വിവാദങ്ങള്‍ക്ക് വിരാമം; തൈക്കാട്ടുശേരി പാലത്തില്‍ ഇന്ന് വിളക്ക് തെളിയും
തുറവൂര്‍: വിവാദങ്ങളൊഴിഞ്ഞു. തൈക്കാട്ടുശേരി പാലത്തില്‍ ഇന്ന് വെളിച്ചമെത്തും. തുറവൂര്‍-പമ്പ പാതയുടെ ഭാഗമായി നിര്‍മ്മിച്ച പാലം 2015 മെയില്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തെങ്കിലും പാലത്തില്‍ വെളിച്ചമില്ലാതിരുന്നത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ഇവിടെ സാമൂഹ്യവിരുദ്ധ ശല്യവും രൂക്ഷമായിരുന്നു. തുടര്‍ന്ന് കെ.സി.വേണുഗോപാല്‍ എം.പിയുടെ പ്രദേശിക വികസന ഫണ്ടില്‍പ്പെടുത്തി അനുവദിച്ച തുക ഉപയോഗിച്ചാണ് വിളക്കുകള്‍ സ്ഥാപിച്ചത്. പാലത്തിലും അപ്രോച്ച് റോഡിലുമായി പതിനഞ്ച് എല്‍.ഇ.ഡി ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. വിളക്കുകള്‍ സ്ഥാപിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും തുറവൂര്‍-തൈക്കാട്ടുശേരി പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന പാലത്തിലെ വിളക്കുകളുടെ
വൈദ്യുത ബില്‍ അടയ്ക്കുന്നത് സംബന്ധിച്ച് ഇരുപഞ്ചായത്തുകളും തമ്മില്‍ നിലനിന്ന തര്‍ക്കമാണ് ലൈറ്റുകള്‍ തെളിക്കുന്നതിന് തടസമായി നിന്നത്. പാലത്തിലെയും അപ്രോച്ച് റോഡുകളിലേയും വിളക്കുകളുടെ വൈദ്യുത ബില്‍ തുല്യമായിട്ട് അടയ്ക്കാനാണ് ധാരണ. ഇന്ന് വൈകിട്ട് ആറിന് തുറവൂര്‍ കരയില്‍ നടക്കുന്ന സമ്മേളനത്തില്‍ കെ.സി.വേണുഗോപാല്‍ എം.പി സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിക്കും. എ.എം.ആരിഫ് എം.എല്‍.എ അധ്യക്ഷത വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."