'ഗസ്സയിലെ പ്രിയപ്പെട്ട കുഞ്ഞുമക്കളേ....നിങ്ങള്‍ക്ക് സമാധാനപൂര്‍ണമായ ജീവിതം കൈവരുവോളം ഞങ്ങള്‍ നിങ്ങളിലേക്കുള്ള യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കും...' ഇസ്‌റാഈല്‍ കസ്റ്റഡിയിലെടുത്ത ബ്രസീലിയന്‍ ആക്ടിവിസിറ്റ് തിയാഗോയുടെ ഹൃദയം തൊടുന്ന സന്ദേശം
ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കായി ബ്രസീലിയന്‍ ആക്ടിവിസിറ്റ് തിയാഗോ അവിലയുടെ ഹൃദയം തൊടുന്ന സന്ദേശം. സുമുദ് ഫ്‌ളോട്ടില്ല യാത്രയുടെ ഭാഗമായിരുന്ന അദ്ദേഹം തന്റെ കടല്‍ ദിവസങ്ങളില്‍ എഴുതിത്തുടങ്ങിയതാണ് കുറിപ്പ്. ഖുദ്‌സ് നെറ്റ് വര്‍ക്ക് ആണ് വീഡിയോ ആയി സന്ദേശം പങ്കു വെച്ചിരിക്കുന്നത്.
ഗാസയിലെ പ്രിയപ്പെട്ട മക്കളേ, ഭക്ഷണവും മരുന്നും എത്തിച്ചു തരാന്‍ ഞങ്ങള്‍ ശ്രമിച്ചു. പക്ഷേ തടഞ്ഞുനിര്‍ത്തി തടവിലാക്കി. നിങ്ങള്‍ക്കായി കരുതിയത് അവര്‍ മോഷ്ടിച്ചു. പക്ഷേ ഞങ്ങളുടെ പ്രതീക്ഷയെ മോഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.
നിങ്ങളുടെ ധൈര്യം ലോകത്തെ ചലിപ്പിക്കുന്നു. നിങ്ങളുടെ വീട്ടില്‍, നിങ്ങളുടെ ആളുകളോടൊപ്പം സമാധാനത്തോടെ ജീവിക്കുന്നതുവരെ ഞങ്ങള്‍ വീണ്ടും വീണ്ടും കപ്പല്‍ കയറും. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍, ഞങ്ങള്‍ നിങ്ങളിലേക്ക് എത്തും. ഞങ്ങള്‍ എപ്പോഴും നിങ്ങളോടൊപ്പമുണ്ട്- അദ്ദേഹത്തിന്റെ സന്ദേശത്തില്‍ ഉറപ്പു നല്‍കുന്നു. ആദ്യത്തെ യാത്രയില്‍ ഇസ്‌റാഈല്‍ തടഞ്ഞത് സൂചിപ്പിച്ചാണ് അദ്ദേഹം കുറിപ്പ് തുടങ്ങുന്നത്. എന്നാല്‍ ഈ യാത്രയും അവര്‍ക്ക് മുവുവനാക്കാന്‍ കഴിഞ്ഞില്ല. ഗസ്സന്‍ തീരത്തോട് അടുക്കുമ്പോഴാണ് ഇത്തവണ ഇസ്‌റാഈല്‍ ഫ്‌ളോട്ടില്ലകള്‍ കീഴടക്കിയത്. ബേബി പ്രൊഡക്ടുകള്‍ ഉള്‍പെടെ അവര്‍ നശിപ്പിച്ചു കളഞ്ഞതായി റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു.
