കേസുകളിൽ ഉൾപ്പെടുത്തി സർക്കാർ കോടതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. പ്രതിഷേധങ്ങളിലൊന്നുപോലും പരിധിവിട്ടതല്ലെന്നിരിക്കെയായിരുന്നു സർക്കാരിന്റെ നടപടി. ബാക്കി കേസുകളിൽ ശിക്ഷ വിധിച്ചുകഴിഞ്ഞു. 2019ൽ പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതിക്കെതിരേ രാജ്യത്തെങ്ങും വ്യാപക പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. പ്രതിഷേധങ്ങൾക്കെതിരേ കേരളത്തിൽ 2019 ഡിസംബർ 10 മുതലാണ് കേസുകൾ രജിസ്റ്റർ ചെയ്ത് തുടങ്ങിയത്. കേസുകൾ പിൻവലിക്കണമെന്ന് വിവിധ മുസ്‌ലിം സംഘടനകളും പ്രതിപക്ഷപാർട്ടികളും സർക്കാരിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഗുരുതര സ്വഭാവം ഇല്ലാത്ത കേസുകൾ പിൻവലിക്കാൻ ജില്ലാ പൊലിസ് മേധാവിമാർക്ക് ആഭ്യന്തര വകുപ്പ് നിർദേശം നൽകിയത്. ഇതോടെ 118 എണ്ണം ഗുരുതര സ്വഭാവമുള്ളവയെന്ന് കാണിച്ച് സർക്കാർ കോടതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു.
കേസുകൾ കൂടുതൽ രജിസ്റ്റർ ചെയ്തത് കോഴിക്കോട് ജില്ലയിലാണ്. 160 കേസുകൾ. എന്നാൽ പിൻവലിക്കാത്ത കേസുകൾ ഏറെയും തിരുവനന്തപുരം, മലപ്പുറം, എറണാകുളം ജില്ലകളിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."