നിയമലംഘകരെ സൂക്ഷിച്ചോ! ഉണർന്നിരിപ്പുണ്ട്, 631 എ.ഐ കാമറകൾ
തിരുവനന്തപുരം: റോഡുകളിൽ മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എ.ഐ) കാമറകൾ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നു. ദേശീയപാത നിർമാണത്തെത്തുടർന്ന് നീക്കം ചെയ്ത 23 കാമറകളും അപകടങ്ങളിൽ തകരാറിലായ 21ഉം ഒഴിച്ചുനിർത്തിയാൽ, 631 എ.ഐ കാമറകൾ നിരത്തിൽ നിയമലംഘകരെ കാത്ത് ഉണർന്നിരിപ്പുണ്ട്.
കഴിഞ്ഞ ഓഗസ്റ്റ് 30 വരെ ആകെ 1.13 കോടിയിലധികം ചെലാനുകളാണ് നിയമലംഘനം കണ്ടെത്തിയതിന് അയച്ചത്. ഇതിലായി ഇതുവരെ ചുമത്തിയത് 737 കോടിയിലധികം രൂപയുടെ പിഴയാണ്. കഴിഞ്ഞ ഓഗസ്റ്റ് 30 വരെ മാത്രം പിഴയായി 222.74 കോടി രൂപ ലഭിച്ചു. 514 കോടിയിലധികം രൂപ പിഴ ഇനത്തിൽ ഇനിയും ചെലാൻ ലഭിച്ചവർ അടക്കാനുണ്ട്.
കൂടുതൽ നിയമലംഘനങ്ങളും സീറ്റ്‌ബെൽറ്റ് ധരിക്കാത്തതാണ്. കഴിഞ്ഞ ജനുവരി ഒന്നു മുതൽ ഇക്കഴിഞ്ഞ ഒക്ടോബർ അഞ്ചുവരെ പുറപ്പെടുവിച്ച 12.39 ലക്ഷം ചെലാനുകളിൽ, 6.57 ലക്ഷം എണ്ണം ഡ്രൈവർമാർ സീറ്റ്‌ബെൽറ്റ് ധരിക്കാത്തതിനും 5.81 ലക്ഷം എണ്ണം സഹയാത്രികർ സീറ്റ്‌ബെൽറ്റ് ധരിക്കാത്തതിനുമാണ്. ഈ ഇനത്തിൽ മാത്രം 62 കോടിയോളം രൂപ പിഴയായി ലഭിക്കേണ്ടതുണ്ട്. 2024-ൽ ആകെ 25.73 ലക്ഷം സീറ്റ്‌ബെൽറ്റ് നിയമലംഘനങ്ങളിലായി 129 കോടി രൂപയുടെ പിഴയാണ് കണക്കാക്കിയിരിക്കുന്നത്.
2023 ജൂൺ മുതലാണ് ഗതാഗത നിയമലംഘനങ്ങൾക്ക് എ.ഐ കാമറകൾ പിഴ ചുമത്തിത്തുടങ്ങിയത്. 232 കോടി രൂപ ചെലവിൽ കേരളത്തിലെ നിരത്തുകളിൽ 732 എ.ഐ കാമറകളാണ് സ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."