'ഒരു പെണ്‍കുട്ടിയുടെ വിവാഹം നടത്തണം'; അധിക സ്വര്‍ണം ഉപയോഗിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം പ്രസിഡന്റിനോട് അനുമതി തേടി; പുതിയ കണ്ടെത്തല്‍
തിരുവനന്തപുരം: സ്വര്‍ണ പാളി വിവാദത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. അധിക സ്വര്‍ണം ഉപയോഗിക്കാന്‍ അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് അയച്ച ഇ-മെയില്‍ ദേവസ്വം വിജിലന്‍സ് കണ്ടെത്തി. ഒരു പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ ബാക്കി വന്ന സ്വര്‍ണം ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നാണ് പോറ്റി ആവശ്യപ്പെട്ടത്.
2019ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന എ പത്മകുമാറിന് അയച്ച സന്ദേശമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സ്വര്‍ണ്ണ പാളിയുടെ പണി പൂര്‍ത്തിയാക്കിയ ശേഷം സ്വര്‍ണ്ണം ബാക്കിവന്നുവെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി മെയിലില്‍ പറയുന്നു. ഹൈക്കോടതി ഉത്തരവിലാണ് മെയിലില്‍ അയച്ച കത്തിന്റെ വിവരങ്ങള്‍ പറയുന്നത്.
അതേസമയം ശബരിമല ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി വിഷയത്തില്‍ ഹൈക്കോടതി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് കേസ് അന്വേഷിക്കുക. സൈബര്‍ ടീം അടങ്ങുന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനും രണ്ടാഴ്ച്ചക്കുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കാനുമാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്.
2019 ജൂലൈ 20 ന് സന്നിധാനത്ത് നിന്ന് 12 പാളികള്‍ സ്വര്‍ണം പൂശാനെന്ന പേരില്‍ ചെമ്പ് പാളികളാക്കി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയ ദേവസ്വം ഉത്തരവിന് പിന്നില്‍ വലിയ അഴിമതി നടന്നുവെന്നാണ് നിഗമനം. സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുത്തിരുന്നു.
അതേസമയം, 2019ല്‍ പോറ്റി അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയത് സ്വര്‍ണപ്പാളി തന്നെയെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തി. ശബരിമലയിലെ ദ്വാരപ്പാലക ശില്‍പ്പങ്ങളിലേത് സ്വര്‍ണം തന്നെയെന്ന് ദേവസ്വം ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി. 2019ലെ ദേവസ്വം ഉത്തരവില്‍ ചെമ്പു പാളി എന്ന് രേഖപ്പെടുത്തിയത് അബദ്ധമാണെന്ന വിശദീകരണമാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്.
ദേവസ്വം വിജിലന്‍സിന്റേതാണ് നിര്‍ണായക കണ്ടെത്തല്‍. രണ്ടു ദിവസങ്ങളിലായി 7 മണിക്കൂറാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ വിജിലന്‍സ് ചോദ്യം ചെയ്തത്. ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും പിവന്നീട് വിജിലന്‍സിന്റെ ചില ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി കുടുങ്ങുകയായിരുന്നുവെന്നാണ് സൂചന.
Devaswom vigilance has found an email sent by unnikrishnan potti to the devaswom board president, seeking permission to use extra gold. he requested to use the remaining gold for the wedding of a girl.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."