തിയാഗോയുടെ സന്ദേശം ഇങ്ങനെ
'ഗസ്സയിലെ പ്രിയപ്പെട്ട കുഞ്ഞുമക്കളേ.കടലില്‍ വെച്ച് ഞാന്‍ നിങ്ങള്‍ക്കായി ഇത് കുറിച്ചു തുടങ്ങിയിട്ട് 100 ദിവസമാവുന്നു. എന്നോട് ക്ഷമിക്കുക. അന്ന് നിങ്ങളിലേക്കെത്താനുള്ള ഞങ്ങളുടെ ദൗത്യം ഗസ്സന്‍ തീരമണയാതെ പരാജയപ്പെട്ടതിന്. തിന്മയുടെ കാവലാളുകള്‍ ഞങ്ങളെ തടഞ്ഞു. ഞങ്ങളെ തടവിലാക്കി. നിങ്ങളിലേക്ക് വരുന്നതിനെ നൂറു വര്‍ഷത്തേക്ക് അവര്‍ വിലക്കിയിരിക്കുന്നു. നിങ്ങള്‍ക്കായി ഞങ്ങള്‍ കൊണ്ടു വന്ന ഭക്ഷവും മരുന്നുമെല്ലാം അവര്‍ മോഷ്ടിച്ചു എന്നതാണ് ഏറ്റവും സങ്കടകരം. അങ്ങേഅറ്റം വിഷമത്തിലായിരിക്കുമ്പോഴും ഞങ്ങള്‍ മനസ്സിലാക്കുന്നു. തളരരുത്. ഞങ്ങള്‍ നിങ്ങളെ പോലെ കരുത്തുറ്റവരാകേണ്ടതുണ്ട്. ഈ യാത്രകള്‍ തുടരേണ്ടതുണ്ട്. ഞങ്ങള്‍ തിരികെ വരുമെന്ന് ഞങ്ങള്‍ നിങ്ങളോട് വാഗ്ദാനം ചെയ്തു. ഇതാ ഞങ്ങള്‍ ഇവിടെയുണ്ട്. എട്ട് പതിറ്റാണ്ടുകളായി നിങ്ങള്‍ വംശഹത്യയും വംശീയ ഉന്മൂലനവും നേരിടുകയാണ്. കഴിഞ്ഞ 18 വര്‍ഷമായി ഗസ്സയിലെ മുഴുവന്‍ കുടുംബവും അനധികൃത ഉപരോധത്തിന്റെ കീഴിലാണ്. ഈ വാക്കുകള്‍ കഠിനവും ഉള്‍ക്കൊള്ളാന്‍ ഏറെ പ്രയാസകരവുമാണെന്ന് എനിക്കറിയാം. നിങ്ങള്‍ വളര്‍ന്ന് വലുതാവുമ്പോള്‍ കഠിനമായ ഈ വാക്കുകള്‍ ചരിത്ര പുസ്തകങ്ങളിലേക്ക് ഒതുങ്ങിപ്പോകണേ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്നു. മനുഷ്യത്വത്തിന് അവസാനിപ്പിക്കാന്‍ കഴിഞ്ഞ ഒരു പ്രശ്‌നം എന്നതിലേക്ക് ഈ വാക്കുകള്‍ മാറിയിട്ടുണ്ടാവണേ എന്ന് ഞന്‍ ആഗ്രഹിക്കുന്നു.
കാര്യങ്ങള്‍ ഏറെ വിഷമകരമാണെന്ന് എനിക്കറിയാം. അങ്ങിനെ അല്ലാതിരുന്നെങ്കിലെന്ന് ഞാനാശിക്കുന്നു. ഒരോ കുഞ്ഞിനും അവരുടെ സ്വന്തം വീട്ടില്‍ അവരുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം സമാധാനത്തോടെ ജീവിക്കാന്‍ അവകാശമുണ്ട്. ഇതില്‍ വിശ്വസിക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഞങ്ങള്‍ 500 ഓളം ആളുകള്‍ യാത്ര ആരംഭിക്കുകയാണ്. നിങ്ങളെ ആലിംഗനം ചെയ്യാന്‍ നിങ്ങള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ അതിലെല്ലാമുപരി നിങ്ങള്‍ തനിച്ചെന്ന് നിങ്ങള്‍ക്ക് ഉറപ്പു നല്‍കാന്‍ ഞങ്ങളാല്‍ കഴിയുന്നതെന്തും ഞങ്ങള്‍ ചെയ്യും. ഞങ്ങള്‍ എപ്പോഴും നിങ്ങളെ കുറിച്ച് ചിന്തിക്കുന്നുണ്ട്. നിങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളുന്നു. നിങ്ങളില്‍ നിന്ന് ധൈര്യമെന്തെന്ന് പഠിക്കുന്നു. ഉദാഹരണത്തിന്..