അവള്‍ കൊല്ലപ്പെടേണ്ടവളാണെന്ന് സാം; ആരെയും കൂസാത്ത, സാമിന്റേത് ക്രൂര മനോഭാവമെന്ന് പൊലിസ്
കോട്ടയം: കൊലപാതകത്തിനു ശേഷവും ആരെയും കൂസാതെ പ്രതി സാം. ഭാര്യ ജെസിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കൊക്കയില്‍ തള്ളിയ കേസില്‍ അറസ്റ്റിലായിട്ടും സാം കെ ജോര്‍ജ് ഇപ്പോഴും ആരെയും കൂസാത്ത ഭാവത്തില്‍ തന്നെയാണ്. കൊലക്കുറ്റത്തിനു പിടിയിലായിട്ടും സാമിന്റെ ക്രൂര മനോഭാവത്തില്‍ മാറ്റമില്ലെന്ന് പൊലീസും പറഞ്ഞു.
'അവള്‍ കൊല്ലപ്പെടേണ്ടവളാണ്' എന്ന് ചോദ്യം ചെയ്യലിനിടെ സാം പറഞ്ഞതായാണ് പൊലിസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഭാവിയെക്കുറിച്ചുള്ള ചോദ്യത്തോടു ഇയാള്‍ പ്രതികരിച്ചില്ലെന്നും അറിയുന്നു.
സാമിന് മറ്റു സ്ത്രീകളോടുള്ള ബന്ധം ചോദ്യം ചെയ്തതിനും ജെസിയുമായി ഉണ്ടായിരുന്ന രണ്ടു കേസുകളില്‍ വിധി പ്രതികൂലമാകുമെന്നും സ്വത്തുക്കള്‍ നഷ്ടമാകുമെന്നും കരുതിയുമാണ് കൊലപാതകം നടത്തിയതെന്നാണ് പൊലിസിന്റെ നിഗമനം.
ഇടുക്കി ഉടുമ്പന്നൂര്‍ ചെപ്പുകുളം വ്യൂ പോയിന്റില്‍ റോഡില്‍ നിന്ന് 50 അടി താഴ്ചയില്‍ നിന്നാണ് ജെസിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിനു ശേഷം മൈസൂരിലേക്ക് കടന്ന സാം അവിടെവച്ചാണ് അറസ്റ്റിലാവുന്നത്. ഇയാള്‍ക്കൊപ്പം പിടിയിലായ ഇറാനിയന്‍ യുവതിയെ പൊലിസ് പിന്നീട് വിട്ടയച്ചിരുന്നു.
അതിനിടെ സാം കെ ജോര്‍ജിന്റെ കാറില്‍ നിന്നു രക്തക്കറയും കൊല്ലപ്പെട്ട ജെസിയുടേതെന്നു കരുതുന്ന മുടിയും കണ്ടെത്തിയിട്ടുണ്ട്. തെളിവെടുപ്പിന്റെ ഭാഗമായി പൊലിസ് കഴിഞ്ഞ ദിവസം കാര്‍ പിടിച്ചെടുത്തിരുന്നു. രക്തക്കറയും മുടിയും കാറില്‍നിന്ന് പ്രാഥമിക പരിശോധനയില്‍ ലഭിച്ച വെട്ടുകത്തിയും ശാസ്ത്രീയ പരിശോധനയ്ക്കായി ഇന്നലെ ലാബിലേക്കു നല്‍കിയിരുന്നു.
ഇന്നലെ രാവിലെ 11ന് കോട്ടയം കഞ്ഞിക്കുഴിയിലുള്ള കാര്‍ വാഷിങ് സെന്ററില്‍ പ്രതിയുമായി പൊലിസ് തെളിവെടുപ്പ് നടത്തി. സാം ഉപേക്ഷിച്ച മുളകുസ്‌പ്രേയുടെ ടിന്നും ഇവിടെനിന്നു കണ്ടെടുത്തു. ഈ സ്‌പ്രേ ജെസിയുടെ മുഖത്ത് പ്രയോഗിച്ചാണ് സാം വീട്ടിലേക്ക് അതിക്രമിച്ചുകയറി കൊലപാതകം നടത്തിയത്.