സ്‌നേഹവും സന്തോഷവും ദയയും ശക്തിയും ലോകത്തില്‍ എങ്ങനെ വ്യാപിക്കണമെന്ന്. നിങ്ങള്‍ ഞങ്ങളെ മുന്നോട്ട് നയിക്കുന്നു. ഞങ്ങള്‍ നിങ്ങളില്‍ നിന്ന് വളരെ കുറച്ചു മണിക്കൂറുകള്‍ അകലത്തിലാണ്. ഇത്തവണ നിങ്ങളിലേക്ക് എത്തുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. എന്തെങ്കിലും കാരണത്താല്‍ തിന്മയുടെ കാവലാളുകള്‍ ഞങ്ങളെ തടഞ്ഞാല്‍ ഞാന്‍ നിങ്ങളോട് പറയുന്നു. സങ്കടപ്പെടരുത്. ഞാന്‍ ഉറപ്പു നല്‍കുന്നു. ഈ യാത്ര ഞങ്ങള്‍ ഒരിക്കലും അവസാനിപ്പിക്കില്ല. ഈ ലോകത്തെ മുഴുവന്‍ ഞങ്ങള്‍ നിങ്ങള്‍ക്കായി ഉണര്‍ത്തും. ഞങ്ങളുടെ ദൗത്യത്തെ കുറിച്ച് നിങ്ങള്‍ തീര്‍ത്ത മനോഹരമായ വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും സന്ദേശങ്ങള്‍ക്കും നന്ദി. ഒരു വഴിയിലൂടെയല്ലെങ്കില്‍ മറ്റൊരു വഴിയിലൂടെ..നാം എന്നും ഒന്നിച്ചായിരിക്കും. ഒരു ഗാഢാലിംഗനം. നമുക്ക് ഈ ലോകത്തെ മാറ്റാം. ഒരുപാട് സ്‌നേഹത്തോടെ നിങ്ങളുടെ അങ്കിള്‍ തിയാഗോ. ഒക്ടോബര്‍ 1 2025.
Kidnapped Brazilian activist Thiago Ávila in a message to the children of Gaza:
— Quds News Network (@QudsNen) October 6, 2025
"Dear children of Gaza, we tried to reach you with food and medicine but were stopped and imprisoned. They stole what was meant for you, but not our hope.
Your courage moves the world. We will sail… pic.twitter.com/jkHCKFByf1
ഫ്ളോട്ടില്ലയില്‍ നിന്ന് കസ്റ്റഡില്‍ എടുത്ത 137 ആക്ടിവിസ്റ്റുകളെ തുര്‍ക്കിയിലെത്തിച്ചിട്ടുണ്ട്. ഇവരെ ഇസ്റാഈല്‍ കയറ്റി അയക്കുകയായിരുന്നുയ ഇവര്‍ ഇവിടെനിന്ന് സ്വന്തം നാട്ടിലേക്ക് പോകും. തുര്‍ക്കി വിദേശകാര്യ മന്ത്രാലയമാണ് 137 ആക്ടിവിസ്റ്റുകള്‍ തുര്‍ക്കിയിലെത്തിയ കാര്യം സ്ഥിരീകരിച്ചത്.ഇവരില്‍ 36 പേര്‍ തുര്‍ക്കി പൗരന്മാരാണ്. യു.എസ്, യു.എ.ഇ, അള്‍ജീരിയ, മൊറോക്കോ, ഇറ്റലി, കുവൈത്ത്, ലിബിയ, മലേഷ്യ, മൗറിഷ്യാന, സ്വിറ്റ്‌സര്‍ലന്റ്, തുനീഷ്യ, ജോര്‍ദാന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലുള്ളത്. 26 ഇറ്റാലിയന്‍ ആക്ടിവിസിറ്റുകളും സംഘത്തിലുണ്ടെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."