മൃതദേഹം ഇടുക്കി ഉടുമ്പന്നൂര്‍ ചെപ്പുകുളം വ്യൂപോയിന്റില്‍ ഉപേക്ഷിച്ചശേഷം സാം കഞ്ഞിക്കുഴിയിലെത്തി കാര്‍ കഴുകാന്‍ കൊടുത്തു. ശേഷം കൈയില്‍ കരുതിയിരുന്ന, ജെസിയുടെ ഫോണ്‍ ക്യാംപസിലെ മാത്തമാറ്റിക്‌സ് ഡിപ്പാര്‍ട്‌മെന്റിനു സമീപത്തെ കുളത്തില്‍ എറിഞ്ഞതായാണ് പൊലിസിനു നല്‍കിയിരിക്കുന്ന മൊഴി.
ഇന്നലെ പരിശോധനയ്ക്കായി സാമിനൊപ്പം പൊലിസ് ഇവിടെ എത്തിയെങ്കിലും ആഴമുള്ള പാറമടയാണെന്നു കണ്ടതിനാല്‍ തിരച്ചില്‍ നടത്താതെ മടങ്ങുകയായിരുന്നു. കൊലപാതകം നടന്ന കാണക്കാരി രത്‌നഗിരി പള്ളിക്കു സമീപത്തെ കപ്പടക്കുന്നേല്‍ വീട്ടില്‍ പൊലിസ് ഇന്നു പരിശോധന നടത്തും.
ഐടി പ്രഫഷനലായ സാം എംജി യൂണിവേഴ്‌സിറ്റി ക്യാംപസില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം ബിരുദ കോഴ്‌സും പഠിക്കുന്നുണ്ട്. എന്നാല്‍ ഇയാള്‍ കോഴ്‌സ് പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങിയെന്നാണ് അധികൃതര്‍ പറഞ്ഞത്. കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇരുനില വീടിന്റെ മുകളിലും താഴെയുമായാണ് 15 വര്‍ഷമായി സാമും ജെസിയും താമസിച്ചിരുന്നത്.
26ന് രാത്രി കാണക്കാരിയിലെ വീടിന്റെ സിറ്റൗട്ടില്‍ വച്ച് തര്‍ക്കമുണ്ടാകുകയും കൈയില്‍ കരുതിയിരുന്ന മുളക് സ്‌പ്രേ ജെസിക്കു നേരെ സാം പ്രയോഗിക്കുകയുമായിരുന്നു. പിന്നീട് കിടപ്പുമുറിയില്‍ വച്ച് മൂക്കും വായും തോര്‍ത്ത് ഉപയോഗിച്ച് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്നു എന്നാണു കേസ്.
മൃതദേഹം കാറിന്റെ ഡിക്കിയില്‍ കയറ്റി രാത്രി ഒരു മണിയോടെ ചെപ്പുകുളത്തെത്തി കൊക്കയിലെറിഞ്ഞു. തുടര്‍ന്ന് സാം മൈസൂരുവിലേക്കു കടക്കുകയും ചെയ്യുന്നു. കൊലപാതകത്തിന് 10 ദിവസം മുന്‍പ് ഇയാള്‍ ചെപ്പുകുളത്തെത്തി സാഹചര്യങ്ങള്‍ മനസ്സിലാക്കിയതായും പൊലിസ് പറയുന്നു.
ഉഴവൂര്‍ അരീക്കരയില്‍ ഇയാള്‍ക്ക് 4.5 ഏക്കര്‍ ഭൂമിയും ഗോവയിലും കോവളത്തും ഫ്‌ലാറ്റുകളുമുണ്ട്. സ്വത്ത് സംബന്ധിച്ച് ഭാര്യയുമായുള്ള കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്. ഈ കേസുകളുടെ വിധി ജെസിക്ക് അനുകൂലമായേക്കാം എന്ന തോന്നലുമാവാം കൊലപാതകത്തിനു കാരണമായതായി പൊലിസ് പറയുന്നു. അമ്മയെ കാണാനില്ലെന്ന മക്കളുടെ പരാതിയില്‍ കുറവിലങ്ങാട് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായിരുന്നത്.
Sam K George, arrested for the brutal murder of his wife Jessy, remains defiant and shows no remorse even in police custody. After allegedly strangling her to death, he dumped her body off a cliff near Cheppukulam Viewpoint in Idukki. Despite being in custody, Sam reportedly told investigators that "she deserved to die," indicating his unrepentant mindset.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."